പ്രപഞ്ചത്തിന്റെ തുടക്കകാലത്തെപ്പറ്റി സൂചനകൾ നല്കുന്ന ഒരു തരംഗസന്ദേശം അതിവിദൂരതയിൽനിന്ന് അടുത്തിടെ നമുക്കു ലഭിച്ചു. ആ തരംഗത്തെ കണ്ടത്തിയതിന്റെയും വിശകലനം ചെയ്തതിന്റെയും അതു നമുക്കു പറഞ്ഞുതന്ന കാര്യങ്ങളുടെയും കഥ ലളിതമായി പറയുന്നു.

0:00 0:00
0:00

ഏകദേശം 1300 കോടി കൊല്ലം പിന്നിൽനിന്ന് ഒരു ‘സന്ദേശം’! പല വിവരങ്ങളും പറഞ്ഞുതരാൻ പറ്റുന്ന ഒന്ന്. നമ്മൾ വിക്ഷേപിച്ച ഒരു ഉപഗ്രഹത്തിനാണതു കിട്ടിയത്. എന്നുവച്ചാൽ, നമ്മൾ മനുഷ്യർക്ക്.

സന്ദേശം എന്നു പറഞ്ഞാൽ ഒരു വൈദ്യുതകാന്തിക സിഗ്നൽ. പത്തു സെക്കൻഡ് നീളമുള്ളത്. ഏലിയൻ സിനിമകളിലെപ്പോലെ ഏതെങ്കിലും ജീവി അയച്ചതല്ല. നമ്മുടെ പ്രപഞ്ചംതന്നെ അയച്ചതാണ്. ഏതാണ്ട് 1380 കോടി കൊല്ലം പ്രായമുള്ള പ്രപഞ്ചം അതിന് 70 കോടിയോളം കൊല്ലം മാത്രം പ്രായമുള്ളപ്പോൾ അയച്ചത്.

കഴിഞ്ഞ (2025) മാർച്ച് 14-നാണ് സ്വോം (SVOM) എന്ന ചുരുക്കപ്പേരുള്ള ‘സ്പേസ് വേരിയബ്‌ൾ ഓബ്ജെക്റ്റ് മോനിട്ടർ’ എന്ന ഉപഗ്രഹമാണ് ഈ സിഗ്നൽ ശ്രദ്ധിക്കുന്നത്. കൃത്യമായി പറഞ്ഞാൽ, ആ ഉപഗ്രഹത്തിലെ ‘എക്ലയേഴ്സ്’ (ECLAIRs) എന്ന ടെലിസ്കോപ്പും ‘ഗാമാ റേ ബേഴ്‌സ്റ്റ് മോനിറ്റർ’ (GRM) എന്ന ഉപകരണവും. ഈ ഉപകരണങ്ങൾ പ്രപഞ്ചത്തിൽ ഉണ്ടാകുന്ന ശക്തമായ ഗാമാ വികിരണങ്ങൾ കണ്ടെത്താനും അതു വന്ന സ്ഥലം മനസിലാക്കാനും ഉള്ളതാണ്.

image-1

സ്വോം ഉപഗ്രഹവും അതിലെ വിവിധ ഘടകങ്ങളും https://www.svom.eu

ഈ ഉപകരണങ്ങളിൽ ഗാമാ വികിരണം പതിഞ്ഞയുടൻ ഉപഗ്രഹം ഉണർന്നുപ്രവർത്തിച്ചു. അതിലെ ‘മൈക്രോ ചാനൽ എക്സ്‌-റേ (MRX) ടെലിസ്കോപ്പും’ ദൃശ്യപ്രകാശം സ്വീകരിക്കുന്ന ‘വിസിബ്‌ൾ ടെലിസ്കോപ്പും’ (VT) ആ ഭാഗത്തേക്കു തിരിച്ചു. അതേ സ്ഥലത്തുനിന്ന് എത്തുന്ന എക്സ്‌-റേ, പ്രകാശ വികിരണങ്ങൾ നിരീക്ഷിക്കാനായിരുന്നു ഇത്.

കോർഡിനേറ്റഡ് യൂണിവേഴ്സൽ ടൈം (UTC) 12:56-നാണ് സോമിലെ എക്ലയേഴ്സ് ഈ സിഗ്നൽ കണ്ട് ജാഗ്രതാസന്ദേശം നല്കുന്നത്. തുടർന്ന് 13:7-ന് സ്വോമിലെ ജി‌ആർ‌എം അതു സ്ഥിരീകരിച്ചു. ഈ ഉപഗ്രഹം നല്കുന്ന വിവരങ്ങൾ നിരീക്ഷിക്കുന്ന സംഘം 16 മിനിറ്റിനകം ഇക്കാര്യം ലോകമെമ്പാടും ഈ വിഷയമേഖലയിൽ ഗവേഷണം നടത്തുന്ന സമൂഹത്തെയാകെ സർക്കുലറിലൂടെ അറിയിച്ചു. അതാണ് ബഹിരാകാശഗവേഷണരംഗത്തെ രീതി. എന്തിനാണെന്നോ? ആദ്യമെത്തുന്ന വേഗമേറിയ ഇനം വികിരണങ്ങൾ കിട്ടിയാൽ, ആ വികിരണം പുറപ്പെട്ട സ്രോതസിൽനിന്നുള്ള വികിരണങ്ങൾ മറ്റുള്ളവർക്കും നിരീക്ഷിക്കാൻ. അവയെ സ്വീകരിക്കാൻ ബഹിരാകാശത്തും ഭൂമിയിലുമുള്ള പലതരം ടെലിസ്കോപ്പുകളെ സജ്ജമാക്കണം.

അങ്ങനെ, നീൽ ജേൾസ് സ്വിഫ്റ്റ് (Neil Gehrels Swift) സ്പേസ് ഒബ്സർവേറ്ററി, ഐൻസ്റ്റൈൻ പ്രോബ് സാറ്റലൈറ്റ്, നോർഡിക് ഒപ്റ്റിക്കൽ ടെലിസ്കോപ് (NOT), വെരി ലാർജ് ടെലിസ്കോപ് (VLT), ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ് (JWST) തുടങ്ങിയവയെല്ലാം അത്തരം സിഗ്നലുകൾ കണ്ടെത്തി. അതോടെ കാര്യം സ്ഥിരീകരിച്ചു – പ്രപഞ്ചത്തിന്റെ കുഞ്ഞുന്നാളിൽ ആ ഭാഗത്ത് ഒരു സ്ഫോടനം സംഭവിച്ചിരിക്കുന്നു!

പണ്ടുപണ്ട് അങ്ങു ദൂരെ…!

ചൈനയും ഫ്രാൻസും ചേർന്നു നിർമ്മിച്ചു വിക്ഷേപിച്ച ‘സ്വോം’ ഉപഗ്രഹം പ്രപഞ്ചത്തിൽ സംഭവിക്കുന്ന വലിയ സ്ഫോടനങ്ങൾ കണ്ടെത്താനുള്ളതാണ്. ശക്തമായ പ്രപഞ്ചസ്ഫോടനങ്ങളിൽനിന്ന് പലപ്പോഴും ശക്തിയേറിയ ഗാമാ വികിരണങ്ങൾ പ്രസരിക്കും. അവയെ സ്വോം കണ്ടെത്തും. അങ്ങനെയൊന്ന് അവർ 2025 മാർച്ച് 14-ന് കണ്ടെത്തി. ആ തീയതിയെ സൂചിപ്പിച്ചു കൊണ്ട് അവർ അതിന് ‘GRB 250314A’ എന്നു പേരിട്ടു. GRB എന്നാൽ ‘gamma-ray burst’ (ഗാമാ രശ്മികളുടെ പൊട്ടിത്തെറി പോലുള്ള ആളൽ) എന്നർത്ഥം.

വിശദമായ പഠനങ്ങളിൽ നിന്നും ഇത് ഏതാണ്ട് 1300 കോടി വർഷം മുമ്പ് യാത്രയാരംഭിച്ച സിഗ്നൽ ആണെന്നു മനസ്സിലായി. അവിടുന്നു ഏറെ ദൂരം സഞ്ചരിച്ച് ഇപ്പോൾ നമ്മുടെയടുത്ത് എത്തിയതാണ്.

നമ്മുടെ പ്രപഞ്ചം ഇന്നത്തെ തരത്തിൽ രൂപംകൊള്ളാൻ തുടങ്ങിയത് 1380 കോടി കൊല്ലം മുമ്പാണെന്നാണ് ശാസ്ത്രജ്ഞർ നിർണ്ണയിച്ചിരിക്കുന്നത്. അതുകൊണ്ടാണു തുടക്കത്തിൽ പറഞ്ഞത്, നാം പുതുതായി കണ്ട സിഗ്നൽ പ്രപഞ്ചത്തിന്റെ ബാല്യകാലത്തേതാണെന്ന്.

image-2

പ്രപഞ്ചത്തിന്റെ ആദ്യനാളുകളുടെ വിശദമായ ചിത്രീകരണം. ഇതിൽ 1 billion എന്ന് അടയാളപ്പെടുത്തിയിരിക്കുന്നതിനു മുമ്പുള്ള കാലത്തുനിന്നുള്ളതാണ് GRB 250314A സിഗ്നൽ. irfu.cea.fr

Tags

About the Author

ഡോ. ടി എസ് പ്രീത

പത്രാധിപസമിതി

അഭിപ്രായങ്ങൾ (0)

അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ദയവായി .
ആദ്യമായി ഒരു അഭിപ്രായം രേഖപ്പെടുത്തൂ!