വേരുകൾ അന്വേഷിച്ചാൽ തെളിച്ചം കിട്ടും
ദീപക് പി.
ക്വീൻസ് സർവ്വകലാശാല ബെൽഫാസ്റ്റ്, യു കെ
deepaksp@acm.org
+919945210682
ഒട്ടും അതിശയോക്തിയില്ലാതെ തന്നെ പറയാം, ഇന്ന് നമ്മുടെ സമൂഹത്തിൽ സാങ്കേതികവിദ്യകളെ അരാഷ്ട്രീയമായി കാണാനുള്ള ഒരു പ്രവണതയുണ്ട്. സാങ്കേതികവിദ്യകളെ ജിജ്ഞാസയിലും പ്രതിഭയിലും ആഴ്ന്നിറങ്ങിനിന്ന ചില വ്യക്തികളുടെ ശ്രമഫലമായി കാണാൻ പലർക്കും വലിയ താത്പര്യമാണ്. ഓരോ സാങ്കേതികവിദ്യയുടെയും ചരിത്രത്തിൽ ഏതാനും ചില സംഭവങ്ങൾക്കും വ്യക്തികൾക്കും നാം വലിയ പ്രാധാന്യം നൽകുന്ന വിവരണങ്ങളിലേക്കാണ് അത് നയിക്കുന്നത്. ഇത്തരം ആഖ്യാനങ്ങൾ സാങ്കേതികവിദ്യകളുടെ സാമൂഹിക-രാഷ്ട്രീയ ഉള്ളടക്കങ്ങളിലേക്ക് കണ്ണോടിക്കുന്നതിൽനിന്നും നമ്മെ നിരുത്സാഹപ്പെടുത്തുന്നു. ഏതൊരു സാങ്കേതികവിദ്യയുടെ ഉത്ഭവത്തിലും വളർച്ചയിലും പ്രയോഗത്തിലും നിശ്ചയമായും സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ഘടകങ്ങളുണ്ട്. വ്യക്തികളുടെ കർതൃത്വത്തെ വിലകുറച്ചുകാണാതെ തന്നെ സമൂഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും കർതൃത്വം ഓരോ സാങ്കേതികവിദ്യയുടെ ചരിത്രത്തിലും കാണാൻ സാധിക്കേണ്ടതാണ്.
സാങ്കേതികവിദ്യകളുടെ ചരിത്രം ചികഞ്ഞുപോകുന്നതിൽ കാര്യമുണ്ടോ എന്ന് ചില വായനക്കാരെങ്കിലും ചിന്തിക്കുന്നുണ്ടാവും. കഴിഞ്ഞുപോയ കാര്യങ്ങളേക്കാൾ ഭാവിയിലേക്ക് നോക്കുന്നതാണ് നല്ലത് എന്നൊരു ചിന്ത നമുക്കിടയിലുണ്ട്, അതിൽ കാര്യമുണ്ടുതാനും. പക്ഷെ, ചരിത്രത്തിലൂടെ കണ്ണോടിക്കുന്നത് ഭാവിയിലേക്കുള്ള നമ്മുടെ നോട്ടത്തിന് കൂടുതൽ വ്യക്തത കൊണ്ടുവരുമെങ്കിലോ? ഭാവിയെക്കുറിച്ചുള്ള ആലോചനകൾക്ക് കൂടുതൽ തെളിച്ചം നൽകുന്ന രീതിയിൽ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കണമെങ്കിൽ അത് ആ രീതിയിൽ നോക്കണം. വ്യക്തികൾക്കും സംഭവങ്ങൾക്കും പ്രാധാന്യം നൽകുന്നതിനേക്കാൾ ഓരോ സാങ്കേതികവിദ്യയുടെയും ഉത്ഭവത്തിൽ, അവയുടെ വേരുകളിൽ, അന്നത്തെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങളുടെ പങ്കുമനസ്സിലാക്കുകയെന്നതാണ് അതിനുള്ള ഒരു വഴി. അത്തരം വായനകൾക്ക് ബദലുകളിലേക്കുള്ള ചൂണ്ടുപലകയാകാനും സ്വാഭാവികമായ ശേഷിയുണ്ട്.
നിർമ്മിതബുദ്ധി എന്ന സാങ്കേതികവിദ്യയുടെ ഉത്ഭവത്തെ അത്തരം ചരിത്രപരമായ വിശകലനങ്ങൾക്ക് കാര്യമായരീതിയിൽ വിധേയമാക്കിയതായി നമുക്ക് കാണാൻ സാധിക്കില്ല. നിർമ്മിതബുദ്ധിയുടെ ഭാവിയെക്കുറിച്ചുള്ള ആവേശം നിറഞ്ഞ ആഖ്യാനങ്ങളും ഭയപ്പെടുത്തുന്ന പ്രവചനങ്ങളും ഒരേസമയം പൊതുമണ്ഡലത്തിൽ നിറയുന്ന ഈ കാലത്ത് ഈ സാങ്കേതികവിദ്യയുടെ ഉത്ഭവത്തിലേക്ക് നയിച്ച സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ഘടകങ്ങൾ തീർച്ചയായും പരിശോധിക്കപ്പെടേണ്ടതുണ്ട്. സാങ്കേതികവിദ്യകളുടെ സാമൂഹിക-സാമ്പത്തിക വേരുകൾ എന്ന വിശാലമായ പശ്ചാത്തലത്തിൽനിന്നുകൊണ്ട് നിർമ്മിതബുദ്ധിയെക്കുറിച്ചുകൂടി അന്വേഷിക്കാനാണ് ഈ ലേഖനത്തിൽ ഉദ്ദേശിക്കുന്നത്.
ചരിത്രപരമായ വിശകലനം നൽകുന്ന തെളിച്ചം
സാമൂഹിക-രാഷ്ട്രീയ ഘടകങ്ങളിലൂന്നിയുള്ള സാങ്കേതികവിദ്യകളുടെ ചരിത്ര വിശകലനം ചിന്താപരമായ തെളിച്ചം നൽകുമെന്ന് പറയുന്നത് ചിലർക്കെങ്കിലും അത്ര വിശ്വാസയോഗ്യമല്ലെന്ന് തോന്നിയിട്ടുണ്ടാവും. അതിനുള്ള ഒരു പോംവഴി അതനുഭവിച്ചറിയുകയെന്നത് തന്നെയാണ്. അതിലേക്കായി നമുക്ക് ബോറിസ് ഹെസ്സൻ എന്ന സോവിയറ്റ് ശാസ്ത്രചരിത്രകാരന്റെ വിഖ്യാതമായ ഒരു പ്രബന്ധത്തിലൂടെ കണ്ണോടിക്കാം. ‘ന്യൂട്ടന്റെ പ്രിൻസിപിയയുടെ സാമൂഹിക സാമ്പത്തിക വേരുകൾ’ എന്ന ശീർഷകം പേറുന്ന ഹെസ്സൺന്റെ 1931ലെ പ്രബന്ധം ആധുനിക ഭൗതികശാസ്ത്രസാങ്കേതികവിദ്യകളുടെ ഉത്ഭവത്തിന്റെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം വർണ്ണിക്കുന്നു.
Boris Hessen
ന്യൂട്ടന്റെ ഭൗതികശാസ്ത്ര അന്വേഷണങ്ങൾ അദ്ദേഹം ജീവിച്ച 17-18 നൂറ്റാണ്ടുകളിലായിട്ടായിരുന്നല്ലോ നടന്നിരുന്നത്. അത് ഭൗതികശാസ്ത്രത്തിൽ വലിയ കണ്ടുപിടിത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു കാലഘട്ടമാണ്. ആ കാലം ചരിത്രത്തിൽ മറ്റൊരു രീതിയിൽ കൂടി അടയാളപ്പെടുത്തിയിട്ടുണ്ട് എന്ന് ഹെസ്സൺ ചൂണ്ടിക്കാട്ടുന്നു. ജന്മിത്തവ്യവസ്ഥയുടെ ശിഥിലീകരണവും വ്യാപാരമൂലധനത്തിന്റെ ആവിർഭാവവും ദീർഘദൂര സമുദ്രസഞ്ചാരത്തിന്റെ വളർച്ചയും ദ്രുതഗതിയിലുള്ള മുതലാളിത്തവ്യവസായവൽക്കരണവും എല്ലാം ഈ ഘട്ടത്തിൽ സംഭവിക്കുന്നുണ്ട്. ഇവയുടെ തുടർച്ചയായിട്ടാണ് കോളനിവൽക്കരണയുഗവും മുതലാളിത്തയുഗവും 18-19 നൂറ്റാണ്ടുകളിലായി നമ്മുടെ മുന്നിലേക്കെത്തുന്നത്.
17-18 നൂറ്റാണ്ടുകളിലെ സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങൾ ഉയർത്തുന്ന ആവശ്യങ്ങളാണ് തുടർന്ന് ഹെസ്സൺ പരിശോധിക്കുന്നത്. ജന്മിത്തവ്യവസ്ഥയിൽ തന്റെ അടിയന്മാരെക്കൊണ്ട് ജന്മി ചരക്കുൽപ്പാദിപ്പിക്കുന്നത് കൈമാറ്റം ചെയ്തു കാശുണ്ടാക്കാനല്ല, മറിച്ചു പ്രാദേശികമായ ഉപഭോഗാവശ്യങ്ങൾക്കനുസരിച്ചാണ്. ഏറ്റവും കുറവ് അധ്വാനം കൊണ്ട് ഏറ്റവും കൂടുതൽ ചരക്കുൽപ്പാദിപ്പിക്കാനായിട്ടുള്ള പ്രേരണയുമായി ബന്ധപ്പെട്ട തൊഴിൽ വിഭജനം അതുകൊണ്ടുതന്നെ ജന്മിത്തത്തിൽ അത്ര പ്രബലവുമല്ല. ചരക്കുകൾ ദൂരദേശങ്ങളിലേക്ക് വഹിച്ചുകൊണ്ടുപോവേണ്ടതിന്റെ ആവശ്യവും അതിനാൽ പരിമിതമായിരുന്നു. ഹെസ്സൺ പതിനാലാം നൂറ്റാണ്ടിലെ നിരത്തുകളുടെ വീതിയെ സംബന്ധിച്ചുള്ള ഒരു രസകരമായ മാനദണ്ഡം ഉദ്ധരിക്കുന്നുണ്ട്: നവവധുവിന് എതിർദിശയിൽ വരുന്ന ശവമഞ്ചത്തെ തൊടാതെ യാത്രചെയ്യാൻ സാധിക്കുന്ന വീതി നിരത്തുകൾക്കുണ്ടായിരിക്കണം. ചരക്കുഗതാഗത്തിനുള്ള സൗകര്യം എന്നത് ജന്മിത്തത്തിൽ ഒരു പ്രധാനപരിഗണനയായിരുന്നില്ല എന്നുവായിക്കാം.
ജന്മിത്തം ശിഥിലീകരിച്ചു മുതലാളിത്തം ഉരുത്തിരിയുന്ന കാലത്ത് മുതലാളിത്തത്തിന്റെ ലാഭലക്ഷ്യങ്ങൾ രംഗപ്രവേശം ചെയ്യുന്നു. അതിലേക്കായി ഏറ്റവും കാര്യക്ഷമമായി ഉൽപാദനം ക്രമീകരിക്കേണ്ടതുണ്ട്. തൊഴിൽ വിഭജനവും അതിലൂടെ വ്യാപകമാവുന്നു. തൊഴിൽ വിഭജനം ഗ്രാമങ്ങൾ തമ്മിലും നടപ്പിലാവുന്നു, ചില ഗ്രാമങ്ങളിൽ ഉൽപാദനത്തിന്റെ ചില ഘട്ടങ്ങൾ മാത്രം നിർവഹിക്കുന്നതിലേക്ക് അത് നയിക്കുന്നു. അങ്ങനെ വരുമ്പോൾ അസംസ്കൃതവസ്തുക്കളും ഭാഗികമായി നിർമ്മിക്കപ്പെട്ട ചരക്കുകളും വിപണിയിലേക്കായി തയ്യാറായ ഉൽപന്നങ്ങളുമെല്ലാം ഗ്രാമങ്ങളും പട്ടണങ്ങളും കടന്നുയാത്രചെയ്യേണ്ടതായി വരുന്നു. ദേശദേശാന്തരങ്ങൾ കടന്നുള്ള വസ്തുക്കളുടെ യാത്രയുടെ തോത് വർദ്ധിച്ചത് 19ആം നൂറ്റാണ്ടിലെ ഇന്ത്യയുടെ കൊളോണിയൽ ചരിത്രം പഠിച്ചാൽ നമുക്ക് മനസ്സിലാക്കാം. ഇന്ത്യയിൽനിന്ന് ബ്രിട്ടനിലെ ഉപഭോഗത്തിനായി പരുത്തി മുതൽ സുഗന്ധവ്യഞ്ജനങ്ങൾ വരെ ആയിരക്കണക്കിന് കിലോമീറ്ററുകൾ കൊണ്ടുപോയിരുന്നല്ലോ. തിരിഞ്ഞുനോക്കുമ്പോൾ, ഇത്തരം ദേശാന്തരസമുദ്രയാത്രയ്ക്കായിട്ടുള്ള സാങ്കേതികവിദ്യകളുടെ ആവശ്യം 17-18 നൂറ്റാണ്ടുകളിൽ ഉരുത്തിരിയുന്നത് സാങ്കേതികപര്യവേഷണങ്ങളെ ആ ദിശയിലേക്ക് ചലിപ്പിച്ചിരിക്കണം.
[ഇവിടെ ചേർക്കാനുള്ള ചിത്രത്തിനുള്ള ആശയം: കപ്പലുകൾ കടലുകളിൽ സഞ്ചരിക്കുന്നു]
ഈ കാലഘട്ടത്തിൽ ഉയർന്നുവരുന്ന ആവശ്യങ്ങളെക്കുറിച്ചുള്ള ഹെസ്സന്റെ പരാമർശങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. സമുദ്രചാരക്കുഗതാഗതത്തിന്റെ ആവിർഭാവം കപ്പലുകളുടെ സംഭരണശേഷിയും വേഗതയും വർദ്ധിപ്പിക്കുന്നത്തിനുള്ള പ്രേരണയായി. കപ്പലുകളുടെ ഫ്ലോട്ടിങ് മെച്ചപ്പെടുത്തേണ്ടതും അവയുടെ കുലുക്കം കുറയ്‌ക്കേണ്ടതും അനിവാര്യമായി വന്നു. കപ്പലുകൾ മറിഞ്ഞാൽ വലിയ നഷ്ടമാവും ഫലം. ഇതിലേക്കൊക്കെയായി കപ്പലുകളുടെ ഫ്ലോട്ടിങ് ശേഷിയെ നിർണ്ണയിക്കുന്ന ഘടകങ്ങൾ മനസ്സിലാക്കേണ്ടതായിട്ടുണ്ട് - അതായത് ഹൈഡ്രോസ്റ്റാറ്റിക്‌സ് എന്ന വൈജ്ഞാനികമേഖല പുഷ്ടിപ്പെടണം. കപ്പലിന് ഏറ്റവും വേഗത്തിൽ വെള്ളത്തിലൂടെ സഞ്ചരിക്കണമെങ്കിൽ ഹൈഡ്രോഡയനാമിക്‌സ് വിജ്ഞാനവും അനിവാര്യമാണ്. കുലുക്കത്തിൽ കപ്പൽ മുങ്ങാതിരിക്കണമെങ്കിൽ നമുക്ക് മെക്കാനിക്സ് മനസ്സിലാക്കേണ്ടതുണ്ട്. ഇനി കപ്പലിന്റെ സഞ്ചാരപഥം ഏറ്റവും കാര്യക്ഷമമായി നിർണ്ണയിക്കുകയും അവ പാലിക്കുകയും ചെയ്യണമെങ്കിൽ ക്രോണോമീറ്ററും മറ്റുമെല്ലാം വേണം.
മേൽപറഞ്ഞപോലെയുള്ള ആവശ്യങ്ങൾ വരുമ്പോൾ, പ്രത്യേകിച്ചും മുതലാളിത്തത്തിൽ അവ ലാഭലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുമ്പോൾ, സ്വാഭാവികമായും അതിലേക്കുള്ള പര്യവേഷണങ്ങളും വർദ്ധിക്കും. അങ്ങനെ ആ കാലഘട്ടത്തിലെ സാമ്പത്തിക-രാഷ്ട്രീയ സമസ്യകളുമായി ബന്ധപ്പെട്ടാണ് അപ്പോഴുണ്ടായ ഭൗതികശാസ്ത്രവികാസത്തെ വായിക്കേണ്ടത് എന്നതാണ് ഹെസ്സൺ പറഞ്ഞുവെയ്ക്കുന്നത്. വ്യക്തികൾക്കും സംഭവങ്ങൾക്കും പ്രാധാന്യം കൽപ്പിക്കുന്ന ആഖ്യാനങ്ങളെ ഈ ഒരു സാമ്പത്തിക-സാമൂഹിക പശ്ചാത്തലത്തിൽ വിശാലമായി വിലയിരുത്തുമ്പോൾ കൂടുതൽ തെളിച്ചം തോന്നേണ്ടതാണ്.
ചരിത്രം മറ്റൊരുരീതിയിലായിരുന്നു സഞ്ചരിച്ചതിരുന്നതെങ്കിൽ കഥയും മറ്റൊന്നായേനേ എന്നും കാണണം. മുതലാളിത്തം താരതമ്യേന വിഭവശേഷി കുറവുള്ള തണുപ്പുള്ള ബ്രിട്ടണിൽ വികസിച്ചതിന്റെ കൂടി പശ്ചാത്തലത്തിലാണ് നാവികശേഷിക്ക് ഇത്രയും പ്രാധാന്യം ലഭിക്കുന്നത്, ധാരാളം അസംസ്കൃതവസ്തുക്കൾ ദൂരദേശങ്ങളിൽനിന്ന് കൊണ്ടുവരേണ്ടതുണ്ടല്ലോ. പകരം മുതലാളിത്തം വികസിച്ചത് ഏറ്റവുമധികം വിഭവശേഷിയുള്ള ആഫ്രിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലായിരുന്നെങ്കിൽ ഒരുപക്ഷെ നാവികശേഷിക്ക് പകരം മറ്റൊന്നിലേക്കായിരിക്കയിരുന്നിരിക്കും ശ്രദ്ധ തിരിഞ്ഞിട്ടുണ്ടാവുക. ഒരുപക്ഷെ ആഫ്രിക്കയിൽ സുലഭമായ ധാതുക്കൾ കൊണ്ടുള്ള ഊർജ്ജസംഭരണസാങ്കേതികവിദ്യകൾക്കാവാം കൂടുതൽ പ്രാമുഖ്യം ലഭിച്ചിട്ടുണ്ടാവുക. മറ്റൊരുകൂട്ടം മുന്നേറ്റങ്ങളെയും പ്രതിഭകളെയും ആവും നാമിന്ന് ആഘോഷിക്കുന്നുണ്ടാവുക. ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥയാണ് നാം മുന്നിൽകാണുന്നതെങ്കിൽ അതിനായി വേറിട്ടെങ്ങനെ ചിന്തിക്കണമെന്നും ഹെസ്സന്റെ ചിന്തായാത്ര നമുക്ക് മുന്നിൽ തുറന്നുകാട്ടും.
നിർമ്മിതബുദ്ധിയുടെ സാമൂഹിക-സാമ്പത്തിക വേരുകൾ
നിർമ്മിതബുദ്ധിയെക്കുറിച്ചുള്ള ആലോചനയുടെ ഉത്ഭവം നാമിന്ന് പലപ്പോഴും അടയാളപ്പെടുത്തുന്നത് 1950കളിലെ രണ്ടു സന്ദർഭങ്ങളെ കേന്ദ്രീകരിച്ചാണ്. ഒന്ന് ട്യൂറിംഗ് 1950ൽ പ്രസിദ്ധീകരിച്ച ‘കമ്പ്യൂട്ടിങ് യന്ത്രങ്ങളും ബുദ്ധിയും’ എന്ന ഒരു പ്രബന്ധം. അത് തുടങ്ങുന്നത് തന്നെ ‘യന്ത്രങ്ങൾക്ക് ചിന്തിക്കാനാകുമോ?’ എന്ന ഒരു ചോദ്യത്തോടുകൂടിയാണ്. രണ്ട് 1956ൽ അരങ്ങേറിയ ദാർത്മൗത് ശില്പശാലയിലെ ആലോചനകൾ. ഇതിൽ മക്കാർത്തി, മിൻസ്കി എന്നൊക്കെയുള്ള പേരുകളുമുണ്ട്. ഇവരുടെയും പിന്നീട് വന്ന ഹിന്റൺ, ഹോപ്ഫീൽഡ്, ലേക്കൂൺ എന്നിവരുടെ പേരുകളും നാം പറഞ്ഞുകേൾക്കാറുണ്ട്. 1955ൽ മക്കാർത്തി ഈ ഒരു ശിൽപശാല സംഘടിപ്പിച്ചില്ലായിരുന്നെങ്കിൽ ചരിത്രം മറ്റൊന്നായേനേ എന്ന് പറയാൻ ഇന്ന് നിർമ്മിതബുദ്ധിയുടെ ചരിത്രമെഴുത്തുകാർക്ക് വലിയ ഉത്സാഹമാണ്.
Alan Turing
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലം മുതലാളിത്തത്തിന്റെ വികാസത്തിന്റെ യുഗമാണ്. ലോകമഹായുദ്ധത്തിന്റെ അലയൊലികൾ ശമിച്ചു ഭാവിയെക്കുറിച്ചു ലോകം ചിന്തിച്ചു തുടങ്ങുന്ന കാലം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ ഉരുത്തിരിഞ്ഞ ടെയ്‌ലറിസം എന്ന മുതലാളിത്തഘടനയുടെ അപ്രമാദിത്യം ഈ ഘട്ടത്തിലും ദൃശ്യമാണ്. ടെയ്‌ലറിസം എന്നാൽ നിർമ്മാണപ്രവർത്തനത്തിന്റെ ശാസ്ത്രീയപരിപാലനം എന്ന ആശയമാണ്. സൈദ്ധാന്തികമായി ഇതിനെ വർണ്ണിക്കുന്നതിലും എളുപ്പം ആ കാലത്തെ നിർമ്മാണത്തിന്റെ മുഖമുദ്രയായിരുന്ന അസംബ്ലി ലൈൻ എന്ന നിർമ്മാണരീതി മനസ്സിലാക്കുന്നതാണ്. ഒരു കൺവെയർ ബെൽറ്റിന് മുമ്പിൽ സ്ഥാനം പിടിക്കുന്ന തൊഴിലാളിയാണ് അസംബ്ലി ലൈനിന്റെ ഒരു ചിഹ്നം എന്നുപറയാം. അയാൾ തനിക്ക് മുന്നിലേക്ക് ഭാഗികമായി തയ്യാറായ ഒരു ഉൽപന്നത്തിൽ ഒരു ചെറിയ പ്രവൃത്തി ചെയ്യുന്നു. അതിപ്പോൾ ഒരു സ്ക്രൂ ഘടിപ്പിക്കുന്നതോ അതല്ലെങ്കിൽ രണ്ടു ഭാഗങ്ങൾ തമ്മിൽ ചേർക്കുന്നതോ ആവാം. അതുകഴിയുമ്പോൾ ബെൽറ്റ് മുന്നോട്ട് നീങ്ങി അടുത്ത സാധനം അയാളുടെ മുന്നിലേക്കെത്തുന്നു. അതിലും അയാൾ അതേ കാര്യം ചെയ്യുന്നു. ഇങ്ങനെ നിരന്തരം ഒരേ പ്രവൃത്തിയിലേർപ്പെടുന്ന നിരവധി തൊഴിലാളികളുടെ നിരയാണ് അസംബ്ലി ലൈൻ. ഈ തൊഴിലിന്റെ വിരസത ചാർളി ചാപ്ലിൻ സിനിമയിൽ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ മറ്റൊരു തരം തൊഴിലാളികളും ടെയ്‌ലറിസത്തിലുണ്ട്. അവരാണ് അസംബ്ലി ലൈൻ പോലെയുള്ള ഘടന ആസൂത്രണം ചെയ്യുന്നത്, പരിപാലിക്കുന്നതും മെച്ചപ്പെടുത്തുന്നതും അവർ തന്നെ. ഒരുരീതിയിൽ പറഞ്ഞാൽ അവർ ഒരുതരം ഉപരി തൊഴിലാളികളാണ്, ബുദ്ധികൊണ്ട് പണിയെടുക്കുന്നവർ. അസംബ്ലി ലൈനിൽ നിൽക്കുന്ന തൊഴിലാളികളാവട്ടെ ആവർത്തനവിരസതയുള്ള പണി ചെയ്യാൻ നിയോഗിക്കപ്പെട്ടവർ.
ടെയ്‌ലറിസത്തെക്കുറിച്ചുള്ള വിമർശനാത്മക വിശകലനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഹാരി ബ്രാവർമാൻ എന്ന അമേരിക്കൻ തൊഴിലാളി കുറെയേറെ ദശാബ്ദങ്ങൾക്കുശേഷം 1974ഇൽ എഴുതിയ പുസ്തകമാണ്. അതിലദ്ദേഹം ടെയ്‌ലറിസ്റ്റ് നിർമ്മാണപ്രവർത്തനത്തിലെ ആസൂത്രണം-നിർവ്വഹണം എന്ന വിച്ഛേദം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. മുതലാളിത്തത്തിന് ഓരോ ഘട്ടത്തിലും നിർമ്മാണത്തെ കൂടുതൽ കാര്യക്ഷമമാക്കി ലാഭം വർദ്ധിപ്പിച്ചു മുന്നോട്ടുപോയേ പറ്റൂ, അതിനായി ടെയ്‌ലറിസം നടപ്പിലാക്കിയ വഴികളൊന്നാണ് നിർമ്മാണപ്രക്രിയയെ ബുദ്ധിപരമായ ആസൂത്രണവും ആവർത്തനപരമായ നിർവ്വഹണവും ആയി രണ്ടുഘട്ടങ്ങളായിട്ടുള്ള വിഭജനം. ടെയ്‌ലറിസത്തിൽ കുടുങ്ങിക്കിടക്കുന്ന മുതലാളിത്തത്തിന് മുന്നിൽ ‘ഇനിയെന്ത്’ എന്ന സമസ്യ ഉടലെടുക്കുന്ന കാലം കൂടിയാവണം 1940കൾ.
1940കളുടെ കാലത്തെ ആലോചനകൾ ‘ടെയ്‌ലറിസം ട്രാൻസ്‌ഫോംഡ്’ എന്ന ഗ്രൻഥത്തിൽ സ്റ്റീഫൻ വാറിംഗ് അടയാളപ്പെടുത്തുന്നത് ഉൾക്കാഴ്ച നൽകുന്നതാണ്. രാവിലെ മുതൽ വൈകുന്നേരം വരെ ഒരേ കാര്യം ആവർത്തിച്ചുചെയ്യേണ്ടിവരുന്ന തൊഴിലാളികളുടെയിടയിൽ അസംതൃപ്തി തിളച്ചുമറിഞ്ഞിരുന്നു. തൊഴിലാളികൾക്കിടയിൽ ടെയ്‌ലറിസ്റ്റ് നിർമ്മാണവ്യവസ്ഥയോടുള്ള വലിയ പ്രതിഷേധം ഉടലെടുക്കാനുള്ള ഒരു സാഹചര്യം ഉരുത്തിരിയുന്നത് വ്യക്തം. തൊഴിലാളികളെ നിരീക്ഷിക്കുന്ന മാനേജർമാർക്കുനേരെ തൊഴിലാളികളുടെ അസംതൃപ്തി നേരിട്ടും പരോക്ഷമായും തലപൊക്കുന്നു. ഇത്തരം നിരവധി പ്രതിസന്ധികളെ ആകെച്ചേർത്ത് എൽട്ടൻ മായോ എന്ന നിരീക്ഷകൻ ‘നടത്തിപ്പിന്റെ സമസ്യ’ (problem of administration എന്നതിന്റെ ഏകദേശ പരിഭാഷ) എന്ന് അടയാളപ്പെടുത്തുന്നുണ്ട്. ടെയ്‌ലറിസം അതേരീതിയിൽ അധികം മുന്നോട്ടുപോവില്ല എന്നുവ്യക്തമാകുന്നതായി നമുക്ക് കാണാം. ആസൂത്രണം-നിർവ്വഹണം എന്നീ ഘട്ടങ്ങളെടുത്താൽ നിർവഹണഘട്ടത്തിൽ കാര്യക്ഷമത വർദ്ധിപ്പിക്കാനുള്ള ഇടം വളരെ കുറവാണല്ലോ. ആസൂത്രണം തന്നെയാവണം അടുത്ത പരിവർത്തനത്തിന് ലക്ഷ്യമിടേണ്ടത് എന്നും അതിൽനിന്ന് വായിക്കാം.
ആസൂത്രണത്തിന്റെ സ്വഭാവം എന്താണെന്ന് നമുക്ക് ആലോചിക്കാവുന്നതാണ്. കൃത്യമായും ബുദ്ധിസാന്ദ്രമായ ഒരു പ്രവൃത്തിയായിട്ടുതന്നെയാണ് ആസൂത്രണം നിലകൊള്ളുന്നത്. ആസൂത്രണഘട്ടത്തെ യന്ത്രവൽക്കരണത്തിന് വിധേയമാക്കണമെങ്കിൽ ആ യന്ത്രത്തിന് - ഒരു ലളിതയുക്തിയിൽ നോക്കിയാൽ - ‘ബുദ്ധി’യുണ്ടാവണം. ടെയ്‌ലറിസ്റ്റ് മുതലാളിത്തത്തിന്റെ അസ്വസ്ഥത വിരൽചൂണ്ടുന്നത് ‘ബുദ്ധിയുടെ യന്ത്രവൽക്കരണം’ എന്ന ആശയത്തിലേക്കാണെന്ന് വായിക്കാം, അത് എളുപ്പത്തിൽ സാധ്യമാണോ എന്നതിലൊക്കെ ചോദ്യമുണ്ടാവാം, പക്ഷെ അന്നത്തെ അന്തരീക്ഷത്തിൽ ഈ ചോദ്യമുണ്ട്. ട്യൂറിംഗ് ചോദിച്ച ചോദ്യം ‘യന്ത്രങ്ങൾക്ക് ചിന്തിക്കാനാവുമോ?’ എന്നതാണ് - അത് ടെയ്‌ലറിസ്റ്റ് സമസ്യയോട് ചേർത്ത് വായിച്ചാൽ, അവയുടെ ഉള്ളടക്കങ്ങൾ തമ്മിലുള്ള ഇണക്കം നിരീക്ഷിച്ചാൽ, ചിത്രം കൂടുതൽ തെളിഞ്ഞു കിട്ടും.
ട്യൂറിംഗ് തന്റെ ചോദ്യത്തിനുള്ള ഉത്തരമായി മുന്നോട്ടുവെച്ചതായി വ്യാഖ്യാനിക്കപ്പെടുന്നു ഒന്നാണ് ട്യൂറിംഗ് ടെസ്റ്റ്. അത് ഒരു അനുകരണമത്സരമായിട്ടാണ് വിഭാവന ചെയ്തിട്ടുള്ളത്. ഇന്നത്തെ ലോകത്തെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടുപറയുകയാണെങ്കിൽ ഒരു വാട്ട്സപ്പ് ചാറ്റ് സങ്കൽപ്പിക്കുക. വാട്ട്സാപ്പിലൂടെ നാം സന്ദേശങ്ങളും മറുപടികളുമായി മുന്നോട്ടുപോകുന്നു. ശരിക്കും ആ ചാറ്റിന്റെ അങ്ങേത്തലയ്ക്കൽ ഒരു അൽഗോരിതവും (യന്ത്രം) പക്ഷെ നമുക്ക് സമ്പർക്കത്തിലൂടെ അത് ഒരു മനുഷ്യനാണ് എന്ന് തോന്നുകയും ചെയ്യുന്നുവെങ്കിൽ അവിടെ യന്ത്രം നമ്മെ കബളിപ്പിച്ചു എന്ന് വിലയിരുത്താം. അങ്ങനെ ഒരു അനുകരണമത്സരത്തിൽ വിജയിക്കുന്ന യന്ത്രത്തിന് ‘ബുദ്ധി’യുള്ളതായി കണക്കാക്കാം എന്നതാണ് ഇന്നത്തെ ട്യൂറിംഗ് ടെസ്റ്റ് വ്യാഖ്യാനത്തിന്റെ കാതൽ. ഈ മാനദണ്ഡത്തെ ജോസെഫ് വൈസൻബോം എന്ന നിർമ്മിതബുദ്ധി ഗവേഷകൻ കൃത്യമായി അടയാളപ്പെടുത്തുന്നത് നോക്കാം: (നിർമ്മിതബുദ്ധിയുടെ) ‘വിജയത്തിന്റെ മാനദണ്ഡം എത്ര പേരെ എത്ര തവണ പറ്റിച്ചു എന്നതാണ്’.
[ചിത്രത്തിനുള്ള ആശയം: നിർമ്മിതബുദ്ധിയെ അടയാളപ്പെടുത്തുന്ന എന്തെങ്കിലും]
ട്യൂറിംഗ് ടെസ്റ്റ് എന്ന മാനദണ്ഡത്തിലും മുതലാളിത്തത്തിന്റെ മൂല്യപ്രപഞ്ചം പ്രവർത്തിക്കുന്നതായി നമുക്ക് കാണാൻ സാധിക്കും. സാധാരണഗതിയിൽ ‘നിർമ്മിതബുദ്ധി’ എന്നതുകൊണ്ട് നാമുദ്ദേശിക്കേണ്ടത് മനുഷ്യന്റെ ബുദ്ധിയുടെ പ്രക്രിയാപരമായ അനുകരണം എന്ന നിലയ്ക്കവേണ്ടതാണ്, അതാണല്ലോ സ്വാഭാവികമായ വ്യാഖ്യാനം. എങ്ങനെ നമ്മുടെ മസ്തിഷ്‌കം പ്രവർത്തിക്കുന്നു എന്നതിലേക്കുള്ള ന്യൂറോസയൻസ്, തത്വചിന്ത, ഭാഷാശാസ്ത്രം എന്നിങ്ങനെയുള്ള പര്യവേഷണങ്ങളിലേക്കായിരിക്കും അത്തരം ആലോചനകൾ നയിക്കുക, ഗഹനവും ബഹുവിഷയിയായതുമായ ശാസ്ത്രപരവ്യവേഷണത്തിലേക്ക്. പക്ഷെ, ഇവിടെ ട്യൂറിംഗ് ഒരു മത്സരത്തിന്റെ രൂപത്തിലുള്ള മാനദണ്ഡം മുന്നോട്ടുവെയ്ക്കുമ്പോൾ രണ്ടുകാര്യങ്ങൾ ഒന്നിച്ചുനടപ്പാവുന്നു. ഒന്ന്, ബുദ്ധി എന്ന സങ്കീർണ്ണ പ്രതിഭാസത്തെ അതിന്റെ സൂക്ഷ്മാംശങ്ങളിൽ നിന്നും മാറ്റിനിർത്തി കേവലം പുറമേയ്ക്ക് ഉല്പാദിപ്പിക്കുന്ന മറുപടികളിലൂടെ വിലയിരുത്താമെന്ന ധാരണയ്ക്ക് ശക്തിപകരുന്നു. സങ്കീർണ്ണപരിഗണനകളിൽനിന്നും അളക്കാൻ പറ്റുന്ന ഒരു രീതിയിലേക്ക് യന്ത്ര ബുദ്ധിയെക്കുറിച്ചുള്ള സമസ്യയെ പറിച്ചുനടുന്നതിലൂടെ പണത്തിനും ലാഭത്തിനും പൊതുവിൽ സംഖ്യകൾക്കും പ്രാധാന്യം കൽപിക്കുന്ന മുതലാളിത്തത്തിന്റെ വരുതിയിലേക്ക് ബുദ്ധിയുടെ ആലോചനകളെ പരുവപ്പെടുത്തുന്നു. രണ്ട്, അകമേയുള്ള പ്രക്രിയയെക്കാൾ ബാഹ്യമായ പ്രകടനത്തിന് പ്രാധാന്യം നൽകുമ്പോൾ അത് യന്ത്രബുദ്ധിയുടെ ചരക്കുവൽക്കരണത്തിന് ആക്കം കൂട്ടുന്നു. മുതലാളിത്തത്തെ ഏറെ സൂക്ഷ്മതയോടെ നിരീക്ഷിച്ച മാർക്സ് തന്റെ പലകൃതികളിലൂടെയും പറയുന്ന ഒരു പ്രധാനപ്പെട്ട നിരീക്ഷണമുണ്ട്: സവിശേഷമായ ഉപയോഗമൂല്യമെന്തെന്നതിനേക്കാൾ മുതലാളിത്തത്തിന്റെ താല്പര്യം കൈമാറ്റമൂല്യം ഉറപ്പാക്കുന്നതിലാണ്. ഒരു മുതലാളിക്ക് തന്റെ ചരക്കുകൾക്ക് വിപണിയിൽ ഏറ്റവും ഉയർന്ന മൂല്യം ലഭിക്കണം എന്നതിലാണല്ലോ താൽപര്യം, ബാക്കിയെല്ലാ പരിഗണനകളും അതിനുശേഷമേ വരൂ. ട്യൂറിംഗ് യന്ത്രബുദ്ധിയുടെ ചോദ്യത്തെ ആന്തരികവും പ്രക്രിയാപരവുമായ പരിഗണനകളിൽനിന്ന് ബാഹ്യപ്രകടനത്തിലേക്ക് പറിച്ചുനടുമ്പോൾ അത് കൈമാറ്റമൂല്യത്തിൽ കണ്ണുനട്ടിരിക്കുന്ന മുതലാളിത്തത്തിന് ഏറ്റവും സൗകര്യപ്രദമാണ്.
ട്യൂറിംഗ് ടെസ്റ്റ് കൃത്രിമ ബുദ്ധിയെക്കുറിച്ചുള്ള ഗഹനമായ ശാസ്ത്രപരിഗണനകളിൽനിന്ന് മുതലാളിത്തത്തിന് അനുകൂലമായ ഒരു രൂപകൽപനയിലേക്ക് ബുദ്ധിയെക്കുറിച്ചുള്ള ആലോചനകളെ തിരിച്ചുവിട്ടു എന്ന് നമുക്ക് വ്യാഖ്യാനിക്കാവുന്നതാണ്, അതാണതിന്റെ സാമ്പത്തികവേരുകൾ അതിലേക്ക് പകർന്നുവെച്ചത്. ഇത് മുതലാളിത്തത്തിന് ഏറ്റവും സൗകര്യപ്രദമായി എന്ന് ട്യൂറിംഗ് ടെസ്റ്റിനെ കേന്ദ്രീകരിച്ചുനടന്ന എഴുനൂറ്റാണ്ടിന്റെ നിർമ്മിതബുദ്ധി പര്യവേഷണം വിരലിലെണ്ണാവുന്ന വൻകിട കമ്പനികളുടെ നിയന്ത്രണത്തിലേക്ക് നിർമ്മിതബുദ്ധിയെ എത്തിച്ച ഈ കാലത്ത് നിന്ന് നോക്കുമ്പോൾ വ്യക്തമാകേണ്ടതാണ്.
വേരുകളിലേക്കുള്ള അന്വേഷണം
ഏതൊരു സാങ്കേതികവിദ്യയെടുത്താലും അതിന്റെ ഉത്ഭവത്തിലേക്ക് നയിച്ച സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ഘടകങ്ങൾ പരിശോധിച്ചാൽ നമുക്ക് അവയെ കൂടുതൽ തെളിച്ചതോടെ കാണാനും കൂടുതൽ മെച്ചപ്പെട്ട ബദലുകൾ നിർമ്മിക്കുന്നതിനെക്കുറിച്ചു ആലോചിക്കാനും കഴിയേണ്ടതാണ്. പക്ഷെ, ലാഭലക്ഷ്യങ്ങളെ മുൻനിർത്തിയുള്ള മുതലാളിത്തത്തിനും അതിന്റെ സ്വാധീനവലയത്തിൽ നിൽക്കുന്ന ആഗോള ഗവേഷണ ഫണ്ടിംഗ് താൽപര്യങ്ങൾക്കും, ആ താൽപര്യങ്ങളെ ആശ്ലേഷിക്കുന്ന ശാസ്ത്രപ്രസിദ്ധീകരണമേഖലയ്ക്കും അതിലൊന്നും തെല്ലും താൽപര്യമില്ല എന്നുപറഞ്ഞാൽ ഒട്ടും അതിശയോക്തിപരമാവില്ല. എങ്കിലും സമൂഹത്തിനെ പുരോഗമനാദിശയിൽ മുന്നോട്ടുനയിക്കാനുള്ള ഊർജ്ജം ലഭിക്കണമെങ്കിൽ നാം അത്തരം പര്യവേഷണങ്ങൾ നടത്തിയേ മതിയാവൂ. ശാസ്ത്രസാങ്കേതികവിദ്യാരംഗത്ത് പ്രവർത്തിക്കുന്ന ഒരാളെയെങ്കിലും അവരുടെ മേഖലയുടെ സാമൂഹിക-സാമ്പത്തിക ചരിത്രത്തിലേക്ക് അതുവരെചെയ്തിട്ടില്ലാത്ത തരത്തിൽ തിരിഞ്ഞുനോക്കാൻ ഈ ലേഖനം പ്രേരിപ്പിക്കുന്നുവെങ്കിൽ അതാവും ഈ ലേഖനത്തിന്റെ ഏറ്റവും വലിയ വിജയം.
അവലംബം
Gessen, B. M. (1931). The social and economic roots of Newton's' Principia'.
Turing, A. M. (1950). Computing machinery and intelligence (1950). Mind, LIX(236), 33-60.
Braverman, H. (1974). Labor and monopoly capital: The degradation of work in the twentieth century. Monthly Review Press.
Waring, S. P. (2016). Taylorism transformed: Scientific management theory since 1945. UNC Press Books.
Weizenbaum, Joseph. "How to make a computer appear intelligent." Datamation 8.2 (1962): 24-26.
അഭിപ്രായങ്ങൾ (0)