കേരളത്തിലെ കാർഷിക രംഗത്ത് മാറ്റമുണ്ടാക്കാൻ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സന്നിവേശം എത്ര മാത്രം സഹായിക്കും എന്നൊരു അന്വേഷണത്തിന് ലൂക്ക തുടക്കമിടുകയാണ്. കേരളത്തിലെ കാർഷികമേഖല-വെല്ലുവിളികളും സമീപനങ്ങളും, കാർഷികവിളകളുടെ ഉത്പ്പാദനക്ഷമതയും സാങ്കേതിക വിദ്യകളുടെ വിനിയോഗവും എന്നിവയെ ആസ്പദമാക്കിയുള്ള ആമുഖ ലേഖനങ്ങളിലൂടെയാണ് ഈ പരമ്പര ആരംഭിക്കുന്നത്. ലൂക്കയുടെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ ഡോ. സി. തമ്പാൻ, ജി. സാജൻ എന്നിവരുടെ നേതൃത്വത്തിലാണ് ഈ പരമ്പര തയ്യാറാക്കിയിട്ടുള്ളത്.

കേരളത്തിന്റെ സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഏറെ ആശങ്കയോടെ ചർച്ച ചെയ്യുന്ന ഒന്നാണ് കാർഷികമേഖലയിലെ പ്രതിസന്ധി. കൃഷി ഒരു പൂർണ സമയ ജീവനോപാധി ആയി എടുക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ടോ മൂന്നോ ദശകത്തിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത് ലഭ്യമായ കൃഷിഭൂമിയിൽ വലിയ കുറവുണ്ടായി; ശരാശരി കൃഷിയിട വിസ്തൃതി അരയേക്കർ മാത്രമായി ചുരുങ്ങി. ഭക്ഷ്യവിളകളുടെ വിസ്തൃതി ക്രമാനുഗതമായി കുറഞ്ഞു വരികയാണ്. ഉത്പാദന ക്ഷമതയിലും ആനുപാതികമായ വർധന ഉണ്ടായില്ല. കേരളത്തിൽ കൃഷി ചെയ്യപ്പെടുന്ന വിളകളിൽ പലതിന്റെയും ഉത്പ്പാദനക്ഷമത ദേശീയ ശരാശരിയേക്കാൾ കുറവാണ്.

നാല്പത് വർഷം മുൻപ് കേരളത്തിന്റെ സമ്പത്തിന്റെ 40 % കൃഷിയുടെ സംഭാവന ആയിരുന്നെങ്കിൽ ഇപ്പോഴത് 8% ആയി കുറഞ്ഞു. പഴയ തലമുറയിൽപ്പെട്ടവരാണ് പ്രധാനമായും കാർഷികമേഖലയിൽ ഇപ്പോൾ കുറച്ചെങ്കിലും സജീവമായിട്ടുള്ളത്; ചെറുപ്പക്കാരെ കൃഷിയിലേക്ക് ആകർഷിക്കാൻ നമുക്ക് കഴിയുന്നില്ല. ഉൽപ്പന്നങ്ങളുടെ വിലത്തകർച്ച, കർഷകത്തൊഴിലാളികളുടെ ലഭ്യതക്കുറവ്, ഉയർന്ന കൂലി നിരക്ക്, കീട -രോഗ ബാധ മൂലമുള്ള വിളനഷ്ടം എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ കൊണ്ട് പലരും കൃഷി ഉപേക്ഷിക്കുന്ന സാഹചര്യം നിലവിലുണ്ട്.

എന്നാൽ പ്രതീക്ഷ നൽകുന്ന ചില കാര്യങ്ങളും നമുക്ക് ചുറ്റിലും നടക്കുന്നുണ്ട്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ കൃഷിയിലേക്ക് വരികയും വിവരസാങ്കേതിക വിദ്യ ഉൾപ്പെടെയുളള ആധുനിക സങ്കേതങ്ങളുപയോഗിച്ചു കൊണ്ട് കൃഷിയിൽ മികച്ച വിളവും കാര്യക്ഷമതയും കൈവരിക്കുന്നു. എല്ലാ വർഷവും കർഷക ദിനാചരണവുമായി ബന്ധപ്പെട്ട് മികച്ച കർഷകരെ ആദരിക്കുന്ന വേളയിൽ അവരുടെ കൃഷിരീതികളും നേട്ടങ്ങളും കൃഷി ഒരു ആദായകരമായ സംരംഭമായി കൊണ്ടുപോകുന്നതിനുള്ള സാധ്യതകൾ നമുക്ക് കാട്ടിത്തരുന്നുണ്ട്.
കാർഷികവിളകളിൽ നിന്നും സംരംഭങ്ങളിൽനിന്നും മികച്ച വരുമാനവും കാര്യക്ഷമതയും കൈവരിക്കുന്നതിനുതകുന്ന സാങ്കേതികവിദ്യകൾ നമ്മുടെ കാർഷിക ഗവേഷണസ്ഥാപനങ്ങളിൽ ലഭ്യമാണ്. എന്നാൽ പല വിധ കാരണങ്ങൾ കൊണ്ട് കൃഷിയിടങ്ങളിൽ അവ പ്രയോജനപ്പെടുത്താതിരിക്കുന്നത് കുറഞ്ഞ ഉത്പ്പാദനക്ഷമതയ്ക്ക് കാരണമാകുന്നു.

കാലാവസ്ഥാവ്യതിയാനം കൊണ്ടുള്ള വരൾച്ചയും അതിവൃഷ്ടിയും കാർഷികോത്പദാനത്തെ ദോഷകരമായി ബാധിക്കുന്നതിന്റെ കെടുതികൾ നാം അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്. നമ്മുടെ കർഷകരുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായ രീതിയിൽ വിവിധ രാജ്യങ്ങളുമായുള്ള വാണിജ്യകരാറുകളിലേർപ്പെടുന്നത് കേരളത്തിലെ സുസ്ഥിരകാർഷികവികസനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു.

ഈ സാഹചര്യങ്ങളിൽ ഇനി മുന്നോട്ടുള്ള വഴിയെന്താണ്? കേരളത്തിലെ കാർഷിക രംഗത്ത് മാറ്റമുണ്ടാക്കാൻ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സന്നിവേശം എത്ര മാത്രം സഹായിക്കും എന്നൊരു അന്വേഷണത്തിന് ലൂക്ക തുടക്കമിടുകയാണ്. കേരളത്തിലെ കാർഷികമേഖല-വെല്ലുവിളികളും സമീപനങ്ങളും, കാർഷികവിളകളുടെ ഉത്പ്പാദനക്ഷമതയും സാങ്കേതിക വിദ്യകളുടെ വിനിയോഗവും എന്നിവയെ ആസ്പദമാക്കിയുള്ള ആമുഖ ലേഖനങ്ങളിലൂടെയാണ് ഈ പരമ്പര ആരംഭിക്കുന്നത്.

തുടർന്ന് പ്രധാനപ്പെട്ട വിളകളുടെ ഉത്പാദനം, ഉത്പാദനക്ഷമത എന്നിവ പരിശോധിക്കുന്നു.
നെൽകൃഷി, പച്ചക്കറി കൃഷി, പഴവർഗ വിളകൾ, തെങ്ങ് ഉൾപ്പെടെയുള്ള തോട്ടവിളകൾ എന്നിങ്ങനെ കേരളത്തിന്റെ കാർഷിക രംഗത്തെ ഓരോ പ്രധാനമേഖലയും തുടക്കത്തിൽ പരിശോധിക്കുന്നു.
വിളകളെ കുറിച്ചുള്ള ചർച്ചകൾക്കു ശേഷം കാർഷിക മേഖലയുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങളിലുള്ള ലേഖനങ്ങളാണ് ഈ പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്‌. മണ്ണിന്റെ ആരോഗ്യപരിപാലനം, ജലസേചനവും ജലപരിപാലനവും, യന്ത്രവൽക്കരണം, വിള സംസ്കരണവും മൂല്യവർധനവും, വിത്തും നടീൽ വസ്തുക്കളും, സംയോജിതകൃഷി, ജൈവസാങ്കേതിക വിദ്യ, സസ്യസംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം, കാർഷിക സംരംഭകത്വം, വിജ്ഞാനവ്യാപനം തുടങ്ങിയ മേഖലകൾ ഇതിലുൾപ്പെടുന്നു.
ഇതോടൊപ്പം മൃഗപരിപാലനം, പാലുത്പാദനം, മത്സ്യകൃഷി തുടങ്ങിയ മേഖലകളിൽ നിന്നുള്ള ലേഖനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

vaakkootta-yanthram-3-scaled

ലൂക്കയിൽ ആദ്യം പ്രസിദ്ധീകരിക്കുകയും തുടർന്ന് കാർഷിക വികസന മേഖലകളുമായി ബന്ധപ്പെട്ട എല്ലാ ഗ്രൂപ്പിലും സാമൂഹിക മാധ്യമങ്ങളിലും ഈ പരമ്പരയിലെ വിഷയങ്ങൾ പങ്കു വെയ്ക്കാനും ലക്ഷ്യമിടുന്നു. പിന്നീട് വിവിധ വിഷയങ്ങളിൽ തെരെഞ്ഞെടുക്കപ്പെട്ട കർഷകരും വിദഗ്ദ്ധരും അവരുടെ പ്രതികരണങ്ങൾ അവതരിപ്പിക്കും.

ഇതോടൊപ്പം പ്രധാനപ്പെട്ട വിഷയങ്ങളെ ആസ്പദമാക്കിയുള്ള ശില്പശാലകളും സെമിനാറുകളും ഗവേഷണ വികസന ഏജൻസികളുമായി സഹകരിച്ചു കൊണ്ട് രണ്ടോ മൂന്നോ സ്ഥലങ്ങളിൽ സംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നു. സാധിക്കുന്ന വിഷയങ്ങളിൽ ലൂക്ക ടോക്ക്സ് സംഘടിപ്പിക്കാം. സയൻസ് കേരള ചാനലിൽ ശാസ്ത്രജ്ഞരുമായുള്ള അഭിമുഖങ്ങൾ നൽകാം. വിപുലമായ ചർച്ചകൾ ഈ പരമ്പരയിൽ അവതരിപ്പിച്ച വിഷയങ്ങളിൽ തുടർന്നുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കേരളത്തിന്റെ സുസ്ഥിര കാർഷിക വികസനത്തിനായുള്ള നയരൂപീകരണത്തിനു ഈ പരമ്പര മുതൽകൂട്ടാവുമെന്ന് ഞങ്ങൾ കരുതുന്നു.

About the Authors

പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണന്‍

പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണന്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
മനോജ് കെ പുതിയവിള

മനോജ് കെ പുതിയവിള

ശാസ്ത്രലേഖകൻ
ghj

അഭിപ്രായങ്ങൾ (0)

അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ദയവായി .
ആദ്യമായി ഒരു അഭിപ്രായം രേഖപ്പെടുത്തൂ!