• ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ എന്താണെന്ന് വിശദീകരിക്കുന്നു
  • ഇമ്മ്യൂണോഹെമറ്റോളജിയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദമാക്കുന്നു.
  • രക്തദാനത്തിന്റെ അനിവാര്യതയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നു.

ട്രാൻസ്ഫ്യൂഷൻ മെഡിസിൻ (Transfusion Medicine) അഥവാ രക്തപ്പകർച്ചാ വൈദ്യശാസ്ത്രമെന്നത് രക്തദാനം, രക്തം ശേഖരിക്കൽ, പരിശോധന, രക്തഘടകങ്ങൾ വേർതിരിക്കൽ, സംഭരണം, രക്തപ്പകർച്ച (Blood Transfusion) എന്നിവ കൈകാര്യം ചെയ്യുന്ന വൈദ്യശാസ്ത്ര ശാഖയാണ്. രോഗിക്കാവശ്യമായ രക്തം സുരക്ഷിതമായി നൽകുന്നതിനോടൊപ്പം ഇമ്മ്യൂണോഹെമറ്റോളജി, സെല്ലുലാർ തെറാപ്പി, ഹീമോവിജിലൻസ് എന്നിവയും ഈ മേഖലയിൽ ഉൾപ്പെടുന്നു.

ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആധുനിക ആരോഗ്യപരിചരണത്തിന്റെ കേന്ദ്രസ്ഥാനത്ത് നിലകൊള്ളുന്ന, ബഹുശാഖാത്മകമായ ഒരു വൈദ്യശാസ്ത്രവിഭാഗമാണ്. രക്തംശേഖരിക്കുന്നതിൽനിന്നാരംഭിച്ച് കർശനമായ പരിശോധനകൾ, അത്യാധുനികരീതിയിലുള്ള സംസ്കരണം (processing), ഒടുവിൽ ജീവൻ രക്ഷിക്കുന്നതിനായി രോഗികളിലേക്കുള്ള രക്തമാറ്റം - ഈ മുഴുവൻ പ്രക്രിയയും സുരക്ഷിതവും ഫലപ്രദവുമാക്കുന്നതാണ് ഈ ശാഖയുടെ ദൗത്യം. ബ്ലഡ് ബാങ്കിങ്, ഇമ്മ്യൂണോഹീമാറ്റോളജി, ക്ലിനിക്കൽ ചികിത്സ, സെല്ലുലാർ തെറാപ്പി എന്നീ തത്വങ്ങൾ സംയോജിപ്പിച്ചാണ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ പ്രവർത്തിക്കുന്നത്. കാൻസർ, ഗുരുതരപരിക്കുകൾ, രക്തസംബന്ധമായ രോഗങ്ങൾ തുടങ്ങിയ നിരവധി ഗുരുതര അവസ്ഥകളുടെ ചികിത്സയിൽ ഇത് നിർണ്ണായകമാണ്. ട്രാൻസ്ഫ്യൂഷൻ മെഡിസിന്റെ നാല് അടിസ്ഥാന ഘടകങ്ങൾ താഴെ വിശദീകരിക്കുന്നു.

ദാതാവും രക്തഘടകങ്ങളും കൈകാര്യംചെയ്യൽ (Donor and Component Management)

രക്തദാതാക്കളെ കർശനമായ മാനദണ്ഡങ്ങൾ പ്രകാരം സ്ക്രീനിങ് ചെയ്യുന്നതും, ചികിത്സാപരമായി മൂല്യമുള്ള ഘടകങ്ങളായ ചുവന്ന രക്താണുക്കൾ (Red Blood Cells), പ്ലാസ്മ, പ്ളേറ്റ്ലെറ്റുകൾ, ക്രയോപ്രെസിപ്പിറ്റേറ്റ് എന്നിവയായി വിഭജിച്ച് രക്തംമുഴുവൻ സംസ്കരിക്കുന്നതുമാണ് ഈ ഘടകവുമായി ബന്ധപ്പെട്ട് ചെയ്യുന്നത്. അഫെറെസിസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ആവശ്യമായ പ്രത്യേക രക്തഘടകങ്ങൾമാത്രം ശേഖരിച്ച് ലക്ഷ്യബദ്ധമായ ചികിത്സകൾ നൽകുന്നതും ഇതിൽ ഉൾപ്പെടുന്നു. പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിനായി രക്തഘടകങ്ങളിൽനിന്നുള്ള ശ്വേതരക്താണുക്കൾ (White Blood corpuscles- WBC) നീക്കം ചെയ്യുന്നത് (ല്യൂക്കോറിഡക്ഷൻ), ചില പ്രത്യേക രോഗികളിൽ ഉപയോഗിക്കാനായി രക്തം ഇറേഡിയേറ്റ് (Irradiate) ചെയ്യുന്നത് തുടങ്ങിയ രക്തഘടക പരിഷ്കരണങ്ങളും ഇതിന്റെ ഭാഗമാണ്.

ഇമ്മ്യൂണോഹീമാറ്റോളജിയും ആധുനിക പരിശോധനകളും

ട്രാൻസ്ഫ്യൂഷൻ സുരക്ഷയുടെ ഹൃദയഭാഗമാണ് ഇമ്മ്യൂണോഹീമാറ്റോളജി. ശരിയായ രക്തഗ്രൂപ്പിങ് ഉറപ്പാക്കുകയും, ക്രമരഹിതമായ (irregular) ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള സ്ക്രീനിങ്ങും, സൂക്ഷ്മമായ ക്രോസ്-മാച്ചിങ്ങുംവഴി പൂർണ്ണമായ രക്തചേർച്ച (compatibility) ഉറപ്പാക്കുന്നതാണ് ഇതിന്റെ മുഖ്യലക്ഷ്യം. രക്തമാറ്റത്തിലൂടെ പകരാവുന്ന അണുബാധ (Transfusion Transmitted Infections – TTIs) കണ്ടെത്തുന്നതിനുള്ള സമഗ്ര പരിശോധനാ സംവിധാനങ്ങൾ രോഗികളെ വിവിധ രോഗാണുക്കളിൽനിന്ന് സംരക്ഷിക്കുന്നു. ഗർഭകാല മാനേജ്മെന്റിലും ഇമ്മ്യൂണോഹീമാറ്റോളജി വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്.

ക്ലിനിക്കൽ പ്രാക്ടീസുകൾ

രക്തപ്പകർച്ചാ വൈദ്യശാസ്ത്ര മേഖലയിലെ വിദഗ്ധർ രക്തഘടകങ്ങൾ യുക്തിസഹമായും ഉചിതമായും ഉപയോഗിക്കുന്നതിന് ഡോക്ടർമാർക്ക് നിർണ്ണായകമായ മാർഗനിർദേശങ്ങൾ നൽകുന്നു. രക്തമാറ്റവുമായി ബന്ധപ്പെട്ട പ്രതികൂലഫലങ്ങൾ കൈകാര്യംചെയ്യുന്നതിലും, രോഗിയുടെ സ്വന്തം രക്തം ഉപയോഗിച്ച് അനാവശ്യമായ രക്തപ്പകർച്ച കുറയ്ക്കുന്നതിലും രോഗിയുടെ രക്ത പരിപാലന തന്ത്രങ്ങൾ (Patient Blood Management Strategy (PBMS)) വികസിപ്പിക്കുന്നതിലും ഈ വിദഗ്ധർ സഹായം നൽകിവരുന്നു. ഗർഭാശയത്തിൽ ഗർഭസ്ഥ ശിശുവിനാവശ്യമായേക്കാവുന്ന രക്തപ്പകർച്ച (Intra uterin transfusion), അവയവ മാറ്റങ്ങൾ നടത്തുമ്പോൾവേണ്ട സേവനങ്ങൾ (Transplant services), രോഗി ചികിത്സയിലായിരിക്കുന്ന സമയത്തും സ്ഥലത്തുംതന്നെ നടത്തുന്ന ദ്രുത മെഡിക്കൽ ഡയഗ്നോസ്റ്റിക് പരിശോധന (Point of Care POC testing), രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധന (Coagulation test) ഇവയെല്ലാം ക്ലിനിക്കൽ പ്രാക്ടീസിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ്.

ചികിത്സാപരമായ സേവനങ്ങൾ (Therapeutic services)

രക്തസംബന്ധമായ രോഗങ്ങളുണ്ടാകുമ്പോൾ രക്തത്തിൽനിന്ന് ദോഷകരമായ പ്ലാസ്മ നീക്കംചെയ്യുന്ന തെറാപ്പ്യൂട്ടിക് പ്ലാസ്മ എക്സ്ചേഞ്ച് (TPE) അല്ലെങ്കിൽ പ്ലാസ്മാഫെറെസിസ് (Plasmapheresis) പോലുള്ള അതീവ പ്രത്യേകയുള്ള ചികിത്സാരീതികൾ ഈ ചികിത്സാമേഖലയിൽ ഉൾപ്പെടുന്നു. മുടികൊഴിച്ചിൽ ചികിത്സയ്ക്കും, സന്ധിവേദന, പേശീക്ഷതം എന്നിവ ഭേദമാക്കാനും ശരീരത്തിൽ കുത്തിവെയ്ക്കുന്ന ഒരു അത്യാധുനിക ചികിത്സാരീതിയായ പ്ലേറ്റ്ലെറ്റ്-റിച്ച് പ്ലാസ്മ (PRP) ചികിത്സയും ഈ മേഖലയിൽപ്പെടുന്നു. PRP എന്നത് ഒരാളുടെ സ്വന്തം രക്തത്തിൽനിന്നും വേർതിരിച്ചെടുക്കുന്ന, പ്ലേറ്റ്‌ലെറ്റുകൾ (platelets) കൂടുതലടങ്ങിയ പ്ലാസ്മയാണ്. ഇത് മുടിയുടെ വേരുകളിലും വേദനയുള്ള ഭാഗത്തും കുത്തിവെയ്ക്കുകയെന്നതാണ് ഈ ചികിത്സാരീതി.

സെല്ലുലാർ തെറാപ്പികളും റീജനറേറ്റീവ് മെഡിസിനും

വേഗത്തിൽ വികസിച്ചുവരുന്ന ഈ മേഖലയിലൂടെ മൂലരക്തകോശം (stem cell) ശേഖരം, കോർഡ് ബ്ലഡ് ബാങ്കുകളുടെ സ്ഥാപനം, സ്റ്റെം സെല്ലുകൾ ശീതീകരിച്ച് സൂക്ഷിക്കൽ (crayo-preservation) എന്നിവ സാധ്യമാകും. ഇവ പ്രോസസ്സ് ചെയ്ത് പിന്നീട് ട്രാൻസ്പ്ളാന്റേഷനായി ഉപയോഗിക്കാം. മുമ്പ് ചികിത്സിക്കാൻ കഴിയാത്തതായി കരുതപ്പെട്ട രോഗികൾക്കുപോലും ഇത് വലിയ പ്രതീക്ഷനൽകുന്നു.

രക്തദാനം: അനിവാര്യമായ ഒരു പ്രവർത്തനം

രക്തദാനം ലളിതമായ ഒരു പ്രക്രിയയാണെങ്കിലും അതീവ പ്രാധാന്യമുള്ള ഒരു മെഡിക്കൽ നടപടിയാണ്. കൃത്യമായ രക്തദാതാവിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കുശേഷം, ആരോഗ്യമുള്ള, പ്രായപൂർത്തിയായ ഒരുവ്യക്തിയിൽനിന്ന് 350 മില്ലിലീറ്റർ അല്ലെങ്കിൽ 450 മില്ലിലീറ്റർ രക്തം ശേഖരിക്കുന്നു. ഈ തിരഞ്ഞെടുപ്പ് നടപടികൾ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് (D&C) പോലുള്ള നിയമങ്ങളനുസരിച്ചാണ് നടത്തുന്നത്, അതിലൂടെ എല്ലാ രക്തബാങ്കുകളിലും സുരക്ഷയും ഏകീകരണവും ഉറപ്പാക്കുന്നു. യോഗ്യത ഉറപ്പാക്കിയശേഷം, കൃത്യമായ അളവിൽ ആന്റികൊയാഗുലന്റ് (anticoagulant) അടങ്ങിയ ഉയർന്നനിലവാരമുള്ള ബ്ലഡ് ബാഗുകൾ ഉപയോഗിച്ച് സ്റ്റെറൈൽ, ക്ലോസ്ഡ് ഗ്രാവിറ്റി സിസ്റ്റത്തിലൂടെയാണ് രക്തംശേഖരിക്കുന്നത്. ഉപയോഗിക്കുന്ന സൂചികൾ ഏറ്റവും കുറഞ്ഞ വേദന ഉണ്ടാകുന്ന വിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. സാധാരണയായി രക്തശേഖരം 5 മുതൽ 8 മിനിറ്റുവരെ മാത്രമേ എടുക്കൂ. തുടർന്ന്, ദാതാവിന് 15 മുതൽ 20 മിനിറ്റ 8വരെ വിശ്രമം അനുവദിക്കുകയും ലഘുഭക്ഷണം നൽകുകയും ചെയ്യുന്നു.

രക്തദാതാക്കൾ

യാതൊരു വ്യക്തിഗത ലാഭവും പ്രതീക്ഷിക്കാതെ, ശുദ്ധമായ മനുഷ്യസ്നേഹത്തിന്റെ അടിസ്ഥാനത്തിൽ രക്തകേന്ദ്രത്തിലേക്ക് സ്വമേധയാ രക്തദാനം ചെയ്യുന്നവരാണ് (Voluntary Donors) രക്തദാദാക്കളിൽ ഒരു പ്രധാനവിഭാഗം. ബന്ധുവിനോ പരിചിതനോവേണ്ടി, ഇതിനകം നൽകിയതോ നൽകാനിരിക്കുന്നതോ ആയ രക്തഘടകത്തിന് പകരമായി രക്തം നൽകുന്ന റീപ്ലേസ്മെന്റ് ദാതാക്കളാണ് (Replacement Donors) മറ്റൊരു വിഭാഗം. ഇന്ത്യയിൽ പണമോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ ലഭിക്കുന്നതിനായി രക്തം നൽകുന്ന പ്രൊഫഷണൽ രക്തദാനം നിയമപരമായി കർശനമായി നിരോധിച്ചിട്ടുണ്ട്.

രക്തത്തിലൂടെ പകരുന്ന രോഗങ്ങളുടെ സാധ്യത ഏറ്റവും കുറവാണെന്നതിനാൽ സ്വമേധയാ രക്തദാതാക്കളെയാണ് ഏറ്റവും മികച്ചതും സുരക്ഷിതവുമായ ദാതാക്കളായി കണക്കാക്കുന്നത്. അതിനാൽ, ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട്, സംസ്ഥാന/ദേശീയ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലുകൾ, നാഷണൽ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി തുടങ്ങിയ സർക്കാർ, പൊതുജനാരോഗ്യ സ്ഥാപനങ്ങൾ സ്വമേധയാ രക്തദാനം വലിയരീതിയിൽ പ്രോത്സാഹിപ്പിച്ചുവരുന്നു. 100% സ്വമേധയാ രക്തദാനമെന്ന ആഗോളലക്ഷ്യം കൈവരിക്കാൻ, ജനസംഖ്യയിലെ യോഗ്യരായ വെറും 1–2% പേർ സ്ഥിരമായി രക്തം ദാനംചെയ്താൽ മതിയാകുന്നതാണ്. എന്നിരുന്നാലും, സൂചികളോടുള്ള പേടി, ആശുപത്രി അന്തരീക്ഷത്തെക്കുറിച്ചുള്ള ആശങ്ക, രക്തദാനം കഴിഞ്ഞാൽ ക്ഷീണം ഉണ്ടാകുമോ എന്ന ഭയം, അറിവില്ലായ്മ, മാനസിക സമ്മർദം, തിരക്കേറിയ ജീവിതം, അല്ലെങ്കിൽ ആരും ആവശ്യപ്പെട്ടിട്ടില്ല എന്ന കാരണങ്ങൾമൂലം പല ആരോഗ്യവാന്മാരും പിന്നോട്ടു നിൽക്കുന്നു.

ഒരു രക്തദാനത്തിലൂടെ ശരീരത്തിലെ മൊത്തം രക്തത്തിന്റെ വെറും 7–8% മാത്രമേ നഷ്ടമാകൂവെന്നത് നാം മനസ്സിലാക്കേണ്ടതാണ്. നഷ്ടപ്പെട്ട ദ്രാവകം 48 മണിക്കൂറിനുള്ളിൽ സ്വാഭാവികമായി പുനഃസ്ഥാപിക്കപ്പെടുകയും, രക്തത്തിലെ ചുവന്നരക്താണുക്കളുടെ പുനഃസൃഷ്ടി ഏകദേശം 56 ദിവസത്തിനുള്ളിൽ പൂർത്തിയാകുകയും ചെയ്യും. അതുകൊണ്ട്, രക്തദാനം ശരീരത്തിന് ദോഷകരമായ പ്രവൃത്തിയാകുന്നില്ല. ആരോഗ്യമുള്ള പുരുഷന്മാർക്ക് മൂന്നുമാസത്തിലൊരിക്കലും, സ്ത്രീകൾക്ക് സാധാരണയായി നാലുമാസത്തിലൊരിക്കലും രക്തദാനംചെയ്യാൻ യോഗ്യതയുണ്ട്. സാധാരണ രക്തഗ്രൂപ്പിൽപ്പെട്ടവർ അവരുടെ രക്തത്തിനു ആവശ്യക്കാർ കുറവാണെന്ന ധാരണയിലും രക്തദാനത്തിന് വിമുഖത കാണിക്കാറുണ്ട്. എന്നാൽ, യാഥാർഥ്യം ഇതിനുവിപരീതമാണ്. സാധാരണ രക്തഗ്രൂപ്പുകൾ പൊതുജനങ്ങളിലും രോഗികളിലും കൂടുതലായതിനാൽ, അവയ്ക്കാണ് ഏറ്റവും കൂടുതൽ ആവശ്യകതയുള്ളതും, സ്ഥിരമായ ലഭ്യത ഉറപ്പാക്കേണ്ടതും.

blood 10

മനുഷ്യരിലെ രക്തഗ്രൂപ്പുകളുടെ സങ്കീർണ്ണത

മനുഷ്യരിലെ രക്തഗ്രൂപ്പുകൾ ചുവന്നരക്താണുക്കളുടെ ഉപരിതലത്തിലുള്ള പ്രത്യേക പ്രതിദ്രവ്യങ്ങളാൽ (antigens) നിർണ്ണയിക്കപ്പെടുന്നു. വൈദ്യശാസ്ത്രപരമായി ഏറ്റവും പ്രാധാന്യമുള്ള രക്തവിഭാഗം ABO ഗ്രൂപ്പും (A, B, AB, O), തുടർന്ന് പോസിറ്റീവ്/നെഗറ്റീവ് എന്ന് തീരുമാനിക്കുന്ന Rh സംവിധാനവുമാണ്. ഈ രണ്ടുസംവിധാനങ്ങളുടെ അടിസ്ഥാനത്തിൽ A⁺, A⁻, B⁺, B⁻, AB⁺, AB⁻, O⁺, O⁻ എന്നിങ്ങനെ എട്ട് പ്രധാന രക്തഗ്രൂപ്പുകളെയാണ് രക്തപ്പകർച്ചാ പ്രക്രിയയിൽ (transfusion practice) സാധാരണയായി പരിഗണിക്കുന്നത്.

എന്നാൽ, ചുവന്ന രക്താണുക്കളുടെ ഉപരിതലത്തിൽ ഇതിലും വളരെകൂടുതലായ ആന്റിജൻ സങ്കീർണ്ണതയുണ്ട്. ഇതുവരെ 360-ലധികം രക്തഗ്രൂപ്പ് ആന്റിജൻസുകൾ കണ്ടെത്തിയിട്ടുണ്ട്, അവ 48 വ്യത്യസ്ത രക്തഗ്രൂപ്പ് സിസ്റ്റങ്ങളായി വർഗീകരിച്ചിരിക്കുന്നു. ABO, Rh സിസ്റ്റങ്ങളേക്കാൾ അപൂർവമാണെങ്കിലും Kell, Kidd, Duffy, Lewis തുടങ്ങിയ 'മൈനർ' രക്തഗ്രൂപ്പുകൾക്കും വൈദ്യശാസ്ത്രപരമായി പ്രാധാന്യമുണ്ട്. ഇത്തരം അപൂർവ ആന്റിജൻ സംയോജനങ്ങളുള്ള രക്തദാതാക്കളുടെ രജിസ്ട്രി പ്രധാന രക്തകേന്ദ്രങ്ങൾ സംസ്ഥാന ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലുമായി സഹകരിച്ച് വികസിപ്പിച്ചിട്ടുണ്ട്. ആവശ്യമുള്ളസമയത്ത് ഇത് ഉപയോഗിച്ചുവരുന്നു.

രക്തഗ്രൂപ്പിങ്ങിന്റെ ഗൗരവം രോഗിയുടെ സുരക്ഷയുമായി നേരിട്ടുബന്ധപ്പെട്ടതാണ്. പൊരുത്തമില്ലാത്ത രക്തമാറ്റം ഗുരുതരവും ജീവന് ഭീഷണിയാകാവുന്ന പ്രതികരണങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട്, ഏതൊരു രക്തമാറ്റത്തിനുമുമ്പും കൃത്യമായ രക്തഗ്രൂപ്പിങ്ങും കർശനമായ അനുയോജ്യതാ പരിശോധനയും എല്ലാ രക്തബാങ്കുകളിലും നിർബന്ധമാണ്.

ബോംബെ രക്തഗ്രൂപ്പ് (Oh phenotype) ഉള്ളവർ സാധാരണ ABO പരിശോധനയിൽ O ഗ്രൂപ്പായി തോന്നിയേക്കാം. എന്നാൽ, ഇവർക്കുള്ള പ്രത്യേക ആന്റിബോഡികൾ കാരണം, സാധാരണ ABO ഗ്രൂപ്പുകളിൽനിന്നുള്ള രക്തം സ്വീകരിക്കാൻ ഇവർക്കു കഴിയില്ല. ബോംബെ ഗ്രൂപ്പിലുള്ള ദാതാക്കളിൽനിന്നുമാത്രമേ സുരക്ഷിതമായി രക്തം സ്വീകരിക്കാൻ കഴിയൂ. ഇത് അത്യപൂർവമായ ഗ്രൂപ്പാണെങ്കിലും, ഇന്ത്യയിലെ ചില ജനവിഭാഗങ്ങളിൽ കൂടുതലായി കാണപ്പെടുന്നുണ്ട്. ഗുരുതരമായ ട്രാൻസ്ഫ്യൂഷൻ പ്രതികരണങ്ങൾ ഒഴിവാക്കുന്നതിനായി ബോംബെ ഗ്രൂപ്പ് കൃത്യമായി തിരിച്ചറിയുന്നത് അനിവാര്യമാണ്.

എല്ലാ രക്തകേന്ദ്രങ്ങളിലും ഇത്തരം ദാതാക്കളെ തിരിച്ചറിയുന്നതിനും ആവശ്യമാകുമ്പോൾ പരസ്പരം ബന്ധപ്പെടുന്നതിനുമുള്ള സംവിധാനങ്ങൾ നിലവിലുണ്ട്. ഇത് ജനിതകമായതിനാൽ, ചിലപ്പോൾ രക്തബന്ധുക്കൾക്കും ഇതേ ഗ്രൂപ്പ് ഉണ്ടാകാൻ സാധ്യതയുമുണ്ട്.

blood 9

രക്തമാറ്റത്തിന്റെ പാർശ്വഫലങ്ങൾ കൈകാര്യംചെയ്യൽ

രക്തമാറ്റം ലളിതമാണെന്ന് തോന്നാമെങ്കിലും, ഇതിന് ചില പാർശ്വഫലങ്ങൾ ഉണ്ടാകാം. ഒരു മരുന്നിനെപ്പോലെ അല്ലാതെ, രക്തം ഒരു ജീവനുള്ള മനുഷ്യകോശമായതിനാൽ ചിലർ ഇതിനെ 'മിനി-ട്രാൻസ്പ്ലാൻ്റ്' എന്ന് വിശേഷിപ്പിക്കുന്നു. ലഘുവായ അലർജി (ഫെബ്രൈൽ നോൺ-ഹീമോലിറ്റിക് ട്രാൻസ്ഫ്യൂഷൻ റിയാക്ഷൻ (FNHTR)) ആണ് ഏറ്റവും സാധാരണമായ തരം ട്രാൻസ്ഫ്യൂഷൻ പ്രതികരണം. പനി ഉൾപ്പെടെയുള്ള ലക്ഷണങ്ങളുള്ള ഒരു സൗമ്യമായ സംഭവമാണിത്; പക്ഷേ, ഹീമോലിസിസുമായി നേരിട്ടുബന്ധമില്ല. വെളുത്ത രക്താണുക്കളുടെ തകർച്ചയുടെ ഫലമായി ദാതാവിന്റെ ഉൽപന്നത്തിനുള്ളിലെ ല്യൂക്കോസൈറ്റുകളിൽനിന്നുള്ള സൈറ്റോകൈൻ പുറത്തുവിടുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്. അതോടൊപ്പം, പൊരുത്തമില്ലാത്ത രക്തമാറ്റംമൂലം ഹീമോലിറ്റിക് ട്രാൻസ്ഫ്യൂഷൻ പ്രതികരണങ്ങൾ (hemolytic reaction) പോലുള്ള ഗുരുതര അവസ്ഥകളും സംഭവിക്കാം. ഇത്തരം പ്രതികരണങ്ങൾക്ക് സാധ്യതയുള്ള രോഗികളിൽ രക്തമാറ്റം ഹൃദയപ്രശ്നങ്ങൾക്ക് (heart failure) കാരണമാകാം. അപൂർവമായി, രക്തപ്പകർച്ചയുമായി ബന്ധപ്പെട്ട Transfusion-Associated Acute Lung Injury (TRALI) എന്ന ഗുരുതരമായ സങ്കീർണ്ണതയും ഉണ്ടായേക്കാം. ശ്വാസകോശത്തിൽ അധിക ദ്രാവകം വേഗത്തിൽ അടിഞ്ഞുകൂടുന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് ശരീരകലകളിലേക്കുള്ള ഓക്സിജന്റെ വിതരണത്തിൽ അപകടകരമായ കുറവുകൾക്ക് കാരണമാകും. രക്തപ്പകർച്ചയിലൂടെ HIV, ഹെപ്പറ്റൈറ്റിസ് B, ഹെപ്പറ്റൈറ്റിസ് C, സിഫിലിസ്, മലേറിയ തുടങ്ങിയ രോഗങ്ങൾ പകരാനുള്ള സാധ്യതയും ആശങ്കയുളവാക്കുന്ന വയാണ്. എങ്കിലും, ട്രാൻസ്ഫ്യൂഷൻരീതിയിലെ മാറ്റങ്ങൾകാരണം ഇപ്പോൾ ഈ സാധ്യതകൾ വളരെ കുറഞ്ഞനിലയിലേക്ക് എത്തിക്കാനായിട്ടുണ്ട്.

ഒരു രോഗാണു, ദാതാവിന്റെ ശരീരത്തിൽ പ്രവേശിച്ചതിനുശേഷം, പരിശോധനയിൽ കണ്ടെത്താൻ കഴിയുന്നതിനുമുമ്പുള്ള സമയമാണ് 'വിൻഡോ പീരിയഡ്' എന്ന ഘട്ടം. ഇതൊരു പ്രധാനവെല്ലുവിളിയാണ്. ഈ സമയത്ത് രക്തം ദാനംചെയ്താൽ, രോഗാണു പരിശോധനയിൽ കണ്ടെത്താതെ പോകാം. എന്നാൽ, ആധുനിക രക്തബാങ്കുകൾ ഇപ്പോൾ അത്യന്തം സെൻസിറ്റീവായ, ആധുനിക പരിശോധനാ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനാൽ, വിൻഡോ പീരിയഡ് വളരെ കുറയ്ക്കാനും, രക്തത്തിലൂടെ രോഗം പകരാനുള്ള സാധ്യത ഗണ്യമായി കുറഞ്ഞ നിലയിലേക്ക് എത്തിക്കാനും കഴിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, രക്തപകർച്ച (blood transfusion) വൈദ്യശാസ്ത്രപരമായി ഏറ്റവും ആവശ്യമായ സാഹചര്യങ്ങളിൽ മാത്രമേ നിർദേശിക്കാവൂവെന്നും ഉപയോഗിക്കാവൂവെന്നും വിവിധ പ്രശ്നസാധ്യതകൾ ഓർമ്മപ്പെടുത്തുന്നു.

blood 6

ആരോഗ്യകരമായ ജീവിതശൈലി പുലർത്തുന്ന സുരക്ഷിത രക്തദാതാക്കളുടെ സ്ഥിരമായ ലഭ്യത എത്രത്തോളം അനിവാര്യമാണെന്ന് വ്യക്തമാക്കുന്നതാണ് മേൽ വിവരിച്ച സാഹചര്യങ്ങൾ. എല്ലാ യോഗ്യരായ വ്യക്തികളും സ്വമേധയാ രക്തം ദാനംചെയ്യാൻ പ്രോത്സാഹിപ്പിക്കപ്പെടണം. സാമൂഹികപ്രതിബദ്ധതയുള്ള യോഗ്യരായ രക്തദാദാക്കൾ പ്രത്യേകമായ ഒരു വിളിക്കായി കാത്തിരിക്കേണ്ടതില്ല; പ്രവർത്തനസമയങ്ങളിൽ അടുത്തുള്ള രക്തകേന്ദ്രത്തിൽ നേരിട്ടെത്തി രക്തം ദാനംചെയ്യാം. ഇതിലൂടെ പകര രക്തദാനത്തെ (replacement blood donation) ആശ്രയിക്കുന്നത് കുറയ്ക്കാനും രക്തകേന്ദ്രങ്ങളിൽ ആവശ്യമായ രക്തസംഭരം നിലനിർത്താനും കഴിയും.

സ്ഥിരമായ രക്തദാനം സാമൂഹിക പ്രതിബദ്ധത വളർത്തുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിയന്ത്രിക്കാനും ഹൃദ്രോഗങ്ങളിൽനിന്ന് ഒരളവിൽ സംരക്ഷണം നൽകാനും സഹായിക്കാം. ഇതോടൊപ്പം ഒരു മനുഷ്യജീവൻ രക്ഷിക്കാൻ സാധിക്കുന്നതിന്റെ സന്തോഷവും അഭിമാനവും മറ്റേതൊരു പ്രതിഫലത്തേക്കാളുമുപരി ആസ്വദിക്കുന്നതിനും അവസരം ലഭിക്കും.

About the Author

ഡോ. പി എസ്സ് ഷാജി

കോന്നി മെഡിക്കൽ കോളേജിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിലെ പ്രൊഫസ്സറും വകുപ്പ് തലവനുമാണ്

അഭിപ്രായങ്ങൾ (0)

അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ദയവായി .
ആദ്യമായി ഒരു അഭിപ്രായം രേഖപ്പെടുത്തൂ!