• രക്തദാനത്തിന്റെ പ്രാധാന്യം വിശദമാക്കുന്നു
  • ഘടകതികിത്സ എന്താണെന്ന് വിശദീകരിക്കുന്നു
  • രക്തബാങ്ക് രംഗത്തെ നവീന സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്നു.

രക്തദാനം ജീവദാനമാണെന്ന് നമുക്കെല്ലാമറിയാം. എന്നാൽ, ആധുനിക വൈദ്യശാസ്ത്രത്തിൽ രക്തമെന്നത് കേവലമൊരു ചുവന്നദ്രാവകം മാത്രമല്ല. മറിച്ച്, ജീവൻ നിലനിർത്താൻ സഹായിക്കുന്ന അനേകം ഘടകങ്ങളുടെ സങ്കീർണ്ണമായ മിശ്രിതമാണ്. പഴയകാലത്ത് ചികിത്സയ്ക്കായി 'പൂർണ്ണരക്തം' (Whole Blood) അതേപടി നൽകുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ഇന്ന് 'ഘടക ചികിത്സ' (Component Therapy) എന്നരീതിയാണ് ആധുനിക ബ്ലഡ് ബാങ്കിങ്ങിൽ അവലംബിക്കുന്നത്. ഒരാളിൽനിന്ന് ലഭിക്കുന്ന ഒരു യൂണിറ്റ് രക്തമുപയോഗിച്ച് ഒന്നിലധികം രോഗികൾക്ക് പുതുജീവൻ നൽകാൻ സാധിക്കുന്നുവെന്നതാണ് ഇതിന്റെ ഏറ്റവുംവലിയ ശാസ്ത്രീയനേട്ടം.

എന്താണ് ഘടകചികിത്സ?

രക്തം ദാനംചെയ്തുകഴിഞ്ഞാൽ, നിശ്ചിത സമയത്തിനുള്ളിൽ അതിനെ പ്ലാസ്മ, പ്ളേറ്റ്‌ലെറ്റുകൾ, അരുണരക്താണുക്കൾ (Red Blood Cells- RBC) എന്നിങ്ങനെ വിവിധ ഘടകങ്ങളായി വേർതിരിക്കുന്ന പ്രക്രിയയാണിത്. ഓരോരോഗിക്കും അവരുടെ ശരീരത്തിനാവശ്യമായ ഘടകംമാത്രം നൽകുകവഴി, ലഭിക്കുന്ന രക്തം പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കുന്നു. ഉദാഹരണത്തിന്, വിളർച്ചയുള്ള രോഗിക്ക് അരുണരക്താണുക്കൾമാത്രം മതിയാകും. അനാവശ്യമായ ഘടകങ്ങൾ നൽകുന്നതുവഴി രോഗിയിലുണ്ടാകാവുന്ന 'രക്തചംക്രമണ അമിതഭാരം' (Circulatory Overload) പോലുള്ള പാർശ്വഫലങ്ങൾ ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുന്നു.

പ്രധാന രക്തഘടകങ്ങളും വേർതിരിക്കുന്ന രീതികളും

  • അരുണരക്താണുക്കൾ (Red Blood Cells - RBCs): ശരീരകലകളിലേക്ക് ഓക്സിജൻ എത്തിക്കുകയെന്നതാണ് ഇവയുടെ പ്രധാന ധർമ്മം. രക്തത്തിൽനിന്ന് പ്ലാസ്മ നീക്കം ചെയ്തശേഷമാണ് 'പാക്ക്ഡ് ആർ ബി സി' (Packed RBCs) തയ്യാറാക്കുന്നത്. ആധുനിക രക്തബാങ്കുകളിൽ CPDA-1 പോലുള്ള പ്രിസർവേറ്റീവുകൾ ഉപയോഗിച്ച് 35 ദിവസം വരെയും, അഡിറ്റീവ് ലായനികൾ (AS-1, AS-3) ഉപയോഗിക്കുകയാണെങ്കിൽ 42 ദിവസം വരെയും 1°C മുതൽ 6°C വരെയുള്ള താപനിലയിൽ ഇവ സംഭരിച്ച് സൂക്ഷിക്കാൻ സാധിക്കും. വിളർച്ച (Anemia), ശസ്ത്രക്രിയകൾ, പരിക്കുകൾ (trauma) മൂലമുള്ള രക്തനഷ്ടം എന്നിവയ്ക്കാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.
  • പ്ളേറ്റ്‌ലെറ്റുകൾ (Platelets): രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന കോശങ്ങളാണിവ. ഇവയുടെ എണ്ണം കുറയുന്നത് രക്തസ്രാവത്തിന് കാരണമാകുന്നു. 'അപകേന്ദ്രണം' (Centrifugation) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പൂർണ്ണരക്തത്തിൽനിന്ന് പ്ളേറ്റ്‌ലെറ്റുകളെ വേർതിരിക്കുന്നത്. രക്തത്തിന്റെ സാന്ദ്രതയിലുള്ള വ്യത്യാസം ഉപയോഗപ്പെടുത്തിയാണ് ഈ വേർതിരിക്കൽ നടക്കുന്നത്. മറ്റു ഘടകങ്ങളിൽനിന്ന് വ്യത്യസ്തമായി, ഇവ 20°C മുതൽ 24°C വരെയുള്ള അന്തരീക്ഷ താപനിലയിലാണ് സംഭരിച്ച് സൂക്ഷിക്കുന്നത്. പ്ളേറ്റ്‌ലെറ്റുകൾ കട്ടപിടിക്കാതിരിക്കാൻ നിരന്തരം ചലിപ്പിച്ചുകൊണ്ടിരിക്കുന്ന 'അജിറ്റേറ്ററുകളിൽ' (Agitators) 5 ദിവസം വരെ ഇവ സൂക്ഷിക്കാം. കാൻസർ ചികിത്സ, ഡെങ്കിപ്പനി തുടങ്ങിയ രോഗാവസ്ഥകളിൽ ഇവ അത്യന്താപേക്ഷിതമാണ്.
  • പ്ളാസ്മ (Plasma): രക്തത്തിലെ ദ്രാവകഭാഗമായ പ്ളാസ്മയിൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ (Clotting Factors) അടങ്ങിയിരിക്കുന്നു. രക്തംശേഖരിച്ച് 8 മണിക്കൂറിനുള്ളിൽ പ്ലാസ്മ വേർതിരിച്ച് -18°C ലേക്കോ അതിൽ താഴെയോ ഉള്ള താപനിലയിൽ മരവിപ്പിച്ചാണ് ഫ്രഷ് ഫ്രോസൺ പ്ലാസ്മ (FFP) തയ്യാറാക്കുന്നത്. ഇത് ഒരുവർഷംവരെ സൂക്ഷിക്കാം. കരൾരോഗങ്ങൾ ഉള്ളവരിൽ രക്തസ്രാവം നിയന്ത്രിക്കാനും ഇത് ഉപയോഗിക്കുന്നു.
  • ക്രയോപ്രിസിപ്പിറ്റേറ്റ് (Cryoprecipitate): ഫ്രഷ് ഫ്രോസൺ പ്ലാസ്മയെ (FFP) 1°C - 6°C താപനിലയിൽ സാവധാനം അലിയിക്കുമ്പോൾ ലഭിക്കുന്ന വെളുത്ത അവശിഷ്ടമാണിത്. ഇതിൽ ഫാക്ടർ VIII, ഫൈബ്രിനോജൻ (Fibrinogen) എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഹീമോഫീലിയ A (Hemophilia A) പോലുള്ള രക്തസ്രാവ രോഗങ്ങൾക്ക് ഇത് വളരെ ഫലപ്രദമാണ്.

നൂതന സാങ്കേതികവിദ്യകൾ

അഫെറെസിസ് (Apheresis): രക്തബാങ്കിങ് രംഗത്തെ ഏറ്റവും വിപ്ലവകരമായ സാങ്കേതികവിദ്യകളിലൊന്നാണ് അഫെറെസിസ്. ദാതാവിന്റെ ശരീരത്തിൽനിന്ന് രക്തം ഒരു പ്രത്യേക യന്ത്രത്തിലൂടെ (Cell Separator) കടത്തിവിട്ട്, ആവശ്യമായ ഘടകം (ഉദാഹരണത്തിന്, പ്ളേറ്റ്‌ലെറ്റുകൾ അല്ലെങ്കിൽ പ്ലാസ്മ) മാത്രം വേർതിരിച്ചെടുക്കുകയും, ബാക്കിവരുന്ന രക്തം അപ്പോൾത്തന്നെ ദാതാവിന്റെ ശരീരത്തിലേക്ക് തിരിച്ചയക്കുകയും ചെയ്യുന്ന പ്രക്രിയയാണിത്. സാധാരണ രക്തദാനത്തിലൂടെ ലഭിക്കുന്നതിനേക്കാൾ 6 മുതൽ 8 മടങ്ങ് വരെ കൂടുതൽ പ്ലേറ്റ്‌ലെറ്റുകൾ ഒറ്റത്തവണത്തെ അഫെറെസിസിലൂടെ ഒരു ദാതാവിൽനിന്ന് ശേഖരിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ ഗുണം. ഇത് രോഗിക്ക് ഒന്നിലധികം ദാതാക്കളിൽനിന്നുള്ള രക്തം സ്വീകരിക്കുന്നത് വഴിയുണ്ടാകുന്ന അണുബാധയ്ക്കും മറ്റ് പാർശ്വഫലങ്ങൾക്കുമുള്ള സാധ്യത കുറയ്ക്കുന്നു.

മൂലകോശങ്ങൾ (Stem Cells): രക്തകോശങ്ങളെ ഉൽപാദിപ്പിക്കാൻ കഴിവുള്ള അടിസ്ഥാന കോശങ്ങളെയാണ് ഹെമറ്റോപോയിറ്റിക് സ്റ്റെം സെല്ലുകൾ (Hematopoietic Progenitor Cells) എന്ന് വിളിക്കുന്നത്. ലുക്കീമിയ (രക്താർബുദം), ലിംഫോമ (ലിംഫ് നോഡുകൾ, പ്ലീഹ, തൈമസ്, മജ്ജ എന്നിവയെ ബാധിക്കുന്ന ഒരുതരം കാൻസർ), അപ്ലാസ്റ്റിക് അനീമിയ (അസ്ഥിമജ്ജ (Bone marrow) യിലെ സ്റ്റെം സെല്ലുകൾ നശിക്കുന്ന രോഗം) തുടങ്ങിയ മാരക രോഗങ്ങളുടെ ചികിത്സയിൽ 'സ്റ്റെം സെൽ ട്രാൻസ്പ്ളാൻ്റേഷൻ' നിർണ്ണായകമാണ്. പ്രധാനമായും മൂന്ന് ഉറവിടങ്ങളിൽനിന്ന്, അസ്ഥിമജ്ജ (Bone Marrow), പെരിഫറൽ രക്തം (രക്തധമനികളിലൂടെ ഒഴുകുന്ന രക്തം), നവജാതശിശുക്കളുടെ പൊക്കിൾക്കൊടി രക്തം (Umbilical Cord Blood), ഇവ ശേഖരിക്കുന്നത്. അഫെറെസിസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ദാതാവിന്റെ രക്തത്തിൽനിന്നു മാത്രമായി സ്റ്റെംസെല്ലുകൾ വേർതിരിച്ചെടുക്കാൻ ഇന്ന് സാധിക്കും. രക്തഘടകങ്ങൾ വേർതിരിക്കുന്നതിനുമുമ്പ് ദാതാവിൽനിന്നുള്ള രക്തം എച്ച് ഐ വി (HIV), ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, സിഫിലിസ് തുടങ്ങിയ രോഗങ്ങൾക്കായുള്ള കർശനമായ പരിശോധനകൾക്ക് വിധേയമാക്കുന്നു. ന്യൂക്ലിക് ആസിഡ് ടെസ്റ്റിങ് (NAT) പോലുള്ള അത്യാധുനിക പരിശോധനകൾ വൈറസുകളെ അവയുടെ വിൻഡോ പീരിയഡിൽത്തന്നെ (രോഗലക്ഷണങ്ങൾ കാണിക്കുന്നതിന് മുമ്പ്) തിരിച്ചറിയാൻ സഹായിക്കുന്നു, ഇത് രക്തത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു. ഇത്തരത്തിൽ അതീവ സുരക്ഷിതത്വത്തിനായി വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത ഈ പ്രക്രിയയിൽ ആവശ്യമാണ്.

കൃത്യമായ ശാസ്ത്രീയതത്വങ്ങളുടെ അടിസ്ഥാനത്തിൽ, അപകേന്ദ്രണം (Centrifugation), അഫെറെസിസ് പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് രക്തത്തെ വിഭജിച്ച്, ഓരോ രോഗിക്കും ആവശ്യമുള്ള ഘടകം നൽകി ജീവൻ രക്ഷിക്കുന്ന മഹത്തായ പ്രക്രിയയാണ് ആധുനിക രക്തബാങ്കിങ്. ഓരോതുള്ളി രക്തവും അമൂല്യമാണ്; ശാസ്ത്രീയമായ സമീപനത്തിലൂടെ അത് അനേകം ജീവനുകൾക്ക് തുണയാകുന്നു.

About the Author

ഡോ. ചിത്രാ ജെയിംസ്

കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസ്സറും ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവിയുമാണ്

അഭിപ്രായങ്ങൾ (0)

അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ദയവായി .
ആദ്യമായി ഒരു അഭിപ്രായം രേഖപ്പെടുത്തൂ!