- ശരീരദാനംകൊണ്ടുള്ള പ്രയോജനം എന്താണെന്ന് വിശദീകരിക്കുന്നു
- മൃതശരീരങ്ങള്‍ മുറിച്ചുപഠിക്കുന്നരീതിയുടെ ചരിത്രപശ്ചാത്തലം വിശദമാക്കുന്നു.
- അനാട്ടമി ആക്ടിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്നു.
സെപ്റ്റംബർ 2024 മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം നഷ്ടങ്ങളുടെ മാസമായിരുന്നു. സെപ്റ്റംബർ പന്ത്രണ്ടിന് പാർട്ടിയുടെ സമുന്നതനായ അഖിലേന്ത്യാ നേതാവ് സീതാറാം യെച്ചൂരി ശ്വാസകോശ രോഗത്തെത്തുടർന്ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽവച്ച് അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഭൗതികശരീരം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി ആ ആശുപത്രിക്കു വിട്ടുനൽകി. ഇതേമാസം ഇരുപത്തിയൊന്നാം തീയതി മാർക്സിസ്റ്റു പാർട്ടിയുടെ കേരളത്തിലെ ഉന്നതനായ നേതാവ് സഖാവ് എം എം ലോറൻസ് കൊച്ചിയിൽ വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ഭൗതികശരീരം ഒടുവിൽ ചില നാടകീയരംഗങ്ങൾക്കുശേഷം എറണാകുളം മെഡിക്കൽ കോളേജിനു വിദ്യാർഥികളുടെ പഠനാവശ്യത്തിനായി വിട്ടുനൽകി. മരണാനന്തരം സ്വന്തംശരീരം പഠന-ഗവേഷണങ്ങൾക്കായി ദാനംചെയ്യുകയെന്നത് മഹത്തരമായ ഒരു കാര്യമാണ്. ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കഴിയുന്നവരെ അഭിനന്ദിക്കേണ്ടതാണ്.
അവരുടെ കുടുംബാംഗങ്ങളെ പ്രത്യേകിച്ചും, പല വിശിഷ്ട വ്യക്തികളും ഇതിനുമുമ്പും ശരീരദാനം നടത്തിയിട്ടുണ്ട്. പ്രമുഖ കമ്മ്യൂണിസ്റ്റു നേതാവായിരുന്ന ജ്യോതിബസു, ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖ് ഇങ്ങനെ തുടരുന്നു ആ പട്ടിക. കഴിഞ്ഞവർഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പൂർവവിദ്യാർഥിയും, ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനുമായിരുന്ന ഡോക്ടർ, സ്വന്തംശരീരം താൻ പഠിച്ച കോളേജിനുതന്നെ ദാനംചെയ്ത് മാതൃകയായി. വർഷങ്ങൾക്കുമുമ്പ് സിനിമാനടൻ കമൽഹാസൻ ശരീരദാനത്തിനുള്ള സന്നദ്ധത പ്രഖ്യാപിച്ചിരുന്നു.
ശരീരദാനംകൊണ്ടുള്ള പ്രയോജനമെന്താണ്? മെഡിക്കൽ വിദ്യാർഥികൾ മനുഷ്യശരീരത്തെയും അതിന്റെ ഘടനയെയും കുറിച്ചു പഠിക്കുന്നത് മൃതശരീരങ്ങൾ കീറിമുറിച്ചാണ്. ഇതാണ് Dissection. മാത്രമല്ല, ചില നൂതന ശസ്ത്രക്രിയാരീതികൾ മൃതശരീരങ്ങളിൽ ഡോക്ടർമാർ ചെയ്തുപഠിക്കാറുമുണ്ട്. ഇത്തരത്തിലുള്ള പഠന-ഗവേഷണങ്ങളിലൂടെയാണ് ആധുനികവൈദ്യശാസ്ത്രം ഇന്നത്തെ നിലയിലേക്കു വളർന്നുവികസിച്ചത്. മെഡിക്കൽ കോളേജുകളിൽ അനാട്ടമിവിഭാഗമാണ് പഠനാവശ്യത്തിനുള്ള മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നത്. മനുഷ്യശരീരത്തിന്റെ ഘടനയും രൂപവും ആന്തര അവയവങ്ങളുടെ ക്രമീകരണവും അന്യോന്യബന്ധവും മനസ്സിലാക്കാൻ സഹായിക്കുന്ന ജീവശാസ്ത്രശാഖയാണ് അനാട്ടമി. 'മരിച്ചവർ ജീവിച്ചിരിക്കുന്നവരെ പഠിപ്പിക്കുന്നു'വെന്നർഥംവരുന്ന 'The Dead teaches the Living' എന്നൊരു വാക്യം എല്ലാ അനാട്ടമി ഹാളുകളുടെമുമ്പിലും എഴുതിവച്ചിട്ടുണ്ട്.
മെഡിക്കൽ കോളേജുകളിൽ വിദ്യാർഥികളുടെ പഠനാവശ്യത്തിന് ഇപ്പോൾ ലഭ്യമാകുന്നത് അനാഥവും അവകാശികളില്ലാത്തതുമായ മൃതദേഹങ്ങളാണ്. ഇടയ്കൊക്കെ മേല്പറഞ്ഞതുപോലെ ദാനമായി കിട്ടുന്നവയും. അനാട്ടമിയുടെ ചരിത്രത്തിലൂടെ അല്പമൊന്നു കണ്ണോടിച്ചാൽ, BCE (പൊതു വർഷത്തിനു മുമ്പ്) മൂന്നാം നൂറ്റാണ്ടോടെ ഗ്രീക്കു മെഡിസിന്റെകാലത്ത് ഹിറോഫിലിസാണ് മൃതശരീരങ്ങൾ മുറിച്ചു പഠിക്കുന്ന രീതിക്കു തുടക്കംകുറിച്ചതതെന്നു കാണാം. പിന്നീട്, CE (പൊതുവർഷം) 130-ൽ ഗാലനിസത്തിന്റെ ഉപജ്ഞാതാവായ ഗാലൻ ഇത് പ്രോത്സാഹിപ്പിച്ചു. പന്ത്രണ്ടാംനൂറ്റാണ്ടോടെ പള്ളികളുടെ പിന്തുണയിൽ വീണ്ടും ഡൈസെക്ഷനു പ്രചാരംകിട്ടി. യുറോപ്പിലെ ബാർബർ സർജൻമാർ ഡൈസെക്ഷൻ ചെയ്തിരുന്നു. പതിനഞ്ചാംനൂറ്റാണ്ടിൽ ആൻഡ്രിയാസ് വേസേലിയസ് അനാട്ടമി പഠനത്തിന് ഡൈസെക്ഷൻ നിർബന്ധമാക്കി. അന്നത്തെ വിഖ്യാത ചിത്രകാരനായിരുന്ന ലിയാനാഡോ ഡാവിഞ്ചി, മഹാശില്പിയായിരുന്ന മൈക്കൽ ഏഞ്ചലോ ഇവരൊക്കെ തങ്ങളുടെ കലാസൃഷ്ടികളുടെ പൂർണ്ണതയ്ക്കായി മൃതശരീരങ്ങൾ കീറിമുറിച്ച് പഠിച്ചിരുന്നു. മിലനിലെയും ഫ്ളോറൻസിലെയും ആശുപത്രി മോർച്ചറികളിൽ, ഡാവിഞ്ചി സ്ഥിരം സന്ദർശകനായിരുന്നുവത്രേ! അനാട്ടമിപഠനത്തിന് ഡാവിഞ്ചി നൽകിയ സംഭാവനകൾ അമൂല്യമാണ്. പിന്നീട് പഠനത്തിന് മൃതശരീരങ്ങളുടെ ആവശ്യം വർധിക്കുകയും അവയുടെ ലഭ്യത കുറയുകയും ചെയ്തതോടെ, അടിമകളുടെയും വധശിക്ഷയ്ക്കുവിധേയരാക്കപ്പെട്ട കുറ്റവാളികളുടെയും മറ്റും ശവശരീരങ്ങൾ ഇതിനുപയോഗിച്ചു തുടങ്ങി. ശവക്കല്ലറകളിൽനിന്ന് ജഡങ്ങൾ മോഷ്ടിക്കുക, ശവങ്ങൾ തട്ടിയെടുക്കുക തുടങ്ങിയ കുത്സിതവൃത്തികളും അരങ്ങേറി. അനാട്ടമിയുടെ ചരിത്രത്തിലെ ഇരുണ്ട കാലയള (Dark period) വെന്നാണ് ഇതറിയപ്പെടുന്നത്.
ശരീരഗാനം കൊണ്ടുള്ള പ്രയോജനമെന്താണ്? മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മനുഷ്യശരീരത്തെയും അതിന്റെ ഘടനയെയും കുറിച്ച് പഠിക്കുന്നത് മൃതശരീരങ്ങള്‍ കീറിമുറിച്ചാണ്. ഇതാണ് Dissection. മാത്രമല്ലസ ചില നൂതന ശസ്ത്രക്രിയാരീതികള്‍ മൃതശരീരങ്ങളില്‍ ഡോക്ടര്‍മാര്‍ ചെയ്തുപഠക്കാറുമുണ്ട്. ഇത്തരത്തിലുള്ള പഠന-ഗവേഷണങ്ങളിലൂടെയാണ് ആധുനികവൈദ്യശാസ്ത്രം ഇന്നത്തനിലയിലേക്ക് വളര്‍ന്നുവികസിച്ചത്. മെഡിക്കല്‍ കോളേജുകളില്‍ അനാട്ടമി വിഭാഗമാണ് പഠനാവശ്യത്തിനുള്ള മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മനുഷ്യശരീരത്തിന്റെ ഘടനയും രൂപവും ആന്തരാവയവങ്ങളുടെ ക്രമീകരണവും അന്യോന്യബന്ധവും മനസ്സിലാക്കാന്‍ സഹായിക്കുന്ന ജീവശാസ്ത്രശാഖയാണ് അനാട്ടമി
ഇതിനൊക്കെ ഒരു നിയന്ത്രണം വരുത്തിക്കൊണ്ട് 1752-ൽ ബ്രിട്ടണിൽ ഒരു നിയമം നിലവിൽവന്നു. അതായിരുന്നു 'മർഡർ ആക്ട്' വധശിക്ഷകഴിഞ്ഞ കുറ്റവാളികളുടെ ജഡം ഉപയോഗിക്കാമെന്ന വ്യവസ്ഥ. പിന്നീട്, 1832-ൽ അനാട്ടമി ആക്ട് വന്നു. ഇത് അവകാശികളില്ലാത്ത ശരീരങ്ങൾ, സ്വമേധയാ ദാനംചെയ്യപ്പെടുന്ന ശരീരങ്ങൾ ഇവയൊക്കെ ഡോക്ടർമാർക്ക് ഉപയോഗിക്കാമെന്ന് വ്യവസ്ഥ ചെയ്തു. 1961-ൽ Human tissue act ഉം, 84-ൽ Revised human tissue act ഉം ഉണ്ടായി. 2004-ൽ അവയവദാനംകൂടി ഇതിൽ ഉൾപ്പെടുത്തി നിയമം പരിഷ്കരിച്ചു.
1949 ലാണ് ഇന്ത്യയിൽ ആദ്യമായി മഹാരാഷ്ട്രയിൽ ബോംബെ ആക്ട് എന്ന പേരിൽ അനാട്ടമി ആക്ട് രൂപംകൊണ്ടത്. തുടർന്ന് എല്ലാ സംസ്ഥാനങ്ങളും അവരവരുടേതായ നിയമങ്ങൾ കൊണ്ടുവരുകയും, പലപ്പോഴായി അതിൽ ഭേദഗതികൾ വരുത്തുകയും ചെയ്തിട്ടുണ്ട്.
കേരളത്തിലെ അനാട്ടമി ആക്ട് 1957 ലാണ് ഉണ്ടായത്. അനാട്ടമി ഡിസക്ഷനുവേണ്ടി മെഡിക്കൽ വിദ്യാഭാസസ്ഥാപനങ്ങൾക്ക് ശവശരീരങ്ങൾ എങ്ങനെ ലഭ്യമാക്കാമെന്നു വ്യക്തമാക്കുന്ന വസ്തുതകളാണ് അതിലുള്ളത്. ഇത് 1988-ൽ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്. ശവശരീരം സ്വീകരിക്കുന്ന അധികാരികൾ അനാട്ടമിവകുപ്പിന്റെ മേധാവിയും മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമാണ്. അടുത്ത ബന്ധുക്കൾ ആരെന്നും നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്; ഭാര്യ, ഭർത്താവ്, മാതാപിതാക്കൾ, മകൻ, മകൾ, സഹോദരൻ, സഹോദരി, രക്തബന്ധത്തിൽപ്പെട്ട പിൻഗാമികൾ എന്നിങ്ങനെ. അവകാശികളില്ലാത്ത മൃതശരീരങ്ങളെയും സമ്മതപത്രത്തോടെ സ്വമേധയാദാനം ചെയ്യപ്പെട്ട ശരീരങ്ങളെക്കുറിച്ചും പ്രത്യേകം പരാമർശിക്കുന്നുണ്ട്. ആദ്യവിഭാഗത്തിൽപ്പെട്ട ശരീരങ്ങളെക്കുറിച്ച് വളരെവ്യക്തമായി നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്.
രണ്ടാമത്തേത്, അടുത്തകാലത്ത് മാധ്യമങ്ങളിലൂടെ ചർച്ചയായ ഇപ്പോഴത്തെ വിഷയം. മൃതശരീരം ഏറ്റെടുക്കണമെങ്കിൽ ഒരുവ്യക്തി ജീവിച്ചിരിക്കുന്നസമയത്ത് സമ്മതപത്രം എഴുതി സാക്ഷ്യപ്പെടുത്തുകയോ അല്ലെങ്കിൽ, രണ്ടോ അതിൽക്കൂടുതൽ ആൾക്കാരുടെയോ സാന്നിധ്യത്തിൽ വാക്കാൽ ഈ ആഗ്രഹം വ്യക്തമാക്കുകയോ ചെയ്തിരിക്കണം. എന്നാൽപ്പോലും പിന്നെയെപ്പൊഴെങ്കിലും ആ വ്യക്തി, അതിന് എതിർപ്പുപ്രകടിപ്പിച്ചിട്ടുണ്ടെങ്കിൽ അഥവാ ആ വ്യക്തിയുടെ പങ്കാളിയോ ഏതെങ്കിലും അടുത്ത ബന്ധുവോ എതിർക്കുകയാണെങ്കിൽ ശരീരം വിട്ടുകൊടുക്കാതിരിക്കാം എന്നാണ് വകുപ്പ്. എന്തെങ്കിലും തർക്കമുണ്ടാവുകയാണെങ്കിൽ, ഒന്നാംക്ളാസ് മജിസ്ട്രേറ്റിനെ സമീപിക്കാം. അത് അന്തിമ തീരുമാനമായിരിക്കും. ശരീരദാനത്തിനു താൽപര്യമുള്ളവർക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിനെയോ അനാട്ടമിവകുപ്പു മേധാവിയെയോ സമീപിച്ചാൽ അതിനുള്ള അപേക്ഷാഫോറങ്ങൾ ലഭിക്കും. അത് പൂരിപ്പിച്ച് സാക്ഷ്യപ്പെടുത്തിനൽകിയാൽ മതിയാകും. എന്തായാലും, ഒരു നേതാവിന്റെ മരണവും തുടർന്നുണ്ടായ നാടകീയ സംഭവങ്ങളും അനാട്ടമി ആക്ടിനെ ജനശ്രദ്ധയിലെത്തിച്ചുവെന്നു പറയാം.
അനാട്ടമിവിഭാഗത്തിൽ എത്തിക്കുന്ന മൃതശരീരങ്ങളെ എംബാമിങ് എന്ന പ്രക്രിയയിലൂടെ ദീർഘകാലം കേടുകൂടാതെ സൂക്ഷിച്ചുവയ്കാം. രക്തം ഒഴുക്കികളഞ്ഞിട്ട്, ഫോർമാൽഡീഹൈഡ്, മെഥനോൾ, ഗ്ളിസറിൻ, കളറിങ് ഏജന്റ് എന്നിവ കലർന്ന ഒരു രാസമിശ്രിതം കടത്തിവിടുന്നു. നെഞ്ചിനകത്തും വയറിനകത്തുമുള്ള ദ്രാവകങ്ങൾ ചോർത്തിക്കളഞ്ഞശേഷം ഈ ശരീരം ഫോർമാലിൻ ബോഡി ടാങ്കുകളിൽ നിക്ഷേപിക്കുന്നു. ഇരുപതു വിദ്യാർഥികൾക്ക് ഒരുശരീരം പഠനത്തിന് നൽകുന്നുവെന്ന് കണക്കാക്കിയാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 250 വിദ്യാർഥികൾക്ക് ഏതാണ്ട് പത്ത്-പന്ത്രണ്ടു മൃതദേഹങ്ങൾ ഒരുവർഷം ആവശ്യമായിവരും. ഒരുവർഷത്തെ അനാട്ടമി കോഴ്സ് കഴിയുമ്പോൾ ഇവ അസ്ഥികൂടങ്ങളാവും. ഇതൊടുവിൽ മണ്ണിൽ അടക്കംചെയ്ത് അസ്ഥിഖണ്ഡങ്ങൾ വൃത്തിയാക്കിയെടുത്ത് പഠനത്തിന് വീണ്ടും പ്രയോജനപ്പെടുത്തുന്നു.
മൃതശരീരങ്ങൾ, കഡാവർ (Cadaver) എന്നാണ് മെഡിക്കൽവൃത്തങ്ങളിൽ പൊതുവെ അറിയപ്പെടുന്നത്. കഡാവർ, യഥാർഥത്തിൽ ഒരു ഗുരുവിന്റെപങ്കാണ് നിർവഹിക്കുന്നത്. അതുകൊണ്ടുതന്നെ, അവയെ ആദരവോടും സുന്ദരേശൻഅർഹിക്കുന്ന ബഹുമാനത്തോടും കാണാൻ വിദ്യാർഥികളെ പഠിപ്പിക്കാറുണ്ട്. ചില പുറംരാജ്യങ്ങളിൽ വിദ്യാർഥികൾ കഡാവറിന്റെ അവശിഷ്ടങ്ങൾ ആദരപൂർവം ഒരു ചടങ്ങായി അടക്കംചെയ്യാറുണ്ട്. കേരളത്തിലെ പ്രസിദ്ധ സർജനായ, ഡോ. വൈദ്യനാഥൻ ഈയിടെ തൻ്റെ, Rocky my silent mentor എന്ന പുസ്തകത്തിലൂടെ, കഡാവർ തൻ്റെ പഠനകാലത്തും പിൽക്കാലത്ത് സർജനായപ്പോഴും എങ്ങനെ സ്വാധീനിച്ചുവെന്ന് ഹൃദ്യമായി എഴുതിയിട്ടുണ്ട്
അഭിപ്രായങ്ങൾ (0)