• മരണാനന്തര അവയവ ദാനത്തിന്റെ പ്രാധാന്യവും സാങ്കേതികത്വവും
  • മസ്തിഷ്കമരണം എന്താണെന്നും അതെങ്ങനെ സ്ഥിരീകരിക്കുമെന്നും വിശദീകരിക്കുന്നു
  • മസ്തിഷ്കമരണം സംഭവിച്ച ഒരാളുടെ അവയവദാനം എങ്ങനെ നിര്‍വഹിക്കുമെന്ന് വിശദമാക്കുന്നു

ആലിൻ ഷെറിൻ എന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിൻ്റെ നിഷ്കളങ്കമായ ചിരിയും അവൾക്കുണ്ടായ അപകടമരണം ഉണർത്തിവിട്ട പലപല സംവാദങ്ങളും ചുറ്റും നിറഞ്ഞു നിൽക്കുന്ന സാഹചര്യമാണല്ലോ. അവയവദാനം രണ്ടുവിധമുണ്ടെന്ന് നമുക്കറിയാം - ജീവനുള്ള ഒരാൾ തൻ്റെ അവയവം ദാനം ചെയ്യുന്നതും മരണാനന്തര അവയവദാനവും. ഇതിൽ മരണാനന്തരമുള്ള അവയവദാനത്തെ പറ്റി മാത്രമാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

മരണാനന്തര അവയവദാന (Deceased Organ Donation) മെന്നത് ഒരാളുടെ മരണശേഷം അദ്ദേഹത്തിന്റെ ആരോഗ്യപ്രദമായ അവയവങ്ങൾ മറ്റൊരാൾക്ക് വെച്ചുപിടിപ്പിക്കുന്ന പ്രക്രിയയാണ്. ശാസ്ത്രം കൈവരിച്ച വിസ്മയകരമായ പുരോഗതിയും മനുഷ്യന്റെ സഹാനുഭൂതിയും ഒരേബിന്ദുവിൽ സംഗമിക്കുന്ന അപൂർവമായ ഇടമാണ് അവയവദാനം. കേവലം ഒരു ശസ്ത്രക്രിയ എന്നതിലുപരി, ഒരാളുടെ അന്ത്യം മറ്റൊരാളുടെ അതിജീവനമായിമാറുന്ന ഈ പ്രക്രിയയെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കേണ്ടതുണ്ട്. മരണാനന്തര അവയവദാനത്തെപ്പറ്റി ചർച്ചചെയ്യുമ്പോൾ പറയേണ്ട ഒന്നാണ് മരണത്തെ നിർവചിക്കുന്നതിൽ ശാസ്ത്രം മുന്നോട്ടുവച്ച വലിയൊരു മാറ്റത്തെപ്പറ്റി. ഹൃദയമിടിപ്പ് നിലയ്ക്കുന്നത് മാത്രമല്ല, മസ്തിഷ്കം പ്രവർത്തനരഹിതമാകുന്നതും മരണമാണെന്ന തിരിച്ചറിവാണ് (Brain Death Declaration) അവയവമാറ്റ ശസ്ത്രക്രിയയിൽ വിപ്ലവംസൃഷ്ടിച്ചത്. മസ്തിഷ്കമരണം സംഭവിച്ച ഒരാളുടെ ഹൃദയവും മറ്റവയവങ്ങളും തുടിച്ചുകൊണ്ടിരിക്കുന്നുണ്ട്. അത് മറ്റൊരു ശരീരത്തിൽച്ചെന്ന് വീണ്ടുംമിടിക്കാൻ തുടങ്ങുന്നത് ജീവശാസ്ത്രപരമായ അദ്‌ഭുതമാണ്. അതുപോലെ, മറ്റൊരു വ്യക്തിയുടെ അവയവം ശരീരം തിരസ്കരിക്കാതിരിക്കാൻ സഹായിക്കുന്ന 'ഇമ്മ്യൂണോസപ്രസന്റ്' (Immunosuppressants) മരുന്നുകൾ ശാസ്ത്രം മനുഷ്യന് നൽകിയ മറ്റൊരു സമ്മാനമാണ്. ഈ രണ്ട് വ്യത്യസ്ത കണ്ടുപിടിത്തങ്ങളാണ് അവയവദാനം സാധ്യമാക്കിയതെന്ന് നിസ്സംശയം പറയാം.

മരണാനന്തര അവയവദാനത്തിൻ്റെ ആവശ്യകത

ഇന്ത്യയിൽ വൃക്ക, കരൾ, ഹൃദയം തുടങ്ങിയ പ്രധാനപ്പെട്ട അവയവങ്ങൾ പൂർണ്ണമായി തകരുന്ന അവസ്ഥ പല കാരണങ്ങൾകൊണ്ടും ദിനംപ്രതി വർധിക്കുന്നു. ദേശീയ അവയവദാന രജിസ്ട്രിപ്രകാരം ഇന്ത്യയിൽ 60,590 പേർ വൃക്കകൾക്കായും 18,724 പേർ കരളിനായും രജിസ്റ്റർചെയ്ത് കാത്തിരിക്കുകയാണ്. 2024-ലെ കണക്കുകളനുസരിച്ച് 18,900 ട്രാൻസ്പ്ളാൻ്റേഷൻ നടന്നിട്ടുണ്ട്. ഇത് താരതമ്യേന ഉയർന്നനമ്പറാണെങ്കിലും ലിവിങ് ഡോണർ ആണ് ഭൂരിഭാഗവും എന്നതാണ് സത്യം. മരണാനന്തരദാതാക്കൾ വെറും 1,128 പേർ മാത്രം. ദാനനിരക്ക്, 0.77/മില്യൺ പോപ്പുലേഷൻ (PMP) – ലോകത്ത് ഏറ്റവുംതാഴ്ന്ന നിരക്ക്. (സ്പെയിൻ 48, അമേരിക്ക 36).

കേരളത്തിൻ്റെ അവസ്ഥ നോക്കിയാലും വലിയ വ്യത്യാസമില്ല. വെയിറ്റിങ്ലിസ്റ്റ് (2025 ജനുവരി വരെ): 3,261 പേർ (കിഡ്നി 2,450, ലിവർ 659, ഹൃദയം 85, മറ്റുള്ളവ).

മരണാനന്തര ദാതാക്കൾ:

  • 2024: 11 പേർ
  • 2025: 25 പേർ (75 അവയവങ്ങൾ – 41 കിഡ്നി, 21 ലിവർ, 7 ഹൃദയം)
  • 2012–2024 മൊത്തം: 378 ദാതാക്കൾ (656 കിഡ്നി, 307 ലിവർ, 83 ഹൃദയം).

2015-ൽ ഒരു വർഷം 76 ദാതാക്കൾവരെ ഉണ്ടായിരുന്നു. ഇപ്പോൾ വീണ്ടും ഉയരുന്നുണ്ടെങ്കിലും തമിഴ്നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളുമായി താരതമ്യംചെയ്താൽ വളരെ പിന്നിലാണ് നമ്മൾ. ജീവിതശൈലീരോഗങ്ങൾ വർധിക്കുന്നതും പ്രായമായവരുടെ ജനസംഖ്യയിലുണ്ടായ വർധനയും കേരളത്തിൽ അവയവങ്ങൾക്കുള്ള ആവശ്യകത വർധിപ്പിക്കുകയും എന്നാൽ, വളരെ ചെറിയശതമാനം ആൾക്കാർമാത്രം ദാനംചെയ്യാൻ തയ്യാറാവുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അത് മാറണമെങ്കിൽ അവയവദാനത്തെപ്പറ്റിയുള്ള ശരിയായ അറിവുണ്ടാവുകയും തികച്ചും അശാസ്ത്രീയവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയുകയുംവേണം.

കേരളത്തിലെ അവയവദാന പദ്ധതിയായ ‘മൃതസഞ്ജീവനി’ക്ക് തുടക്കമായത് 2012-ലാണ്. അന്നുമുതലിങ്ങോട്ട് ഏറ്റവുംകൂടുതൽ മരണാനന്തര അവയവദാതാക്കളുണ്ടായത് 2015-ൽ. കഴിഞ്ഞ പത്തുവർഷത്തിൽ കേരളത്തിൻ്റെ അവയവ കാത്തിരിപ്പു പട്ടികയിൽ രജിസ്റ്റർ ചെയ്തത് പതിനായിരത്തിലധികം പേരാണ്. ഇതിൽനിന്നും 4000-ലധികം ആളുകളുടെ പേര് ഇതിനകം നീക്കംചെയ്യപ്പെട്ടു. ഇത്രയും വർഷംകൊണ്ട് കേരളത്തിൽ ആകെനടന്നത് 1039 മരണാനന്തര അവയവദാനമാണ്. അപ്പോൾ, 3000-ത്തോളം പേർക്ക് എന്തുസംഭവിച്ചു? അവർ മരിച്ചു പോയി എന്നതാണ് ഉത്തരം.

മരണാനന്തര അവയവദാനമെന്നത് ഒരാളുടെ മരണശേഷം ആരോഗ്യപ്രദമായ അവയവങ്ങള്‍ മറ്റൊരാള്‍ക്ക് വെച്ചുപിടിപ്പിക്കുന്ന പ്രക്രിയയാണ്. ശാസ്ത്രം കൈവരിച്ച വിസ്മയകമായ പുരോഗതിയും മനുഷ്യന്റെ സഹാനുഭൂതിയും ഒരേ ബിന്ദുവില്‍ സംഗമിക്കുന്ന അപൂര്‍വ്വമായ ഇടമാണ് അവയവദാനം. കേവലം ഒരു ശാസ്ത്രക്രിയ എന്നതിലുപരി, ഒരാളുടെ അന്ത്യം, മറ്റൊരാളുടെ അതിജീവനമായി മാറുന്ന ഈ പ്രക്രിയയെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്.

ഏതൊക്കെ അവയവങ്ങൾ ദാനംചെയ്യാം?

ഒരാൾക്ക് തൻ്റെ ഹൃദയം, ​രണ്ടു വൃക്കകൾ, കരൾ (കരൾ വിഭജിച്ച് രണ്ട് പേർക്ക് (സാധാരണ ഒരു മുതിർന്ന വ്യക്തിക്കും ഒരു കുട്ടിക്കും) നൽകാൻ സാധിക്കും), ​ശ്വാസകോശം (രണ്ട് ശ്വാസകോശങ്ങളും ദാനം ചെയ്യാം), പാൻക്രിയാസ്, ​ചെറുകുടൽ എന്നീ അവയവങ്ങൾ ദാനംചെയ്യാൻ കഴിയും. ദാനംചെയ്യാൻ കഴിയുന്ന ശരീരകലകൾ ഇവയാണ് - കണ്ണിലെ കോർണിയ, ചർമ്മം, അസ്ഥികൾ, ഹൃദയവാൽവുകൾ, രക്തക്കുഴലുകൾ, തരുണാസ്ഥികൾ (cartilage) എന്നിവ.

അവയവദാനത്തിന് കർക്കശമായ പ്രായപരിധി നിശ്ചയിച്ചിട്ടില്ല. അവയവങ്ങളുടെ ആരോഗ്യസ്ഥിതിക്കും ഗുണനിലവാരത്തിനുമാണ് വൈദ്യശാസ്ത്രം മുൻഗണന നൽകുന്നത്. നവജാതശിശുക്കൾ മുതൽ 75-80 വയസ്സുവരെയുള്ളവരിൽനിന്ന് അവയവങ്ങൾ സ്വീകരിച്ച ചരിത്രമുണ്ട്. എന്നാൽ, ഓരോ അവയവത്തിനും പ്രായവുമായി ബന്ധപ്പെട്ട ചില പൊതുവായ നിരീക്ഷണങ്ങളുണ്ട്. ഉദാഹരണത്തിന്, ഹൃദയം, ശ്വാസകോശം എന്നിവ സാധാരണയായി 50-60 വയസ്സിന് താഴെയുള്ളവരിൽനിന്നാണ് കൂടുതലായി സ്വീകരിക്കുന്നത്. വൃക്കകളും കരളും 70-75 വയസ്സുവരെയുള്ളവരിൽനിന്നുപോലും ആരോഗ്യകരമായരീതിയിൽ സ്വീകരിക്കാറുണ്ട്. ​കണ്ണുകൾ, ചർമ്മം എന്നിവയ്ക്ക് പ്രായം ഒരു തടസ്സമേയല്ല. 80 വയസ്സ് കഴിഞ്ഞവരിൽനിന്നുപോലും കണ്ണുകൾ സ്വീകരിക്കാറുണ്ട്.

സമൂഹത്തിൽ പ്രത്യേകിച്ചും, കേരളത്തിൽ മരണാനന്തര അവയവദാനം കുറയുന്നതിനുള്ള പ്രധാനകാരണം മസ്തിഷ്കമരണത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകളും സംശയങ്ങളുമാണ്. ചില സ്ഥാപിത താൽപര്യക്കാരും ചലച്ചിത്രങ്ങളും അതിന് കാരണമായിട്ടുണ്ടെന്നതും മറക്കുന്നില്ല. മസ്തിഷ്കമരണം എന്താണ്, എങ്ങനെയാണ് അത് തീരുമാനിക്കപ്പെടുന്നത് എന്നത് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്.

human organ 1

മസ്തിഷ്കമരണം നിർണ്ണയിക്കാനുള്ള മാനദണ്ഡങ്ങൾ

മസ്തിഷ്കകാണ്ഡം (Brainstem) ഉൾപ്പെടെയുള്ള മുഴുവൻ മസ്തിഷ്ക പ്രവർത്തനങ്ങളുടെയും തിരിച്ചുവരാനാകാത്ത വിധത്തിലുള്ള നിലയ്ക്കലിനെയാണ് മസ്തിഷ്കമരണമെന്നു വിളിക്കുന്നത്. നിയമപരമായും ധാർമ്മികമായും ഇത് ഹൃദയസ്തംഭനംമൂലമുള്ള മരണത്തിന് തുല്യമാണ്. മസ്തിഷ്കമരണം നിർണ്ണയിക്കുന്നത് പ്രധാനമായും ക്ലിനിക്കൽ പരിശോധനയിലൂടെയാണ്; ക്ലിനിക്കൽ പരിശോധനകൾ അനിശ്ചിതത്വത്തിലാകുകയോ അല്ലെങ്കിൽ പൂർണ്ണമായി ചെയ്യാൻ കഴിയാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ അനുബന്ധ പരിശോധനകൾ (Ancillary testing) ഉപയോഗിക്കാറുള്ളൂ.

മസ്തിഷ്കമരണ പരിശോധനയ്ക്ക് മുമ്പുള്ള നിബന്ധനകൾ

തലയ്ക്കേറ്റ പരിക്ക്, മസ്തിഷ്കത്തിലെ രക്തസ്രാവം, ഓക്സിജൻ ലഭിക്കാത്തതുമൂലമുള്ള മസ്തിഷ്കാഘാതം (Hypoxic-ischemic encephalopathy), അല്ലെങ്കിൽ വലിയ തോതിലുള്ള പക്ഷാഘാതം (Stroke) എന്നിങ്ങനെ മാറ്റമില്ലാത്തതും വ്യക്തവുമായ ഒരു കാരണം ബോധ്യപ്പെട്ടിരിക്കണം.

രോഗചരിത്രം (History), ന്യൂറോ ഇമേജിങ് അല്ലെങ്കിൽ ലാബ് പരിശോധനാഫലങ്ങൾ എന്നിവയിലൂടെ ഈ കാരണം ഉറപ്പാക്കിയിരിക്കണം.

കേന്ദ്ര നാഡീവ്യൂഹത്തെ തളർത്തുന്ന മരുന്നുകൾ: ഉറക്കഗുളികകൾ, അനസ്തേഷ്യ മരുന്നുകൾ എന്നിവ ശരീരത്തിൽനിന്ന് നീക്കംചെയ്യപ്പെടുകയോ അവയുടെ അളവ് വളരെ കുറവാണെന്ന് ഉറപ്പാക്കുകയോ വേണം. മദ്യം, മറ്റ് ലഹരിമരുന്നുകൾ എന്നിവയുടെ സ്വാധീനം ഉണ്ടാകരുത്. പേശികളെ തളർത്തുന്ന മരുന്നുകളുടെ (Neuromuscular blockers) സ്വാധീനമില്ലെന്നും ഉറപ്പാക്കണം.

ഹൈപ്പോതെർമ്മിയ പാടില്ല. ശരീരത്തിന്റെ ഉൾതാപനില 36°C-ൽ (96.8°F) കൂടുതലായിരിക്കണം. താപനില കുറവാണെങ്കിൽ ശരീരം ചൂടാക്കേണ്ടതുണ്ട്.

ഗുരുതരമായ എൻഡോക്രൈൻ/മെറ്റബോളിക് തകരാറുകൾ ഉണ്ടായിരിക്കരുത്. രക്തത്തിലെ പഞ്ചസാരയുടെ കുറവ് (Hypoglycemia), ലവണങ്ങളുടെ വ്യതിയാനം, കരൾ അല്ലെങ്കിൽ വൃക്ക സംബന്ധമായ തകരാറുകൾമൂലം ബോധക്ഷയമുണ്ടാക്കുന്ന അവസ്ഥകൾ എന്നിവ പരിഹരിക്കപ്പെട്ടിരിക്കണം.

ഇതൊന്നും ഇല്ലായെന്ന് ഉറപ്പാക്കിയശേഷം മസ്തിഷ്ക പ്രവർത്തനങ്ങളിൽ എന്തെങ്കിലും ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. അവ ഇവയാണ്,

ബാഹ്യമായ ഒന്നിനോടും പ്രതികരിക്കാതിരിക്കുക (Absence of Cerebral Responsiveness). വേദന, ശബ്ദം, പ്രകാശം തുടങ്ങി ഒന്നിനോടും. സുഷുമ്നാനാഡിവഴി നടക്കുന്ന റിഫ്ലെക്സുകൾ (Spinal reflexes) ചിലപ്പോൾ കണ്ടേക്കാം. പേശികളുടെ വലിവ് (Muscle stretch reflexes), പ്ലാന്റാർ എക്സ്റ്റെൻസർ റെസ്പോൺസ് (Babinski signs), അല്ലെങ്കിൽ 'ലാസറസ് സൈൻ' (Lazarus sign) പോലുള്ള സങ്കീർണ്ണമായ ചലനങ്ങളും മസ്തിഷ്ക മരണത്തിൽ കണ്ടേയ്ക്കാം. എന്നാൽ, സ്വമേധയായുള്ള ചലനങ്ങളോ വേദനയോടുള്ള പ്രതികരണമായോ മസ്തിഷ്ക മരണത്തിൽ ഉണ്ടാകാൻ പാടില്ലാത്ത കഠിനമായ പേശി മുറുക്കങ്ങളോ (Decerebrate or decorticate rigidity) ഉണ്ടാകാൻ പാടില്ല.

organ4

ബ്രെയിൻസ്റ്റം റിഫ്ലെക്സുകളുടെ അഭാവം (Absence of Brainstem Reflexes)

  • Pupillary reflex: കടുത്ത വെളിച്ചം അടിക്കുമ്പോൾ കൃഷ്ണമണി പ്രതികരിക്കാതെയോ വികസിച്ചോ ഉറച്ചുനിൽക്കുന്നു.
  • Oculocephalic reflex (Doll's eyes): തല വേഗത്തിൽ വശങ്ങളിലേക്ക് തിരിക്കുമ്പോൾ കണ്ണുകൾ അതിനൊപ്പം ചലിക്കാതെ നേരെ നിൽക്കുന്നു
  • Vestibulo-ocular (caloric) reflex: 30 ഡിഗ്രി തല ഉയർത്തിവെച്ച് ഓരോ ചെവിയിലും 50 മില്ലി ഐസ് വെള്ളം ഒഴിക്കുമ്പോൾ കണ്ണുകൾ അനങ്ങാതെ നിൽക്കണം.
  • Corneal reflex: കണ്ണിൻ്റെ കോർണിയയിൽ പഞ്ഞി കൊണ്ടോ മറ്റോ സ്പർശിക്കുമ്പോൾ കണ്ണ് ചിമ്മുന്നില്ല.
  • Oropharyngeal reflexes: തൊണ്ടയിലോ ശ്വാസനാളത്തിലോ സ്പർശിക്കുമ്പോൾ ചുമയോ മറ്റോ ഉണ്ടാകുന്നില്ല.

അപ്നിയ ടെസ്റ്റിങ് (Apnea Testing)

മസ്തിഷ്കമരണം ഉറപ്പിക്കുന്നതിനുള്ള ഏറ്റവും പ്രധാന ടെസ്റ്റാണിത്. രക്തത്തിൽ കാർബൺ ഡൈഓക്സൈഡ് വർധിപ്പിക്കുമ്പോൾ ശ്വസനപ്രക്രിയ നടക്കുന്നുണ്ടോയെന്ന് നോക്കുന്ന പരിശോധനയാണിത്. മസ്തിഷ്കമരണം സംശയിക്കുന്ന രോഗികളിൽ ആറ് മണിക്കൂർ ഇടവേളയിൽ രണ്ടുതവണ ഈ ടെസ്റ്റ്ചെയ്ത് പോസിറ്റീവാണെന്ന് ഉറപ്പാക്കിയശേഷമാണ് രോഗി ബ്രെയിൻ ഡെഡ് ആണെന്ന് പ്രഖ്യാപിക്കുന്നത്.

അപ്നിയ ടെസ്റ്റിന് മുമ്പുള്ള മുൻകരുതലുകൾ: ശരീര താപനില 36°C-ന് മുകളിൽ വേണം, സിസ്റ്റോളിക് ബിപി 90 mmHg എങ്കിലും വേണം.

ചെയ്യുന്ന രീതി: രോഗിക്ക് 100% ഓക്സിജൻ നൽകി വെന്റിലേറ്ററിൽനിന്ന് 8-10 മിനിറ്റ് നേരത്തേക്ക് മാറ്റുന്നു. ശ്വസനശ്രമം നടക്കാതിരിക്കുകയും രക്തത്തിലെ കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവ് 60 mmHg ആകുകയും ചെയ്താൽ പരിശോധന പോസിറ്റീവാണ്. ഇതേ ടെസ്റ്റ് 6 മണിക്കൂർ കഴിഞ്ഞ് വീണ്ടും ചെയ്യുമ്പോഴും പോസിറ്റീവാണെങ്കിൽ മാത്രം മസ്തിഷ്കമരണം സ്ഥിരീകരിക്കും.

പലപ്പോഴും കേൾക്കുന്ന ഒരു അപവാദമാണ് അവയവ മാഫിയയെന്നത്. മനഃപൂർവം ബ്രയിൻ ഡെത്താക്കി അവയവമെടുക്കുന്നു എന്നൊക്കെ വിശ്വസിക്കുന്നവർ ധാരാളമാണ്. നമ്മൾ മനസ്സിലാക്കേണ്ടത്, അങ്ങനെചെയ്യുന്നത് ഏറെക്കുറെ അസാധ്യമാണെന്നതാണ്. കാരണം, ബ്രയിൻ ഡെത്ത് നമുക്ക് കൃത്രിമമായി ഉണ്ടാക്കാൻ പറ്റണമെന്നില്ല. തലച്ചോറിന് ഗുരുതരമായ പ്രശ്നമുണ്ടെന്ന് കരുതി രോഗി ബ്രയിൻ ഡെത്ത് ആയിത്തന്നെ മരിക്കണമെന്നില്ല. ബ്രയിൻ ഡെത്ത് ആവുന്നതിന് മുന്നേ ഹൃദയസ്തംഭനംവന്നോ ശ്വാസതടസംവന്നോ മരിക്കാനാണ് കൂടുതലും സാധ്യത. മരിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗി കടന്നുപോകുന്ന ഒരു പ്രത്യേക അവസ്ഥയാണ് മസ്തിഷ്കമരണം. അത് പ്രവചിക്കാനോ കൃത്രിമമായി സൃഷ്ടിക്കാനോ പ്രയാസമാണ്.

അനുബന്ധ (സ്ഥിരീകരണ) പരിശോധനകൾ

ക്ലിനിക്കൽ പരിശോധനകൾ പൂർണ്ണമായി ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലോ ചിലപ്പോൾ ചില നിയമപരമായ ആവശ്യങ്ങൾക്കോ മറ്റു പല ടെസ്റ്റുകളുംകൂടി ഉപയോഗിക്കാറുണ്ട്:

  • EEG: 30 മിനിറ്റ് നേരത്തെ റെക്കോർഡിങ്ങിൽ മസ്തിഷ്കത്തിലെ വൈദ്യുതചലനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുന്നു.
  • Cerebral Angiography: മസ്തിഷ്കത്തിലേക്കുള്ള രക്തയോട്ടം പൂർണ്ണമായും നിലച്ചുവെന്ന് തെളിയിക്കുന്നു. ഇതാണ് 'ഗോൾഡ് സ്റ്റാൻഡേർഡ്' ആയി കണക്കാക്കുന്നത്.
  • CT Angiography: സി ടി സ്കാനിലൂടെ രക്തക്കുഴലുകളിലെ തടസ്സം പരിശോധിക്കുന്നു.
  • Transcranial Doppler (TCD): ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് രക്തയോട്ടം പരിശോധിക്കുന്നു.
  • Radionuclide Studies: റേഡിയോ ആക്ടീവ് ഐസോടോപ്പുകൾ ഉപയോഗിച്ച് തലയ്ക്കുള്ളിലെ രക്തയോട്ടം പരിശോധിക്കുന്നു.

കുട്ടികളിൽ മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നത് കുറച്ചുകൂടി സങ്കീർണ്ണമാണ്. കുട്ടികളുടെ മസ്തിഷ്കം കൂടുതൽ വേഗത്തിൽ സുഖപ്പെടാൻ സാധ്യതയുള്ളതിനാലും (Neuroplasticity), വളർച്ചാഘട്ടത്തിൽ ആയതിനാലും അതീവ ജാഗ്രതയോടെയാണ് പരിശോധനകൾ നടത്തുന്നത്.

പ്രധാന വ്യത്യാസങ്ങൾ താഴെപ്പറയുന്നവയാണ്

മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിനായി നടത്തുന്ന രണ്ട് ക്ലിനിക്കൽ പരിശോധനകൾക്കിടയിലുള്ള സമയപരിധി കുട്ടികളുടെ പ്രായത്തിനനുസരിച്ച് മാറും. ​7 ദിവസം മുതൽ 1 മാസംവരെ പ്രായമുള്ളവരിൽ ആദ്യ പരിശോധന കഴിഞ്ഞ് 24 മണിക്കൂർ കഴിഞ്ഞുമാത്രമേ രണ്ടാമത്തെ പരിശോധന നടത്താവൂ. ​1 മാസം മുതൽ 18 വയസ്സ് വരെയുള്ളവരിൽ രണ്ട് പരിശോധനകൾക്കിടയിൽ കുറഞ്ഞത് 12 മണിക്കൂർ ഇടവേള ഉണ്ടായിരിക്കണം.

കേരളത്തിൽ മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നത് വളരെ കർശനമായ നിയമങ്ങൾക്കും സുതാര്യമായ നടപടിക്രമങ്ങൾക്കും വിധേയമായാണ്. 1994-ലെ Transplantation of Human Organs Act (THOA) പ്രകാരമാണ് ഇതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. കേരളസർക്കാർ 2020-ൽ പുറപ്പെടുവിച്ച പുതിയ മാർഗനിർദേശങ്ങൾ ഈ പ്രക്രിയ കൂടുതൽ കുറ്റമറ്റതാക്കി.

പ്രധാന നിയമങ്ങളും നിയന്ത്രണങ്ങളും താഴെ പറയുന്നവയാണ്:

  • മസ്തിഷ്ക മരണം നിർണ്ണയിക്കുന്ന പാനൽ

മസ്തിഷ്കമരണം സ്ഥിരീകരിക്കാൻ നാല് ഡോക്ടർമാർ അടങ്ങുന്ന ഒരു മെഡിക്കൽ ബോർഡ് പരിശോധന നടത്തണം. ഈ പാനലിൽ താഴെപ്പറയുന്നവർ ഉണ്ടായിരിക്കണം:

  • ആശുപത്രി സൂപ്രണ്ട്/ഇൻ-ചാർജ്: അവയവദാനം നടക്കുന്ന ആശുപത്രിയിലെ ഭരണപരമായ ചുമതലയുള്ള ഡോക്ടർ.
  • അംഗീകൃത ഡോക്ടർ: സർക്കാർ നിശ്ചയിച്ചിട്ടുള്ള പാനലിൽനിന്നുള്ള ഒരു ഡോക്ടർ (ഇദ്ദേഹം ആ ആശുപത്രിക്ക് പുറത്തുള്ള ആളായിരിക്കണം).
  • വിദഗ്ദ്ധ ഡോക്ടർ: ഒരു ന്യൂറോളജിസ്റ്റ് അല്ലെങ്കിൽ ന്യൂറോ സർജൻ. (ഇവർ ലഭ്യമല്ലെങ്കിൽ ഒരു സർജൻ, ഫിസിഷ്യൻ, അനസ്തറ്റിസ്റ്റ് എന്നിവരിൽ ഒരാളാകാം - എന്നാൽ, ഇവർക്ക് മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ചിരിക്കണം).
  • ചികിത്സിക്കുന്ന ഡോക്ടർ: രോഗിയെ ചികിത്സിച്ചുകൊണ്ടിരിക്കുന്ന ഡോക്ടർ.
  • പ്രധാന നിബന്ധന: ഈ പാനലിലുള്ള ഒരു ഡോക്ടറും അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്ന ടീമിലെ അംഗമാകാൻ പാടില്ല.
  • 2012 ഓഗസ്റ്റ് 12-നാണ് കേരളസർക്കാർ 'മൃതസഞ്ജീവനി' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. മസ്തിഷ്കമരണം സംഭവിച്ച വ്യക്തികളിൽനിന്നുള്ള അവയവദാനം പ്രോത്സാഹിപ്പിക്കുകയും അത് സുതാര്യമായി ഏകോപിപ്പിക്കുകയും ചെയ്യുകയെന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.

സുതാര്യത: അവയവം ആവശ്യമുള്ളവരുടെ ഒരു മുൻഗണനാ പട്ടിക (Waiting List) തയ്യാറാക്കുകയും, അതനുസരിച്ചുമാത്രം അവയവങ്ങൾ വിതരണംചെയ്യുകയും ചെയ്യുന്നു.

​അവയവ വിതരണം: ഒരു വ്യക്തി മസ്തിഷ്കമരണമടഞ്ഞാൽ, ആ വിവരം ഉടൻ മൃതസഞ്ജീവനി യൂണിറ്റിൽ അറിയിക്കണം. തുടർന്ന്, പട്ടികയിലുള്ള ഏറ്റവും അർഹരായവർക്ക് അവയവങ്ങൾ എത്തിക്കുന്നു.

​K-SOTTO (Kerala State Organ and Tissue Transplant Organization). ഇതിൻ്റെ മറ്റൊരു പേരാണ് മൃതസഞ്ജീവനി.

​അവയവദാന പ്രക്രിയയെ ദേശീയതലത്തിലുള്ള സംവിധാനവുമായി (NOTTO) ബന്ധിപ്പിക്കുന്നതിനായി കേരളസർക്കാർ രൂപവൽക്കരിച്ച ഔദ്യോഗിക നോഡൽ ഏജൻസിയാണ് K-SOTTO. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസ്ഥാനമായാണ് ഇത് പ്രവർത്തിക്കുന്നത്. കേന്ദ്രനിയമമായ THOA (Transplantation of Human Organs Act) അനുസരിച്ച് ഓരോ സംസ്ഥാനത്തും ഒരു നോഡൽ ഏജൻസി വേണം. ഇതിന്റെ ഭാഗമായാണ് കേരളത്തിൽ K-SOTTO നിലവിൽ വന്നത്.

​ചുമതലകൾ: കേരളത്തിലെ അവയവ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾക്ക് മേൽനോട്ടംവഹിക്കുക.

ആശുപത്രികൾക്ക് അവയവദാനത്തിനുള്ള ലൈസൻസ് നൽകുക.

​മസ്തിഷ്കമരണം സ്ഥിരീകരിക്കുന്ന ഡോക്ടർമാരുടെ പാനലിനെ നിശ്ചയിക്കുക.

അവയവദാനത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുക

  • വീഡിയോ റെക്കോർഡിങ്: മസ്തിഷ്കമരണം സ്ഥിരീകരിക്കുന്ന പരിശോധനകൾ (പ്രത്യേകിച്ച്, അപ്നിയ ടെസ്റ്റ്) വീഡിയോയിൽ പകർത്തണമെന്ന് കേരളത്തിലെ നിയമം അനുശാസിക്കുന്നുണ്ട്. ഇത് സുതാര്യത ഉറപ്പാക്കാനാണ്. ആ വീഡിയോ 10 വർഷമെങ്കിലും സൂക്ഷിക്കുകയും വേണം.

പലപ്പോഴും കേൾക്കുന്ന ഒരു അപവാദമാണ് അവയവ മാഫിയയെന്നത്. മനഃപൂർവം ബ്രയിൻ ഡെത്താക്കി അവയവമെടുക്കുന്നു എന്നൊക്കെ വിശ്വസിക്കുന്നവർ ധാരാളമാണ്. നമ്മൾ മനസ്സിലാക്കേണ്ടത്, അങ്ങനെചെയ്യുന്നത് ഏറെക്കുറെ അസാധ്യമാണെന്നതാണ്. കാരണം, ബ്രയിൻ ഡെത്ത് നമുക്ക് കൃത്രിമമായി ഉണ്ടാക്കാൻ പറ്റണമെന്നില്ല. തലച്ചോറിന് ഗുരുതരമായ പ്രശ്നമുണ്ടെന്ന് കരുതി രോഗി ബ്രയിൻ ഡെത്ത് ആയിത്തന്നെ മരിക്കണമെന്നില്ല. ബ്രയിൻ ഡെത്ത് ആവുന്നതിന് മുന്നേ ഹൃദയസ്തംഭനംവന്നോ ശ്വാസതടസംവന്നോ മരിക്കാനാണ് കൂടുതലും സാധ്യത. മരിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗി കടന്നുപോകുന്ന ഒരു പ്രത്യേക അവസ്ഥയാണ് മസ്തിഷ്കമരണം. അത് പ്രവചിക്കാനോ കൃത്രിമമായി സൃഷ്ടിക്കാനോ പ്രയാസമാണ്. മാഫിയ പ്രവർത്തിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അത് ജീവനുള്ള ദാതാക്കളിലാണ്. പണമോ മറ്റോ വാഗ്ദാനംചെയ്തും പറ്റിച്ചുമൊക്കെ അവർ പ്രവർത്തിക്കുന്നുണ്ടാവാം. അത്തരം മാഫിയകളെ ഒഴിവാക്കാൻ ഏറ്റവും നല്ല മാർഗം മസ്തിഷ്കമരണാനന്തരമുള്ള അവയവദാനം പ്രോത്സാഹിപ്പിക്കുകയാണ്.

K-SOTTO

ഇനി നിങ്ങൾക്കും ഒരു മരണാനന്തര അവയവദാതാവായി ഇപ്പൊഴേ രജിസ്റ്റർ ചെയ്യാനുള്ള വഴികൾ താഴെ പറയുന്നവയാണ്:

​1. ഓൺലൈൻ രജിസ്ട്രേഷൻ (K-SOTTO വഴി)

​കേരളസർക്കാർ രൂപവൽക്കരിച്ച KSOTTO വഴിയാണ് ഇപ്പോൾ ഔദ്യോഗികമായി സമ്മതപത്രം നൽകേണ്ടത്. ഏത് പ്രായത്തിലുള്ളവർക്കും അവയവദാനത്തിന് സമ്മതപത്രം നൽകാം. എന്നാൽ, 18 വയസ്സിന് താഴെയുള്ളവർക്ക് മാതാപിതാക്കളുടെ സമ്മതം വേണം.

വെബ്സൈറ്റ്: K-SOTTO-യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക (ഇത് ദേശീയ ഏജൻസിയായ NOTTO-യുമായി ബന്ധിപ്പിച്ചിരിക്കുന്നു).

MRITHASANJEEVANI-0

രജിസ്റ്റർ ചെയ്യുക: നിങ്ങളുടെ പേര്, വിലാസം, ആധാർ നമ്പർ, ഫോൺ നമ്പർ എന്നിവനൽകി രജിസ്റ്റർ ചെയ്യാം.

അവയവങ്ങൾ തിരഞ്ഞെടുക്കുക: മരണശേഷം ഏതൊക്കെ അവയവങ്ങൾ ദാനംചെയ്യാൻ തയ്യാറാണെന്ന് (ഉദാഹരണത്തിന്: കണ്ണ്, ഹൃദയം, വൃക്ക, കരൾ തുടങ്ങിയവ) അവിടെ രേഖപ്പെടുത്താം.

​ഡോണർ കാർഡ്: രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ഒരു ഡിജിറ്റൽ Donor Card ലഭിക്കും. ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

​2. ഓഫ്‌ലൈൻവഴി

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ K-SOTTO ഓഫീസിൽനിന്നോ പ്രധാന സർക്കാർ ആശുപത്രികളിൽനിന്നോ സമ്മതപത്രം (Pledge Form) വാങ്ങി പൂരിപ്പിച്ചുനൽകാം.

​കണ്ണ് ദാനംചെയ്യാൻ താൽപര്യമുള്ളവർക്ക് അടുത്തുള്ള ഐ ബാങ്കുകളിലും (Eye Banks) രജിസ്റ്റർ ചെയ്യാവുന്നതാണ്.

​3. കുടുംബാംഗങ്ങളെ അറിയിക്കുക (ഏറ്റവും പ്രധാനം)

​നിയമപരമായി നിങ്ങൾ ഒരു ഡോണർ കാർഡ് കൈവശംവെച്ചാലും, മസ്തിഷ്കമരണം സംഭവിക്കുന്ന സാഹചര്യത്തിൽ അവയവദാനത്തിന് നിങ്ങളുടെ അടുത്ത ബന്ധുക്കളുടെ സമ്മതം അത്യന്താപേക്ഷിതമാണ്. അതുകൊണ്ട്, നിങ്ങൾ അവയവദാനത്തിന് തയ്യാറാണെന്നകാര്യം നിങ്ങളുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും മുൻകൂട്ടി പറഞ്ഞുവെയ്ക്കുക. അന്തിമതീരുമാനമെടുക്കേണ്ടത് അവരാണ്.

നമ്മൾ മരിച്ചുകഴിഞ്ഞാൽ ചാരമായോ പുഴുവരിച്ചോ നശിച്ചുപോകുന്ന ഒരു അവയവം മറ്റൊരു മനുഷ്യന് തൻ്റെ ജീവനും ജീവിതവും തിരികെനൽകാൻ ഉപകരിക്കുമെങ്കിൽ അതിൽപ്പരം വലിയ മനുഷ്യനന്മ എന്താണുള്ളത്? തുടക്കത്തിൽ പറഞ്ഞതുപോലെ ശാസ്ത്രവും മനുഷ്യത്വവും അതിൻ്റെ ഏറ്റവും ഉത്തുംഗതയിൽ നിൽക്കുന്ന അപൂർവനേട്ടമാണ് അവയവദാനമെന്നും അത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും ഒന്നുകൂടി ഓർമ്മിപ്പിക്കട്ടെ.

About the Author

ഡോ. മനോജ് വെള്ളനാട്

പ്രശസ്ത ന്യൂറോ സര്‍ജനും കഥാകൃത്തും

അഭിപ്രായങ്ങൾ (0)

അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ദയവായി .
ആദ്യമായി ഒരു അഭിപ്രായം രേഖപ്പെടുത്തൂ!