ഗ്രീക്ക് പുരാണങ്ങളിൽ ഒരു ഭീകര ജീവിയുണ്ട്. മുതുകിൽ മുട്ടനാടിന്റെ തലയും വാലിന്റെ സ്ഥാനത്ത് നീണ്ട പാമ്പുമുള്ള ഒരു സിംഹം. മൂന്ന് വ്യത്യസ്ത ജീവികൾ സംഗമിച്ച ഒരു ശരീരം. ചുറ്റുപാടും തീ ഊതിവിടാൻ കഴിവുള്ള ഈ ഭീകരരൂപത്തെ “കൈമറ” എന്നാണ് പുരാതന ഗ്രീക്കുകാർ വിളിച്ചിരുന്നത്. സർവനാശത്തിന്റെ പ്രതീകമായാണ് അവരതിനെ കണ്ടത്. ചരിത്രാതീത കാലം മുതൽ മനുഷ്യഭാവനയിൽ ഉരുത്തിരിഞ്ഞ അനേകം വിചിത്ര സങ്കൽപ്പങ്ങളിൽ ഒന്ന് മാത്രമാണ് “കൈമറ”!
സാങ്കല്പിക കഥകൾ തത്കാലം അവിടെ നിൽക്കട്ടെ. വസ്തുതാപരമായ ചില ചോദ്യങ്ങളിലേക്ക് വരാം. നാമെല്ലാം സ്വന്തമെന്ന് കരുതുന്ന നമ്മുടെ ശരീരം യഥാർത്ഥത്തിൽ നമ്മുടെ സ്വന്തം തന്നെ ആണോ? തീർച്ചയായും മനുഷ്യശരീരവുമായി പാരസ്പര്യത്തോടെ ജീവിക്കുന്ന ഒരുപാട് സൂക്ഷ്മ ജീവികളുണ്ട്. അവയെ മാറ്റിനിർത്തിയാൽ, നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളും നമ്മുടേത് തന്നെയാണോ? അല്ല എന്നാണ് പഠനങ്ങൾ പറയുന്നത്.
എന്താണ് മൈക്രോകൈമറിസം?
ജനന ശേഷം അമ്മയും കുഞ്ഞും ബന്ധപ്പെട്ടിരിക്കുന്നത് ജനിതകപരമായാണ്. അതായത്, കുഞ്ഞിന്റെ കോശങ്ങളിലെ ജനിതകത്തിന്റെ നേർപാതി കിട്ടിയിരിക്കുന്നത് അമ്മയിൽ നിന്നാണ് എന്ന് സാരം (റിക്കോമ്പിനേഷൻ വഴിയുള്ള വ്യതിയാനങ്ങൾ ഉണ്ട്). അതിന് പുറമേ, മറ്റൊരു ബന്ധം കൂടി ഉണ്ട്. ഗർഭാവസ്ഥയിൽ, കുഞ്ഞിന്റെ ശരീരത്തിലേക്ക് അമ്മയുടെ കോശങ്ങൾ (മാറ്റെർണൽ മൈക്രോകൈമറിക് കോശങ്ങൾ) കടന്നെത്താറുണ്ട്. നേരെ തിരിച്ച് അമ്മയുടെ ശരീരത്തിലേക്ക് കുഞ്ഞിന്റെ കോശങ്ങളും (ഫീറ്റൽ മൈക്രോകൈമറിക് കോശങ്ങൾ) കടക്കാറുണ്ട്. ഒരു വ്യക്തിയുടെ ശരീരത്തിൽ ആ വ്യക്തിയുടേതല്ലാത്ത കോശങ്ങൾ കാണപ്പെടുന്ന അവസ്ഥയെ മൈക്രോകൈമറിസം എന്നാണ് വിളിക്കുന്നത്.
അഭിപ്രായങ്ങൾ (0)