• മൃതശരീരം പഠനാവശ്യങ്ങള്‍ക്ക് ദാനം ചെയ്യേണ്ടതിന്റെ ആവശ്യകത ചര്‍ച്ചചെയ്യുന്നു.
  • മരണാനന്തരം മൃതശരീരമോ അവയവങ്ങളോ ദാനം ചെയ്യുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിശദീകരിക്കുന്നു
  • ശരീരദാനത്തോടുള്ള സമൂഹത്തിന്റെ വിപ്രപത്തി കുറയ്ക്കാന്‍ സ്വീകരിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

ഓരോവ്യക്തിക്കും സ്വന്തംകാര്യത്തിൽ തീരുമാനമെടുക്കാൻ പൂർണ്ണമായ അധികാരമുണ്ട്. എന്നാൽ, മരണത്തോടെ ആ അധികാരം നഷ്ടപ്പെടുകയാണ്. മരണശേഷം തൻ്റെ ശരീരം, വൃക്ക, ഹൃദയം, കരൾ, ശ്വാസകോശം തുടങ്ങിയ അവയവങ്ങൾ ജീവിച്ചിരിക്കുന്ന, ആവശ്യക്കാരായ, മറ്റു മനുഷ്യർക്ക് നൽകുന്നതിന് മരണത്തിനുമുമ്പ് ആവശ്യപ്പെടാൻ ഒരാൾക്ക് കഴിയും. അതിനുള്ള സമ്മതപത്രം കൊടുക്കാൻ വ്യവസ്ഥയുണ്ട്. സമൂഹത്തിന് വലിയ ഗുണഫലങ്ങൾനൽകുന്ന മഹത്തായ ഈ പ്രവൃത്തിക്കുള്ള സമ്മതം മുൻകൂട്ടിത്തന്നെ നമ്മൾ നൽകേണ്ടതുണ്ട്.

നമ്മുടെനാട്ടിൽ മെഡിക്കൽ കോളേജുകളുടെ എണ്ണവും അതോടൊപ്പം വൈദ്യശാസ്ത്ര വിദ്യാർഥികളുടെ എണ്ണവും ഗണ്യമായി വർധിച്ചിട്ടുണ്ട്. ഇവർക്ക് മനുഷ്യശരീരത്തിന്റെ ഘടനയെക്കുറിച്ച് ( Anatomy) നേരിട്ടുപഠിക്കാൻ മൃതശരീരങ്ങൾ ആവശ്യമാണ്. സങ്കീർണ്ണമായ ശസ്ത്രക്രിയകൾ ചെയ്യേണ്ടതായ ഭാവിയിലെ ഡോക്ടർമാർക്ക് പരിശീലനം നടത്തുന്നതിനും മൃതശരീരങ്ങൾ വേണം. കൂടാതെ, പുതിയരോഗങ്ങളെ കണ്ടെത്താനും ചികിത്സാരീതികൾ പരീക്ഷിക്കാനുമുള്ള ഗവേഷണങ്ങളിലും മൃതശരീരങ്ങൾ ഉപയോഗപ്പെടുന്നു.

അപകടങ്ങളിൽപ്പെട്ട് മസ്തിഷ്കമരണം സംഭവിച്ച ഒരാളുടെ അവയവങ്ങൾ ലഭ്യമായാൽ ആസന്നമരണാവസ്ഥയിലുള്ള എട്ടുപേരെ രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയും. മൃതശരീരം പഠനത്തിനായി അനാട്ടമിവകുപ്പിന് വിട്ടുകൊടുക്കുന്നതിനുപുറമേ, മസ്തിഷ്കമരണം സംഭവിച്ച ആളിന്റെ വൃക്കകൾ, കരൾ, ഹൃദയം തുടങ്ങിയ അവയവങ്ങൾ അവ ആവശ്യമുള്ള ശരീരങ്ങളിലേക്ക് മാറ്റിയാൽ അവയിൽ ജീവൻ തുടരുകയും ചെയ്യും. മരിച്ചയാളിന്റെ രണ്ട് കണ്ണുകൾ കാഴ്ചയില്ലാത്ത രണ്ടുപേർക്ക് വെളിച്ചംനൽകും. വൃക്കമാറ്റിവയ്ക്കൽ, ഹൃദയംമാറ്റിവയ്ക്കൽ തുടങ്ങിയ ശസ്ത്രക്രിയകൾ വമ്പിച്ച ചെലവ് വരുന്നതാണ്. ഇത്തരം അവയവങ്ങൾ ദാനമായികിട്ടിയാൽ സാധാരണക്കാരായ ആവശ്യക്കാർക്ക് പുതിയൊരുജീവിതം ലഭിക്കാൻ അത് സഹായിക്കും. സാമ്പത്തിക പിന്നാക്കാവസ്ഥ കാരണം ജീവിതം അവസാനിച്ചുപോകുമായിരുന്ന ആളുകൾ ജീവിതസ്വപ്നങ്ങളിലേക്ക് തിരിച്ചുവരുകയും കർമ്മനിരതരാവുകയും ചെയ്യുന്നത് സമൂഹത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ഗുണകരമാണ്.

നമ്മുടെസമൂഹത്തിൽ ഏത് മതവിഭാഗത്തിൽപ്പെട്ടവരായിരുന്നാലും വിവാഹവും മരണവും എല്ലാം വലിയ ചെലവ് ഉണ്ടാക്കുന്ന ആർഭാടപൂർണ്ണമായ ആചാരങ്ങളാണ്. മരണാനന്തര അടിയന്തിരങ്ങൾ ദിവസങ്ങളോളം നീണ്ടുനിൽക്കും. അന്തസ്സ് പുലർത്താൻ കടംവാങ്ങിയും അടിയന്തരിങ്ങൾ നടത്തും. ഇതിന്റെ യഥാർഥ ഗുണഭോക്താക്കൾ ജോത്സ്യന്മാരും പുരോഹിതന്മാരുമാണ്. മരിക്കുന്നവരുടെ ശരീരം മരണാനന്തരകർമ്മങ്ങൾ ചെയ്യാനന്നപേരിൽ അവർക്ക് വിട്ടുകിട്ടുന്നില്ലായെങ്കിൽ മതപുരോഹിതർക്ക് സാമ്പത്തികമായ തിരിച്ചടിയുണ്ടാകും. ചാരമാവുകയോ മണ്ണിൽ ദ്രവിച്ചുചേരുകയോ ചെയ്യുമായിരുന്ന മൃതദേഹങ്ങൾ ശാസ്ത്രപഠനത്തിന്റെവഴിയിൽ സഞ്ചാരംതുടങ്ങുമ്പോൾ സമൂഹത്തിൽ ശാസ്ത്രബോധത്തിന്റെയും മാനവികതയുടെയും മുളകൾ അങ്കുരിച്ച് വളർന്നു തുടങ്ങും.

മരണപ്പെട്ടയാളിൻ്റെ കുടുംബാംഗങ്ങളോടുള്ള സൗഹൃദത്തിൻ്റെപേരിൽ എത്തിച്ചേരുന്ന ആൾക്കൂട്ടത്തിൻ്റെ ചിന്തകൾ മിക്കവാറും പ്രതിലോമപരവും ഗോത്രീയവും പാരമ്പര്യാധിഷ്ഠിതവും ആയിരിക്കും. ശാസ്ത്രാധ്യാപകർപോലും പൂക്കളും വായ്ക്കരിയുമായി ശവമഞ്ചത്തിനടുത്തുണ്ടാവും. ശരീരദാന സമ്മതം നിലവിലുണ്ടാവുകയും പരേതന്റെ അവകാശികൾ സമ്മതിക്കുകയും ചെയ്താൽമാത്രമേ, മൃതദേഹം മെഡിക്കൽ കോളേജിലേക്ക് എടുക്കൂ. ബന്ധുക്കളിലാരെങ്കിലും എതിർത്താൽ ശ്രമം പരാജയപ്പെടും അവരെ ദുഃസ്വാധീനംചെലുത്തി നിരുത്സാഹപ്പെടുത്തി പിന്തിരിപ്പിക്കാൻ ധാരാളം ആൾക്കാർ ചുറ്റിനുമുണ്ടാകും. സമുദായപ്രവർത്തകരും സംഘടനകളുമുണ്ടാകും. കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു സഖാവ് എം എം ലോറൻസിന്റെ മരണത്തിൽ സംഭവിച്ചതുപോലെ ചിലപ്പോൾ കോടതികയറേണ്ടിയും വന്നേക്കാം.

organ1

മരണപ്പെട്ടയാളിൻ്റെ കുടുംബാംഗങ്ങളോടുള്ള സൗഹൃദത്തിൻ്റെപേരിൽ എത്തിച്ചേരുന്ന ആൾക്കൂട്ടത്തിൻ്റെ ചിന്തകൾ മിക്കവാറും പ്രതിലോമപരവും ഗോത്രീയവും പാരമ്പര്യാധിഷ്ഠിതവും ആയിരിക്കും. ശാസ്ത്രാധ്യാപകർപോലും പൂക്കളും വായ്ക്കരിയുമായി ശവമഞ്ചത്തിനടുത്തുണ്ടാവും. ശരീരദാന സമ്മതം നിലവിലുണ്ടാവുകയും പരേതന്റെ അവകാശികൾ സമ്മതിക്കുകയും ചെയ്താൽമാത്രമേ, മൃതദേഹം മെഡിക്കൽ കോളേജിലേക്ക് എടുക്കൂ. ബന്ധുക്കളിലാരെങ്കിലും എതിർത്താൽ ശ്രമം പരാജയപ്പെടും അവരെ ദുഃസ്വാധീനംചെലുത്തി നിരുത്സാഹപ്പെടുത്തി പിന്തിരിപ്പിക്കാൻ ധാരാളം ആൾക്കാർ ചുറ്റിനുമുണ്ടാകും. സമുദായപ്രവർത്തകരും സംഘടനകളുമുണ്ടാകും. കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു സഖാവ് എം എം ലോറൻസിന്റെ മരണത്തിൽ സംഭവിച്ചതുപോലെ ചിലപ്പോൾ കോടതികയറേണ്ടിയും വന്നേക്കാം.

സമൂഹത്തിൽ തീരെ ചെറിയൊരുവിഭാഗമേ ശരീര അവയവദാനത്തിന് തയ്യാറാകൂ. അവരിൽത്തന്നെ മരിച്ചുകഴിഞ്ഞാൽ ബന്ധുക്കൾ കൂറുമാറുന്നതിന്റെ ഫലമായി ദാനത്തിന്റെ എണ്ണംകുറയും. മരിച്ചാൽ കൃത്യമായി അറിയിച്ചാലും നിശ്ചിത സമയത്തിനുള്ളിൽ നേത്രപടലങ്ങൾ നീക്കംചെയ്യാൻ പല മെഡിക്കൽ കോളേജുകളിലെയും അന്ധവിശ്വാസലോബികൾ തടസ്സംനിൽക്കും. മൃതദേഹം ദാനംചെയ്തുമാത്രമേ അടങ്ങൂവെന്ന് കർശനമായി നിലപാടെടുക്കുന്ന ബന്ധുക്കളുണ്ടെങ്കിൽ മാത്രമേ, ശരീര അവയവദാനം യാഥാർഥ്യമാക്കാൻ കഴിയൂ. നാട്ടിൻപുറങ്ങളിൽ ജനങ്ങൾ കണ്ടുപരിചയിച്ച പൂജകളും മന്ത്രോച്ചാരണങ്ങളും കുഴിവെട്ടലും ചിതയൊരുക്കലും സഞ്ചയനവും പതിനാറടിയന്തിരവും പള്ളിക്കർമ്മങ്ങളും നടത്തിയാലേ പരേതന് മോക്ഷംകിട്ടൂവെന്ന് വിശ്വസിക്കുന്ന ഒരു ജനതയുടെ കൺമുമ്പിൽ മതചടങ്ങുകൾ ഒഴിവാക്കി മനുഷ്യസേവനം തുടരാൻ മരിച്ചയാൾ പുറപ്പെടുന്നത് വിസ്മയകരമാണ്. ആൾക്കൂട്ടത്തിൽ ചിലരുടെ നെറ്റിചുളിയും. വിമർശനങ്ങൾ കുശുകുശുപ്പായി പടരും. ചിലർ കത്തിച്ചുകളയാതെ ശരിരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയതിനെ ന്യായീകരിക്കും. അതിൽ നന്മ കണ്ടെത്തും. ചടങ്ങ് ഒരു പ്രായോഗിക പഠനക്ലാസായിമാറുന്നത് ശരീരദാന വോളണ്ടിയർമാർ പ്രതീക്ഷിക്കുന്നതിനും അപ്പുറമായിരിക്കും.

ശരീരദാനത്തിന് മുദ്രപ്പത്രത്തിൽ കരാറെഴുതി ബന്ധുക്കളും സാക്ഷികളും ഒപ്പിട്ട് മെഡിക്കൽ കോളേജിലെ അനാട്ടമിവിഭാഗത്തിൽ ഹാജരാക്കി സർട്ടിഫിക്കറ്റ് വാങ്ങി സൂക്ഷിക്കണമെന്നത് മരണപൂർവ ബാധ്യതയാണ്. അതു നടപ്പാക്കേണ്ടത് മരണശേഷം പരേതനോട് കൂറും സ്നേഹവുമുള്ള ചുരുക്കംപേർ മാത്രമാണ്. അവർക്കുമുമ്പിൽ തടസ്സങ്ങളേറെയാണ്. ഇത് ഒരു പോപ്പുലർ പരിപാടിയല്ല. പൂജകൾ നടത്തി കത്തിച്ചുകളയുന്നതാണ് പോപ്പുലർ. അങ്ങനെചെയ്താലേ പുരുഷാർഥപ്രധാനമായ മോക്ഷംലഭിക്കൂ. പരമലക്ഷ്യം മോക്ഷമാണ്. എല്ലാവർക്കും മോക്ഷംവേണം. മോക്ഷംകിട്ടണമെങ്കിൽ മരിക്കണം. അതുകൊണ്ട്, ആർക്കും സ്വന്തം മോക്ഷം ഉടനെവേണ്ട. പക്ഷേ, മരിച്ചയാളിന് മോക്ഷംകൊടുക്കാൻ അവർ പ്രതിജ്ഞാബദ്ധരുമാണ്. ഇക്കൂട്ടർ ദാനകർമ്മത്തിന് കടകവിരുദ്ധമാണ്. സംവിധാനങ്ങളും നടപടികളും ഫലത്തിൽ അവർക്ക് അനുകൂലമാണ്.

organ 10

ഫോർമാലിറ്റികൾ ലഘൂകരിച്ചാൽമാത്രമേ പദ്ധതി ജനങ്ങളിലേക്ക് എത്തൂ. ദാദാക്കളുടെ എണ്ണം വർധിക്കൂ. നേത്രപടലങ്ങൾക്കായി അന്യരാജ്യങ്ങളെ ആശ്രയിക്കുന്ന സ്ഥിതി ഒഴിവാകൂ. ശരീരദാന ക്യാമ്പയിൻനടത്തുന്ന സന്നദ്ധസേവകർക്ക് ജോലിഭാരം കുറയ്ക്കണം. ഒരു ദാതാവ് മരിച്ചുകഴിഞ്ഞ് വിവരം അറിയിച്ചാൽ കാലവിളംബംകൂടാതെ നേത്രബാങ്കുകാർ സ്ഥലത്തുവന്ന് നേത്രപടലങ്ങൾ നീക്കംചെയ്തു കൊണ്ടുപോകണമെന്ന് നിയമപരമായി വ്യവസ്ഥചെയ്യണം. ബന്ധപ്പെട്ട മെഡിക്കൽ കോളേജധികൃതർ വാഹനത്തിൽവന്ന് മരിച്ച ആളുടെ മൃതദേഹം ഏറ്റുവാങ്ങണമെന്നും വ്യവസ്ഥയുണ്ടാക്കണം. ബന്ധുക്കളും സുഹൃത്തുക്കളും അനാട്ടമി വകുപ്പിനുമുമ്പിൽ ഉദ്യോഗസ്ഥരിൽ ഒരു വിഭാഗത്തിന്റെ അവഹേളനപാത്രമായി മണിക്കൂറുകൾ കാത്തുനിൽക്കാൻ ഇടവരുത്തരുത്.

സമൂഹത്തിൻറെ ശരീരദാനത്തോടുള്ള വിപ്രതിപത്തി കുറയണം. നൂറ്റാണ്ടുകളായി തുടർന്നുവരുന്ന അന്ധവിശ്വാസങ്ങളെ ചോദ്യംചെയ്യുന്ന ശരീരദാനം ആളുകൾക്കിടയിൽ ചർച്ചാവിഷയമാകണം. സാധാരണ മനുഷ്യരിലേക്ക് ഈ പുരോഗമനാശയത്തിന് വഴിതുറക്കണം യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ ഈ മേഖലയിൽ ക്യാമ്പയിൻനടത്തുന്ന സന്നദ്ധപ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സർക്കാരിന്റെഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. നിയമവും നടപടിക്രമങ്ങളും ലഘൂകരിക്കുന്നതോടൊപ്പം സന്നദ്ധസേവകർക്ക് അംഗീകാരവും ഉണ്ടാകണം. ശരീര അവയവദാനം ഏറ്റവും വലിയ പുണ്യപ്രവൃത്തിയാണെന്ന യാഥാർഥ്യം സമൂഹം അംഗീകരിക്കാൻ സർക്കാർ മുൻകൈയെടുക്കണം. ഇപ്പോൾ വലിയ പരിഗണനയൊന്നുമില്ലായെന്നുമാത്രമല്ല, സന്നദ്ധപ്രവർത്തകർ പലപ്പോഴും അവഗണന നേരിടുന്നുവെന്നതാണ് വാസ്തവം.

ഒരാളുടെ അന്ത്യാഭിലാഷം പാലിക്കാൻ അവകാശികളെ നിർബന്ധിതരാക്കുന്ന ഒരു സ്വകാര്യ ബില്ല് മുമ്പൊരിക്കൽ സൈമൺ ബ്രിട്ടോ നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. മരിച്ച ആൾ തങ്ങളുടെ സ്വകാര്യസ്വത്താണ്; അയാളുടെ കാര്യം തീരുമാനിക്കാനുള്ള അധികാരം, അവകാശം തങ്ങൾക്കാണുള്ളത്, അയാളുടെ ഇഷ്ടമല്ല, തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തങ്ങൾ അയാളെ കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യും എന്നുവാദിക്കുന്ന പിന്മുറക്കാർക്ക് മരിച്ചയാളിൻ്റെ സ്വത്തു വകകളിൽ അവകാശം ഉണ്ടായിരിക്കുന്നതല്ലാന്ന് ആ ബില്ലിൽ വ്യവസ്ഥ ചെയ്തിരുന്നു. മരിച്ചയാളിൻ്റെ നിശ്ചയത്തിന് പ്രാബല്യംനൽകുന്ന ഒരു നിയമം നമ്മുടെ സംസ്ഥാനത്ത് ഉണ്ടായാൽമാത്രമേ ശരീരദാനമെന്ന പുണ്യപ്രവൃത്തിയെ സമൂഹം അംഗീകരിക്കൂ.

ജീവിതത്തിൽ നന്മ മുറുകെപ്പിടിക്കുന്നവരാണ് അവസാന ആഗ്രഹമെന്നനിലയിൽ ശരീരദാനത്തിന് തയ്യാറാകുന്നത്. അപകടമരണങ്ങളിൽ ചിലപ്പോൾ ബന്ധുക്കളിൽ സമയോചിതമായി ജീവകാരുണ്യ ബോധമുണ്ടായേക്കാം. രണ്ടായാലും മരണത്തെപ്പോലും മറ്റുള്ളവർക്ക് ഗുണകരമാക്കിമാറ്റുന്നത് മഹനീയമാണ്. ദാതാവിന്റെയോ സ്വീകർത്താക്കളുടെയോ ജാതി-മതങ്ങൾ ഇവിടെ പരിഗണിക്കുന്നേയില്ല. നമ്മുടെ സമൂഹത്തിന്റെ സമസ്തമേഖലകളിലും സ്വാധീനംചെലുത്തുന്ന നിർണ്ണായകശക്തി, ജാതി-മത ശക്തികളാണുതാനും. മസ്തിഷ്കമരണത്തിൽ ഒരാളുടെ അവയവങ്ങൾ എട്ടുപേർക്കായി നൽകും. അത്യാവശ്യക്കാരുടെ മുൻഗണനാലിസ്റ്റിൽ മരിച്ചയാളിന്റെ ബന്ധുക്കളോ ജാതി-മത സഹോദരങ്ങളോ ഉണ്ടാകാറില്ല. മരണത്തിലും മതേതരത്വം കാത്തുസൂക്ഷിക്കുന്ന മഹനീയതയാണ് ഇവിടെ ദൃശ്യമാകുന്നത്. ഒട്ടേറെ രോഗികൾക്ക് പുതുജീവൻ കൊടുക്കുകയും ഭാവിയിലെ ഡോക്ടർമാർക്ക് കൂടുതൽ വൈദഗ്ധ്യം പ്രദാനംചെയ്യുകയും ചെയ്യുന്നത് ശരീര അവയവദാനത്തിന്റെ പ്രത്യേകതയാണ്.

“പരോപകാരാർഥമിദം ശരീരം” എന്ന പ്രസിദ്ധമായ സുഭാഷിതം സമൂഹത്തിനും ലോകത്തിനും ഗുണംചെയ്യുന്നരീതിയിൽ ജീവിക്കുന്നതിന് നമ്മെ ഓരോരുത്തരെയും ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കട്ടെ.

About the Author

കൈനകരി വിക്രമൻ

കേരള യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്

അഭിപ്രായങ്ങൾ (0)

അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ദയവായി .
ആദ്യമായി ഒരു അഭിപ്രായം രേഖപ്പെടുത്തൂ!