- 2026 ലെ കേരള ബജറ്റിനെ അടിസ്ഥാനപ്പെടുത്തിയുള്ള വിശകലനം.
- വയോജനങ്ങള്‍ക്ക് ബജറ്റില്‍ നല്‍കിയിരിക്കുന്ന പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നു.
- വയോജനസമൂഹം പ്രാവര്‍ത്തികമാക്കാന്‍ പ്രാദേശിക സര്‍ക്കാരുകള്‍ വഹിക്കേണ്ട പങ്കിനെക്കുറിച്ച് വിശദീകരിക്കുന്നു.
ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാനം വയോസൗഹൃദ ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ്. ബജറ്റിനോടൊപ്പം അഞ്ചുകോടി രൂപ നീക്കിവെച്ച് വയോജന കമ്മിഷന്‍ രൂപവൽക്കരിക്കാനുള്ള പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെയപേക്ഷിച്ച് കേരളം വയോജനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. ഇന്ത്യയിലെ ജനസംഖ്യയില്‍ 11.4% പേര്‍ 60 വയസ്സ് പിന്നിട്ടവരാണ്. എന്നാല്‍, കേരളത്തിലിത് 18.7%മാണ്. ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തിലും കേരളീയര്‍ 10 വയസ്സ് കൂടുതല്‍ ജീവിക്കുന്നു. ഇതുകൊണ്ടൊക്കെത്തന്നെ, കേരളം ഇപ്പോള്‍ മുന്നോട്ടുവെച്ചിട്ടുള്ള വയോജനസൗഹൃദ ബജറ്റിന് വലിയ പ്രാധാന്യവും പ്രതീക്ഷയുമുണ്ട്.
അതിദരിദ്രരില്ലാത്ത നാടായി കേരളം മാറിയിരിക്കുന്നു. എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ഭക്ഷണം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങളെല്ലാം നമ്മള്‍ നേടിക്കഴിഞ്ഞു. ക്ഷേമപ്പെന്‍ഷന്‍ തുക വളരെ കുറവാണെങ്കിലും 60 കഴിഞ്ഞ എല്ലാവര്‍ക്കും ഏതെങ്കിലുമൊരു പെന്‍ഷനെന്ന കാര്യത്തിലും നമുക്ക് മുന്നേറാനായിട്ടുണ്ട്. രോഗാതുരത, വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ്, വീടുകളില്‍ ഒറ്റപ്പെട്ട് ജീവിക്കേണ്ടിവരുന്നവരുടെ പ്രശ്‌നങ്ങള്‍, ചലനാത്മകതയുടെ കുറവ്, പ്രായമായവരുടെ ഇടയില്‍ത്തന്നെയുള്ള വരുമാനാന്തരം എന്നീ നിരവധി പ്രശ്‌നങ്ങള്‍ കേരളത്തിലെ വയോജനങ്ങള്‍ നേരിടേണ്ടിവരുന്നുണ്ട്. ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചിട്ടുണ്ടെങ്കിലും പ്രായമായവരുടെ സന്തോഷസൂചിക അത്ര ഉയര്‍ന്നല്ല നില്‍ക്കുന്നത്. സാങ്കേതികവിദ്യകളുടെ വേഗത്തിലുള്ള മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പ്രശ്‌നങ്ങളും വയോജനങ്ങള്‍ നേരിടുന്നു. 'തന്തവൈബ്' എന്ന പ്രയോഗംതന്നെ ഇതുമായി ബന്ധപ്പെട്ടുണ്ടായതാണ്.
പ്രായമായവര്‍ വളരെ സക്രിയമായി സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ ഇടപെടുന്ന സംസ്ഥാനമാണ് നമ്മുടേത്. ഒരുകാലത്ത് ചെറുപ്പക്കാരുടെ നിയന്ത്രണത്തിലായിരുന്ന സാമൂഹിക-സാംസ്‌കാരിക രംഗം ഏറെക്കുറെ വയോജനങ്ങളുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ നടക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള സംഘടനകളില്‍പ്പോലും വയോജനങ്ങള്‍ക്കാണ് മേല്‍ക്കൈ. ഇത്തരമൊരു വയോകേരള സാഹചര്യത്തില്‍ വയോജനനയവും ബജറ്റും കമ്മിഷനുമെല്ലാം വളരെ പ്രാധാന്യത്തോടെത്തന്നെ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്.
വയോജന ബജറ്റിനായി 46,236.52 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. തുകകണ്ട് ഞെട്ടേണ്ടതില്ല. ഇതില്‍, 31,454.60 കോടി രൂപ സര്‍വീസ് പെന്‍ഷനുവേണ്ടിയാണ്. ആകെ ബജറ്റ് തുകയുടെ 19% വരുമിത്. 18.7% ജനങ്ങള്‍ക്ക് 19% ബജറ്റ് നീക്കിയിരിപ്പ് എന്നുള്ളത് സാധൂകരിക്കാമെങ്കിലും സര്‍വീസ് പെന്‍ഷന്‍ കഴിഞ്ഞാലുള്ള വിഹിതം തുലോം തുച്ഛമാണ്. വയോബജറ്റിന്റെ പ്രധാന ഹൈലൈറ്റ്‌സ് തഴെപ്പറയും പ്രകാരമാണ്:
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായ ജില്ല-ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ പ്ലാന്‍ ഫണ്ടിന്റെ 5% തുക വയോജനവികസന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കണം. ഇത് പകല്‍വീടുകളുടെ നിര്‍മ്മാണം, തുടര്‍പ്രവര്‍ത്തനങ്ങള്‍, വയോജനങ്ങള്‍ക്ക് സഹായകരമായ ഉപകരണങ്ങള്‍ നല്‍കല്‍, കലാ-കായിക ആഘോഷങ്ങളുടെ നടത്തിപ്പ് എന്നിവയ്‌ക്കൊക്കെ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിനായി 1341.72 കോടി രൂപ നീക്കിവെച്ചിരിക്കുന്നു.
നോണ്‍ പ്ലാന്‍ ഫണ്ടില്‍ 31,454 കോടി രൂപ സര്‍വീസ് പെന്‍ഷനും 11,591 കോടി രൂപ സാമൂഹികക്ഷേമ പെന്‍ഷനും വകയിരുത്തിയിരിക്കുന്നു. 17.18 കോടി രൂപ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനും 6.57 കോടി രൂപ സര്‍ക്കാര്‍ നേരിട്ടുനടത്തുന്ന വൃദ്ധസദനങ്ങള്‍ക്കും 4.05 കോടി രൂപ വയോജന കമ്മിഷനുമായി നീക്കിവച്ചിരിക്കുന്നു.
60 കഴിഞ്ഞവര്‍ക്ക് പ്രതിരോധശേഷി കുറയുന്നതുകൊണ്ടുള്ള പലവിധ അസുഖങ്ങള്‍ പിടിപെടാനുള്ള സാഹചര്യത്തെ ചെറുക്കുന്നതിനായി ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള ബി പി എല്‍ കുടുംബാംഗങ്ങള്‍ക്ക് ന്യുമോണിയ പ്രതിരോധ വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 50 കോടി രൂപ നീക്കിവെച്ചിരിക്കുന്നു. ഇപ്പോള്‍ സ്വകാര്യമേഖലയില്‍ ഇത്തരം വാക്‌സിനുകള്‍ 3,000-5000 രൂപയ്ക്കാണ് നല്‍കിവരുന്നത്.
നിലവിലുള്ള കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിക്ക് 900 കോടി രൂപ നീക്കിവെച്ചിരിക്കുന്നു. ഏകദേശം 44% വയോജനങ്ങള്‍ക്ക് പദ്ധതികൊണ്ട് ഗുണംലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
നഗരപ്രദേശത്തെ 65 പിന്നിട്ടവരുടെ ആരോഗ്യസുരക്ഷയ്ക്കുവേണ്ടിയുള്ള 'വയോമിത്രം' പദ്ധതി, സൗജന്യ ആരോഗ്യപരിശോധന, മൊബൈല്‍ ക്ലിനിക് എന്നിവയാണ് പദ്ധതിയിലൂടെ ലഭ്യമാകുന്നത്. ഇതിനായി 27.5 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
'ശ്യാമപ്രഭ' സ്‌കീം-60 പിന്നിട്ട ബി പി എല്‍ കുടുംബത്തിലെ അംഗങ്ങള്‍ക്ക് പല്ല് മാറ്റിവയ്ക്കുന്ന (മന്ദഹാസം സ്‌കീം) പദ്ധതിയും ഷുഗര്‍ രോഗികള്‍ക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ നല്‍കുന്ന പദ്ധതിയും (വയോമധുരം) നടപ്പിലാക്കും. ഇതിനായി 14 കോടി നീക്കിവച്ചിരിക്കുന്നു.
ഡിമെന്‍ഷ്യ കെയര്‍ പ്രോഗ്രാം, ഓര്‍മ്മ നഷ്‌പ്പെട്ട രോഗികളെ പരിചരിക്കുന്നതിനുവേണ്ടിയുള്ള പ്രത്യേക സഹായം. ഇപ്പോള്‍ തൃശ്ശൂര്‍ജില്ലയിലെ കുന്നംകുളത്തും എറണാകുളംജില്ലയിലെ എടവനക്കാടുമായി രണ്ടുകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു.
എല്ലാ ജില്ലകളിലും റിട്ടയര്‍മെന്റ് ഹോമുകള്‍. വരുമാനമുള്ള വയോജനങ്ങള്‍ക്ക് സുരക്ഷിതമായി ആരോഗ്യവും സന്തോഷവും നിലനിര്‍ത്തി താമസസൗകര്യമൊരുക്കുന്നതിനുള്ള റിട്ടയര്‍മെന്റ് ഹോമുകള്‍ നിര്‍മ്മിക്കും. ഇവിടെ പ്രവേശനം സൗജന്യമായിരിക്കില്ല. എന്നാല്‍, പൂര്‍ണ്ണ ഗവണ്മെന്റ് നിയന്ത്രണത്തിലുമായിരിക്കും. എല്ലാ ജില്ലകളിലും ഇത്തരം റിട്ടയര്‍മെന്റ് ഹോമുകള്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്.
അഭയകേന്ദ്ര-കലാകാരന്മാര്‍ക്ക് ഹോം സ്റ്റേ പദ്ധതി. സാമൂഹികമായും സാമ്പത്തികമായും ഒറ്റപ്പെട്ടുപോയ നിര്‍ധനരായ കലാകാരന്മാര്‍ക്കുവേണ്ടിയുള്ള പ്രത്യേക പദ്ധതി. സൗജന്യ ഭക്ഷണവും താമസവും അവരുടെ കലാപ്രകടനങ്ങള്‍ക്കുള്ള അവസരവും ഇവിടെ ലഭിക്കും.
വയോജന ബജറ്റ് അവരുടെ പ്രശ്‌നങ്ങളെ സമഗ്രമായി വിലയിരുത്തുന്നില്ലായെന്നതും ബജറ്റ് അലോക്കേഷന്‍ വളരെ തുച്ഛമാണെന്നതും അവിതര്‍ക്കിതമായ കാര്യമാണ്. കേരളത്തിലെ 60 പിന്നിട്ട 70 ലക്ഷം ജനങ്ങളെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു ബജറ്റല്ല ഇത്. എന്നാല്‍, 2036-ല്‍ നാലിലൊന്ന് കേരളീയനും 60നു മുകളിലാകുന്ന സാഹചര്യത്തെ നേരിടാനുള്ള 20 വര്‍ഷംമുമ്പുള്ള ആദ്യ ചുവടുവെയ്പ്പായി നമുക്ക് ഈ ബജറ്റിനെ വിലയിരുത്താം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 5% പ്ലാന്‍ഫണ്ട് നീക്കിവയ്ക്കല്‍, ന്യുമോണിയ തടയുന്നതിനുള്ള വാക്‌സിനേഷന്‍, വയോജന കമ്മിഷന്‍, കലാകാരന്മാര്‍ക്കുള്ള ഹോം സ്റ്റേ പദ്ധതി, റിട്ടയര്‍മെന്റ് ഹോം പദ്ധതി എന്നിവ മാത്രമാണ് പുതിയ പദ്ധതിയെന്നു പറയാവുന്നത്. ഇതിനു നീക്കിവെച്ചിരിക്കുന്ന തുക തുലോം തുച്ഛവുമാണ്. ബജറ്റ് അലോക്കേഷന്‍ ഇല്ലാതെതന്നെ സാമൂഹിക ഇടപെടലുകളിലൂടെ സംസ്ഥാനത്തെ വയോസൗഹൃദമാക്കാന്‍ കഴിയും. അത്തരമൊരു നിര്‍ദേശമൊന്നും ബജറ്റിലില്ല. വയോസൗഹൃദനയത്തിലൂടെയും വയോജന കമ്മിഷനിലൂടെയും ഇതിനായുള്ള നിര്‍ദേശങ്ങള്‍ വരുമെന്നുതന്നെ കരുതാം.
വയോജനസൗഹൃദമാക്കുകയെന്നാല്‍, വയോജനങ്ങളോട് സൗഹൃദപരമായ സമീപനവും പെരുമാറ്റവും ഉണ്ടാകുക എന്നതുകൂടിയാണ്. ബസ്സില്‍, ട്രെയിനില്‍, ഓഫീസുകളില്‍, ആശുപത്രികളില്‍, പാര്‍ക്കില്‍, റോഡില്‍ തുടങ്ങിയ പൊതുഇടങ്ങളില്‍ വയോസൗഹൃദമായി എങ്ങനെ ഇടപെടണമെന്ന് സമൂഹത്തെ പരിശീലിപ്പിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വികസനമെന്നത് ഉല്‍പാദനവര്‍ധന മാത്രമല്ല, ജനങ്ങള്‍ക്ക് സൗഹാര്‍ദമായും സന്തോഷകരമായും ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയെന്നതുകൂടിയാണ്. ഇതിനായുള്ള പരിപാടികള്‍ക്ക് നേതൃത്വംകൊടുക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരുകള്‍ക്കും സാമൂഹികസംഘടനകള്‍ക്കുമുണ്ട്. വയോസൗഹൃദജീവിതമെന്നത് പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. മുന്‍കാലങ്ങളിലെപ്പോലെ പാരമ്പര്യമായ വയോപരിപാലന സാഹചര്യം ഇപ്പോള്‍ നിലവിലില്ല. അണുകുടുംബത്തില്‍നിന്ന് കണ്ടുപഠിച്ച് മുന്നോട്ടുപോകേണ്ട സമീപനമുണ്ടാകേണ്ടതില്ല. അതുകൊണ്ടാണ് ഇതും പാഠ്യപദ്ധതിയുടെ ഭാഗമായി പഠിപ്പിക്കേണ്ടിവരുന്നത്.
സാമൂഹികരംഗങ്ങളിലും പൊതുഇടങ്ങളിലും വയോസൗഹൃദമായ സാഹചര്യം രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. റസിഡന്റ്‌സ് അസോസിയേഷന്‍ വ്യാപകമാക്കല്‍, വയോജനക്ലബ്ബുകളുടെ രൂപവൽക്കരണം, വയോജന ഗ്രാമസഭകള്‍, വാര്‍ഡുതോറുമുള്ള ഓപ്പണ്‍ ജിമ്മുകള്‍, ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് വയോജനങ്ങളെ ബോധ്യപ്പെടുത്തല്‍, ഭക്ഷണത്തെക്കുറിച്ചുള്ള അറിവും മാറ്റംവരുത്തേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്ന പരിപാടികള്‍ തുടങ്ങിയ ഒട്ടേറെ സാമൂഹിക ഇടപെടലുകള്‍ പ്രാദേശികതലങ്ങളില്‍ ഉണ്ടായിവരേണ്ടതുണ്ട്.
പ്രാദേശികസർക്കാരുകള്‍ക്കാണ് വയോസൗഹൃദസമൂഹം എന്ന കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കാന്‍ കഴിയുക. സാമൂഹികമായും സാമ്പത്തികമായും ആരോഗ്യകരമായും വയോജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്നവിധത്തിലുള്ള പദ്ധതികള്‍ക്ക് രൂപംകൊടുക്കാന്‍ പ്രാദേശിക സർക്കാരുകള്‍ക്ക് കഴിയേണ്ടതുണ്ട്. ഇതിന്റെ ആദ്യപടിയായി തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ഓഫീസുകളെല്ലാം വയോസൗഹൃദമാക്കുകയാണ് ചെയ്യേണ്ടത്. 60 പിന്നിട്ട എല്ലാവര്‍ക്കും തങ്ങള്‍ക്ക് ബന്ധപ്പെടേണ്ടിവരുന്ന ഓഫീസുകളെല്ലാം സൗഹൃദപരമായിരുന്നുവെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള മാറ്റങ്ങളുണ്ടാകണം. ഓഫീസിലേക്ക് ഫോണ്‍ചെയ്താല്‍പ്പോലും അതിന്മേലുള്ള പ്രതികരണം സൗഹാര്‍ദത്തോടെയും ആത്മാര്‍ഥതയോടെയുമാകണം. കക്ഷിരാഷ്ട്രീയത്തിനതീതമായി ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയണം. ആരോഗ്യമുള്ളകാലംവരെ ഇഷ്ടപ്പെട്ട സാമ്പത്തിക പുരോഗതിയുണ്ടാകുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നതോടൊപ്പം ശാരീരികവും മാനസികവുമായ ഉല്ലാസത്തോടെ ജീവിക്കാന്‍ കഴിയണം. തങ്ങളുടെ ഗ്രാത്തിലെ ജനങ്ങളെ ഏതുവിധത്തിലൊക്കെ സഹായിക്കാമെന്നതാകണം പ്രാദേശികസർക്കാരുകളുടെ പദ്ധതികളുടെ ലക്ഷ്യം. തീര്‍ച്ചയായും അത്തരമൊരു നേട്ടമുണ്ടാന്‍ നമുക്ക് കഴിയുമെന്നാണ് മുന്‍കാല അനുഭവങ്ങള്‍ പറയുന്നത്. ഇതിനായുള്ള ആദ്യത്തെ ചുവടുവെയ്പ്പായി കേരളത്തിലെ ഈ വയോജനസൗഹൃദ ബജറ്റിനെ നമുക്ക് പ്രതീക്ഷിക്കാം.
അഭിപ്രായങ്ങൾ (0)